കാറുകളിൽ കാൻസറിന് കാരണമാകുന്ന കെമിക്കലുകൾ; കരുതൽ വേണമെന്ന് പഠനം


കാറിനുള്ളിലെ കാൻസറിന് കാരണമാകുന്ന രാസവസ്തുക്കളേക്കുറിച്ച് പഠനം നടത്തി ​ഗവേഷകർ. കാറിനുള്ളിൽ ഇരിക്കുമ്പോൾ ആളുകൾ കാൻസറിനിടയാക്കുന്ന രാസവസ്തുക്കൾ ശ്വസിക്കുകയാണെന്നും കരുതൽവേണമെന്നും എൻവയോൺമെന്റൽ സയൻസ് ആന്റ് ടെക്നോളജിയിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.

2015-നും 2022-നും ഇടയിൽ പുറത്തിറക്കിയ കാറുകളിലെ ക്യാബിൻ എയർ പരിശോധിച്ചാണ് പഠനം നടത്തിയത്. തുടർ‌ന്നാണ് 99 ശതമാനം കാറുകളിലും TCIPP എന്ന ഫ്ലെയിം റിട്ടാർ‍ഡന്റ് അഥവാ തീപടരുന്നത് തടയാനും മന്ദ​ഗതിയിലാക്കാനും ഉപയോ​ഗിക്കുന്ന വിവിധ രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തിയത്. അമേരിക്കയിലെ നാഷണൽ ടോക്സിക്കോളജി പദ്ധതിയുടെ ഭാ​ഗമായി കാൻസർ സാധ്യതാ ഘടകങ്ങളുടെ പരിധിയിൽ അന്വേഷണം നടത്തുന്ന കെമിക്കലാണിത്.

മിക്ക കാറുകളിലും , TDCIPP and TCEP എന്നീ രണ്ട് ഫ്ലെയിം റിട്ടാർഡന്റുകളുണ്ടെന്നും ഇവ കാൻസറിന് കാരണമാകുന്നവയാണെന്ന് നേരത്തേ കണ്ടെത്തിയവയാണെന്നും പഠനത്തിൽ പറയുന്നു. മാത്രമല്ല ഇവ നാഡീസംബന്ധമായ തകരാറുകളും പ്രത്യുത്പാദന പ്രശ്നങ്ങളും ഉണ്ടാക്കാമെന്ന് ​ഗവേഷകർ പറയുന്നു. കാലിഫോർണിയയിലെ ​ഗ്രീൻ സയൻസ് പോളിസി ഇൻസ്റ്റിറ്റ്യൂട്ടിലെ ​ഗവേഷകരാണ് പഠനത്തിനു പിന്നിൽ.

ദിവസവും കുറഞ്ഞത് ഒരുമണിക്കൂറെങ്കിലും കാറിനുള്ളിൽ സമയം ചെലവഴിക്കുന്നത് കണക്കിലെടുത്താൽ തന്നെ ഇതൊരു പൊതുജനാരോ​ഗ്യ പ്രശ്നമായി സമീപിക്കണമെന്ന് ​ഡ്യൂക് സർവകലാശാലയിലെ ​ഗവേഷകനും ടോക്സിക്കോളജി സയന്റിസ്റ്റുമായ റെബേക്ക ഹോയിൻ പറഞ്ഞു. ദീർഘദൂര യാത്രകൾ നടത്തുന്നവരിലും കുട്ടികളിലുമാണ് അപകടസാധ്യത കൂടുതൽ.

ചൂടുകൂടുമ്പോൾ കാറിലെ മെറ്റീരിയലുകളിൽ നിന്ന് കെമിക്കൽസ് പുറപ്പെടുവിക്കുന്നത് കൂടുതലായതിനാൽ വേനൽക്കാലത്ത് വിഷമയമായ ഈ ഫ്ലെയിം റിട്ടാർഡന്റുകളുടെ തോത് കൂടുതലാണെന്നും ​ഗവേഷകർ പറയുന്നു. ക്യാബിൻ എയറിലുള്ള കാൻസറിന് കാരണമാകുന്ന ഘടകങ്ങളുടെ ഉറവിടം സീറ്റ് ഫോമിൽ നിന്നാണെന്നും ​ഗവേഷകർ പറയുന്നുണ്ട്. തീപിടിത്ത സാധ്യത ഒഴിവാക്കാനാണ് നിർമാതാക്കൾ സീറ്റ് ഫോമുകളിൽ ഈ കെമിക്കലുകൾ ചേർക്കുന്നത്.

അ​ഗ്നിശമനാ സേനാം​ഗങ്ങൾക്കിടയിലെ കാൻസർ നിരക്കുകൾ വർധിക്കുന്നതിൽ ഫ്ലെയിം റിട്ടാർഡന്റുകൾക്ക് പങ്കുണ്ടോയെന്ന് ആശങ്കപ്പെടുന്നുവെന്ന് ഇന്റർനാഷണൽ അസോസിയേഷൻ ഓഫ് ഫയർ ഫൈറ്റേഴ്സിലെ ആരോ​ഗ്യവിഭാ​ഗം ഡയറക്ടർ പാട്രിക് മോറിസൺ പറയുന്നു. ഇത്തരം കെമിക്കലുകൾ തീപിടിത്ത സാധ്യത കുറയ്ക്കാൻ വളരെകുറച്ച് മാത്രമേ സഹായിക്കൂ എന്നും മിക്ക സാഹചര്യങ്ങളിലും പുക കൂടുതൽ വമിക്കാനും വിഷമയമാകാനുമാണ് കാരണമാകുക എന്നും അദ്ദേഹം പറഞ്ഞു.

ഇത്തരം ടോക്സിക്കായ ഫ്ലെയിം റിട്ടാർ‍ഡെന്റുകൾ യഥാർഥത്തിൽ ​കാറിനുള്ളിൽ പ്രത്യേക ​ഗുണങ്ങളൊന്നും നൽകുന്നില്ലെന്നും ​ഗവേഷകർ പറയുന്നുണ്ട്. ഈ കെമിക്കലുകളിൽ നിന്ന് ഒരുപരിധിവരെയെങ്കിലും രക്ഷനേടാനുള്ള വഴിയേക്കുറിച്ചും ​ഗവേഷകർ പറയുന്നുണ്ട്. കാറിലെ വിൻഡോകൾ തുറന്നുവച്ചും തണലുകളിലോ ​ഗാരേജുകളിലോ പാർക്ക് ചെയ്തുമൊക്കെ മേൽപ്പറഞ്ഞ കെമിക്കലുകളുടെ പ്രവാഹം കുറയ്ക്കാമെന്നാണ് പറയുന്നത്. അപ്പോഴും ഇവയുടെ സാന്നിധ്യം കാറുകളിൽ നിലനിൽക്കുന്നുവെന്നതാണ് യഥാർഥത്തിൽ പരിഹാരം കാണേണ്ട പ്രശ്നമെന്നും അവർ പറയുന്നുണ്ട്.


Read Previous

സര്‍ക്കാരിന്‍റെയും ഡ്രൈവിങ് സ്‌കൂളുകാരുടെയും പിടിവാശി; കുടുങ്ങിയത് അപേക്ഷകര്‍

Read Next

സൈനി സര്‍ക്കാരിനെ പുറത്താക്കല്‍: കോണ്‍ഗ്രസിന് പിന്തുണ നല്‍കുന്ന കാര്യം ആലോചനയില്‍-ദുഷ്യന്ത്

Leave a Reply

Your email address will not be published. Required fields are marked *

Most Popular