സൈനി സര്‍ക്കാരിനെ പുറത്താക്കല്‍: കോണ്‍ഗ്രസിന് പിന്തുണ നല്‍കുന്ന കാര്യം ആലോചനയില്‍-ദുഷ്യന്ത്


ഹിസാര്‍(ഹരിയാണ): മൂന്ന് സ്വതന്ത്ര എം.എല്‍.എമാര്‍ പിന്തുണ പിന്‍വലിച്ചതോടെ പ്രതിസന്ധിയിലായ നയാബ് സിങ് സൈനിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാരിനെ പുറത്താക്കാന്‍ കോണ്‍ഗ്രസിന് പിന്തുണ നല്‍കുമെന്ന് ജെ.ജെ.പി അധ്യക്ഷന്‍ ദുഷ്യന്ത് ചൗട്ടാല. സര്‍ക്കാരിനെതിരേ അവിശ്വാസ പ്രമേയം കൊണ്ടുവന്നാല്‍ പിന്തുണയ്ക്കും. ബി.ജെ.പി. സര്‍ക്കാരിനോട്‌ സഭയില്‍
വിശ്വാസം തെളിയിക്കാന്‍ ആവശ്യപ്പെടാന്‍ ഗവര്‍ണര്‍ക്ക് അധികാരമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മനോഹര്‍ലാല്‍ ഖട്ടര്‍ സര്‍ക്കാരിനെ ജെ.ജെ.പി പിന്തുണച്ചിരുന്ന കാലത്ത് ഇത്തരമൊരു സാഹചര്യത്തെ നേരിടേണ്ട അവസ്ഥ വന്നിരുന്നില്ല. സ്വതന്ത്ര എം.എല്‍.എമാര്‍ ഇന്ന് കോണ്‍ഗ്രസില്‍ ചേരാന്‍ ഒരുങ്ങുന്നത് ബി.ജെ.പി. എത്രമാത്രം ദുര്‍ബലമായിരിക്കുന്നു എന്നതാണ് കാണിച്ചു തരുന്നത്, ദുഷ്യന്ത് ചൗട്ടാല എ.എന്‍.ഐ യോട് പ്രതികരിച്ചു. ഇപ്പോഴത്തെ സംഭവപരമ്പരകള്‍ അനുസരിച്ച്, തിരഞ്ഞെടുപ്പുവേളയില്‍ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കാനുള്ള നടപടികള്‍ കൈക്കൊള്ളുകയാണെങ്കില്‍ കോണ്‍ഗ്രസിന് പുറമേനിന്ന് പിന്തുണ നല്‍കുന്നതിനെ കുറിച്ച് ഞങ്ങള്‍ ആലോചിക്കും. ഇനി കോണ്‍ഗ്രസാണ് തീരുമാനിക്കേണ്ടത്, നിലവിലെ ബി.ജെ.പി. സര്‍ക്കാരിനെ പ്രതിരോധത്തിലാക്കാന്‍ എന്തെങ്കിലും നടപടികള്‍ കൈക്കൊള്ളണോ വേണ്ടയോ എന്നത്- ദുഷ്യന്ത് കൂട്ടിച്ചേര്‍ത്തു.

സര്‍ക്കാരിന് പിന്തുണ പിന്‍വലിച്ച സ്വതന്ത്ര എം.എല്‍.എമാര്‍ ഇപ്പോള്‍ കോണ്‍ഗ്രസിന് ഒപ്പമാണ്. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ മൂര്‍ധന്യത്തില്‍ സ്വതന്ത്ര എം.എല്‍.എമാര്‍ ബി.ജെ.പി സര്‍ക്കാരിന് പിന്തുണ പിന്‍വലിച്ചത് വലിയ ആഘാതമാവുകയും ഹരിയാണ സര്‍ക്കാര്‍ പ്രതിസന്ധിയിലുമായിരുന്നു.

സര്‍ക്കാരിനെ താങ്ങി നിര്‍ത്തിയിരുന്ന ഏഴ് സ്വതന്ത്ര എം.എല്‍.എ മാരില്‍ മൂന്നു പേരായിരുന്നു പിന്തുണ പിന്‍വലിച്ചത്. കര്‍ഷകരുടെ പ്രശ്നങ്ങളും കര്‍ഷക പ്രതിഷേധവും ചൂണ്ടിക്കാട്ടിയാണ് സോംബിര്‍ സിങ്, രണ്‍ധീര്‍ ഗോലന്‍, ധര്‍മപാല്‍ ഗോണ്ടര്‍ എന്നിവര്‍ പിന്തുണ പിന്‍വലിച്ചത്.

അതേസമയം സൈനി സര്‍ക്കാര്‍ രാജിവെച്ച് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് കോണ്‍ഗ്രസ് നേതാക്കളായ ഭൂപിന്ദര്‍ ഹൂഡ,ഉഡൈ ഭാന്‍ എന്നിവര്‍ ആവശ്യപ്പെട്ടു.

കര്‍ഷകസമരത്തിന്റെയും ഗുസ്തിക്കാരുടെ സമരത്തിന്റെയും പശ്ചാത്തലത്തിലാണ്‌ നേരത്തെ ബി.ജെ.പിക്കൊപ്പമുണ്ടായിരുന്ന ജെ.ജെ.പി അവരുമായി തെറ്റിപ്പിരിഞ്ഞത്‌. തുടര്‍ന്ന് ജെ.ജെ.പി.യെ ഒഴിവാക്കി ഏഴു സ്വതന്ത്രരുടെയും ഒരു എല്‍.എച്ച്.പി. അംഗത്തിന്റെയും പിന്തുണയോടെ ബി.ജെ.പി. സര്‍ക്കാര്‍ രൂപവത്കരിക്കുകയായിരുന്നു.

നിലവില്‍ 90 അംഗ ഹരിയാണ നിയമസഭയില്‍ 41 പേരുടെ പിന്തുണയാണ് ബി.ജെ.പിക്കുള്ളത്. കോണ്‍ഗ്രസിന് 30 ഉം ജെ.ജെ.പിക്ക്
10 ഉം എം.എല്‍.എമാരുണ്ട്. ജെ.ജെ.പി എം.എല്‍.എമാരുടേയും കൂറുമാറിയെത്തിയ സ്വതന്ത്രരുടേയും പിന്തുണ ലഭിച്ചാല്‍ നിലവില്‍ മുപ്പത് എം.എല്‍.എ മാരുള്ള കോണ്‍ഗ്രസിന് ഹരിയാണയില്‍ ഭൂരിപക്ഷം നേടാനാവും.


Read Previous

കാറുകളിൽ കാൻസറിന് കാരണമാകുന്ന കെമിക്കലുകൾ; കരുതൽ വേണമെന്ന് പഠനം

Read Next

എയര്‍ ഇന്ത്യ എക്സ്പ്രസ് പ്രതിസന്ധി വരും ദിവസങ്ങളിലും തുടരും; തിരുവനന്തപുരം വിമാനത്താവളത്തില്‍ യാത്രക്കാരുടെ പ്രതിഷേധം

Leave a Reply

Your email address will not be published. Required fields are marked *

Most Popular