ഝാർഖണ്ഡ് മുഖ്യമന്ത്രിയായി ചമ്പൈ സോറൻ സത്യപ്രതിജ്ഞ ചെയ്തു


ഝാർഖണ്ഡ് മുഖ്യമന്ത്രിയായി ചമ്പൈ സോറൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഝാർഖണ്ഡ് മുക്തി മോർച്ച (ജെഎംഎം) പ്രവർത്തകനാണ് ചമ്പൈ സോറൻ. ഭൂമി കുംഭകോണക്കേസിൽ ഹേമന്ത് സോറനെ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് അദ്ദേഹത്തിൻ്റെ സത്യപ്രതിജ്ഞ. കോൺഗ്രസ് നേതാവ് അലംഗീർ അലൻ, രാഷ്ട്രീയ ജനതാദളിൻ്റെ (ആർജെഡി) സത്യാനന്ദ് ഭോഗ്ത എന്നിവരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. 10 ദിവസത്തിനുള്ളിൽ ഭൂരിപക്ഷം തെളിയിക്കണമെന്നാണ്  ചമ്പൈ സോറനോട് ​ഗവർണർ നിർദ്ദേശിച്ചിരിക്കുന്നത്. 43 എംഎൽഎമാർ തങ്ങളുടെ പിന്തുണയിലുണ്ടെന്ന് ഝാർഖണ്ഡ് മുക്തി മോർച്ച നേതാവ് പറഞ്ഞിരുന്നു.

അതിനിടെ ഭൂമി തട്ടിപ്പ് കേസിൽ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തതിനെ ചോദ്യം ചെയ്ത് ഝാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറൻ സമർപ്പിച്ച ഹർജി പരിഗണിക്കാൻ വിസമ്മതിച്ച് സുപ്രീം കോടതി. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, എംഎം സുന്ദ്രേഷ്, ബേല എം ത്രിവേദി എന്നിവരടങ്ങുന്ന പ്രത്യേക ബെഞ്ചാണ് കേസ് പരി​ഗണിക്കാൻ വിസമ്മതിച്ചത്. ഹേമന്ത് സോറനോട് ഝാർഖണ്ഡ് ഹൈക്കോടതിയെ സമീപിക്കാനും ബെഞ്ച് നിർദ്ദേശിച്ചു. എന്തുകൊണ്ടാണ് ഹൈക്കോടതിയിൽ ഹർജി നൽകാത്തതെന്നും ബെഞ്ച് ചോദിച്ചു. “കോടതികൾ എല്ലാവർക്കും വേണ്ടിയുള്ളതാണ്. ഹൈക്കോടതികൾ ഭരണഘടനാ കോടതികളാണ്. ഒരാളെ അനുവദിച്ചാൽ എല്ലാവരെയും അനുവദിക്കണം,” സുപ്രീം കോടതി നിരീക്ഷിച്ചു. 

അന്വേഷണ ഏജൻസി പുറപ്പെടുവിച്ച സമൻസുകൾ റദ്ദാക്കണമെന്നും അറസ്റ്റ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടാണ് ഹേമന്ത് സോറൻ സുപ്രീം കോടതിയെ സമീപിച്ചത്. സുപ്രീം കോടതിക്ക് വിവേചനാധികാരമുണ്ടെന്നും അത്  പ്രയോഗിക്കേണ്ട ഒരു കേസാണിതെന്നും വാദത്തിനിടെ സോറന്റെ അഭിഭാഷകൻ സിബൽ പറഞ്ഞു. “അദ്ദേഹത്തെ അറസ്റ്റ് ചെയ്തതായി വ്യക്തമാണ്, നിങ്ങൾ അതിൽ ഭേദഗതി ആവശ്യപ്പെടുന്നു. അതിനാൽ, ഹൈക്കോടതിയെ സമീപിക്കുക” മറുപടിയായി ജസ്റ്റിസ് ഖന്ന പറഞ്ഞു. 

കഴിഞ്ഞ വർഷം സെപ്റ്റംബറിലെ മുൻ ഉത്തരവ് ഉദ്ധരിച്ചുകൊണ്ടാണ് ഭൂമി തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇഡിയുടെ സമൻസി നെതിരെ ഝാർഖണ്ഡ് ഹൈക്കോടതിയെ സമീപിക്കാൻ ബെഞ്ച് നിർദ്ദേശിച്ചത്. ഭൂമി തട്ടിപ്പ് കേസിൽ ഏഴ് മണിക്കൂറിലധികം ചോദ്യം ചെയ്തതിന് ശേഷം ബുധനാഴ്ചയാണ് ജെഎംഎം എക്സിക്യൂട്ടീവ് പ്രസിഡൻ്റ് കൂടിയായ ഹേമന്ത് സോറനെ ഇഡി അറസ്റ്റ് ചെയ്തത്. ഝാർഖണ്ഡ് മുഖ്യമന്ത്രി സ്ഥാനം രാജിവച്ചതിന് പിന്നാലെയായിരുന്നു അറസ്റ്റ്. അറസ്റ്റിന് മുമ്പ്, ഹേമന്ത് സോറൻ ജെഎംഎം നേതാവ് ചമ്പായി സോറനെ പാർട്ടിയുടെ നിയമസഭാ കക്ഷി നേതാവായി നാമനിർദ്ദേശം ചെയ്തിരുന്നു.

അതേസമയം, ഹേമന്ത് സോറൻ്റെ പിൻഗാമിയായി ഝാർഖണ്ഡ് മുക്തി മോർച്ച (ജെഎം എം) നേതാവ് ചമ്പൈ സോറൻ ഇന്ന് ഉച്ചയ്ക്ക് 12നും 2നും ഇടയിൽ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് വൃത്തങ്ങൾ അറിയിച്ചു. ഝാർഖണ്ഡ് ഗവർണർ സി പി രാധാകൃഷ്ണനാണ് വ്യാഴാഴ്ച അദ്ദേഹത്തെ നിയുക്ത മുഖ്യമന്ത്രിയായി നിയമിച്ചത്. എന്നാൽ 10 ദിവസത്തിനകം ഭൂരിപക്ഷം തെളിയിക്കണമെന്നും ചമ്പൈ സോറനോട് ഗവർണർ ആവശ്യപ്പെട്ടിട്ടുണ്ട്.


Read Previous

തമിഴക വെട്രി കഴകം’; വിജയ് രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചു; രാഷ്ട്രിയം ഉപേക്ഷിക്കുമെന്ന് താരം

Read Next

മൂന്നാം സീറ്റിനായി കടുപ്പിച്ച് മുസ്ലീം ലീഗ്; കോട്ടയത്ത് അച്ചു ഉമ്മനെ നിര്‍ത്തണമെന്ന് കോണ്‍ഗ്രസില്‍ ആവശ്യം

Leave a Reply

Your email address will not be published. Required fields are marked *

Most Popular