തമിഴക വെട്രി കഴകം’; വിജയ് രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചു; രാഷ്ട്രിയം ഉപേക്ഷിക്കുമെന്ന് താരം


രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ച് തമിഴ് നടൻ വിജയ്. ‘തമിഴ് വെട്രി കഴകം’ എന്നാണ് പാർട്ടിയ്ക്ക് പേര് നൽകിയിരിക്കുന്നത്. കഴിഞ്ഞയാഴ്ച ചെന്നൈയിൽ നടന്ന യോഗത്തിൽ തൻ്റെ ഫാൻസ് ക്ലബ്ബായ വിജയ് മക്കൾ ഇയക്കം രാഷ്ട്രീയ പാർട്ടി രൂപീകരണത്തിന് അനുമതി നൽകിയതിന് പിന്നാലെയാണ് താരം പ്രഖ്യാപനം നടത്തിയിരിക്കുന്നത്. “ഞങ്ങളുടെ പാർട്ടിയായ ‘തമിഴക വെട്രി കഴകം’ രജിസ്റ്റർ ചെയ്യാൻ ഞങ്ങൾ ഇന്ന് ഇസിക്ക് അപേക്ഷ നൽകുന്നു“ നടൻ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

2026ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിക്കുകയും ജനങ്ങൾ ആഗ്രഹി ക്കുന്ന അടിസ്ഥാനപരമായ രാഷ്ട്രീയ മാറ്റം കൊണ്ടുവരികയുമാണ് ഞങ്ങളുടെ ലക്ഷ്യമെന്നും വിജയ് പറഞ്ഞു. “രാഷ്ട്രീയം എനിക്ക് മറ്റൊരു കരിയർ മാത്രമല്ല. അതൊരു പവിത്രമായ ജനങ്ങളുടെ പ്രവൃത്തിയാണ്. വളരെക്കാലമായി ഞാൻ അതി നായി സ്വയം തയ്യാറെടുക്കുകയാണ്. രാഷ്ട്രീയം എനിക്കൊരു ഹോബിയല്ല. അതാണ് എൻ്റെ അഗാധമായ ആഗ്രഹം. അതിൽ പൂർണ്ണമായി ഇടപെടാൻ ഞാൻ ആഗ്രഹിക്കുന്നു,” താരം പറഞ്ഞു.

“നിങ്ങൾക്കെല്ലാം നിലവിലെ രാഷ്ട്രീയ സാ​ഹചര്യത്തെക്കുറിച്ച് അറിയാം“ നടൻ വിജയ്‌യുടെ രാഷ്ട്രീയ നീക്കത്തെ കൂടുതൽ വിശദീകരിച്ചുകൊണ്ട് പ്രസ്താവനയിൽ പറയുന്നു. “ഭരണപരമായ കെടുകാര്യസ്ഥതയും ദുഷിച്ച രാഷ്ട്രീയ സംസ്കാരവും ഒരു വശത്ത്, ജാതിയുടെയും മതത്തിൻ്റെയും പേരിൽ നമ്മുടെ ജനങ്ങളെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്ന വിഭജന രാഷ്ട്രീയ സംസ്കാരം മറുവശത്ത്. നിസ്വാർത്ഥവും സുതാര്യവും ജാതിരഹിതവും ദീർഘവീക്ഷണമുള്ളതും അഴിമതി രഹിതവും കാര്യക്ഷമവുമായ ഒരു ഭരണത്തിലേക്ക് നയിക്കാൻ കഴിയുന്ന അടിസ്ഥാനപരമായ ഒരു രാഷ്ട്രീയ മാറ്റത്തിനായി തമിഴ്നാട്ടിലെ എല്ലാവരും, ആഗ്രഹിക്കുന്നു” പ്രസ്താവനയിൽ പറയുന്നു. തിരഞ്ഞെടുപ്പ് കമ്മിഷൻ്റെ അംഗീകാരം ലഭിച്ച ശേഷം, പാർട്ടി പൊതുയോഗങ്ങളും പരിപാടികളും നടത്താനും അവരുടെ നയങ്ങളും തത്വങ്ങളും പ്രവർത്തന പദ്ധതികളും അവതരിപ്പിക്കാനും കൊടിയും പാർട്ടി ചിഹ്നവും അവതരിപ്പിക്കുമെന്നും വൃത്തങ്ങൾ പറഞ്ഞു.

കഴിഞ്ഞ വ്യാഴാഴ്ച ചെന്നൈയിൽ നടന്ന ഫാൻസ് സംഘടനയുടെ പൊതുയോഗത്തിൽ കോളിവുഡിലെ മെഗാതാരത്തിന് പാർട്ടി രജിസ്റ്റർ ചെയ്യാനും അതിൻ്റെ അധ്യക്ഷ നാകാനും പാർട്ടി നിയമങ്ങൾ തയ്യാറാക്കാനും യോഗം അനുമതി നൽകിയിരുന്നു. തമിഴ്‌നാട്ടിലും കേരളത്തിലും ലക്ഷക്കണക്കിന് ആരാധകരുള്ള നടൻ വിജയ് വിവിധ ജനക്ഷേമ പ്രവർത്തനങ്ങളിൽ നേരത്തെ ഏർപ്പെട്ടിരുന്നു. 2018-ൽ തുത്തുക്കുടി പൊലീസ് വെടിവെപ്പിൽ മരിച്ചവരുടെ കുടുംബാംഗങ്ങളെ അദ്ദേഹം സന്ദർശിച്ചിരുന്നു. രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതിൻ്റെ മുന്നോടിയായിട്ടുള്ള പ്രവർത്തനമായി ഇത് വിലയിരുത്തപ്പെട്ടിരുന്നു. തൂത്തുക്കുടി സന്ദർശനത്തിനുശേഷം തെന്നിന്ത്യൻ സൂപ്പർസ്റ്റാറിൻ്റെ ആരാധക കൂട്ടായ്മയായ വിജയ് മക്കൾ ഇയക്കം വിവിധ രാഷ്ട്രീയ പരിപാടികളിൽ സജീവമാണ്, കൂടാതെ തമിഴ്‌നാട് തദ്ദേശ തെരഞ്ഞെടുപ്പിലും ഈ സംഘടന മത്സരിച്ചിരുന്നു.

ഡിസംബറിൽ വെള്ളപ്പൊക്കത്തിൽ തകർന്ന തമിഴ്‌നാട്ടിലെ തെക്കൻ ജില്ലകളിലും ദുരിതബാധിതർക്ക് ദുരിതാശ്വാസ സാമഗ്രികൾ എത്തിക്കാൻ താരം എത്തിയിരുന്നത് വാർത്തയായിരുന്നു. 2026-ൽ തൻ്റെ രാഷ്ട്രീയ അരങ്ങേറ്റം ഉണ്ടാകുമെന്ന് നടൻ വിജയ് നേരത്തെ സൂചിപ്പിച്ചിരുന്നു. അതിൻ്റെ ഭാഗമായി പാർട്ടി രജിസ്റ്റർ ചെയ്യുവാനുള്ള നടപടികൾ എത്രയും വേഗം ആരംഭിക്കുവാൻ അദ്ദേഹത്തിൻ്റെ ആരാധക കൂട്ടം അദ്ദേഹത്തോട് ആവശ്യപ്പെടുകയായിരുന്നു.


Read Previous

റവന്യു കമ്മിയും ധനക്കമ്മിയും കുറഞ്ഞു; ഉല്‍പ്പാദന വളര്‍ച്ച ദേശീയ ശരാശരിയേക്കാള്‍ കൂടുതല്‍, സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് നിയമസഭയില്‍

Read Next

ഝാർഖണ്ഡ് മുഖ്യമന്ത്രിയായി ചമ്പൈ സോറൻ സത്യപ്രതിജ്ഞ ചെയ്തു

Leave a Reply

Your email address will not be published. Required fields are marked *

Most Popular