ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് ജി20 ഉച്ചകോടി ഒഴിവാക്കും, ലി ക്വിയാങ് ടീമിനെ നയിക്കും


ഡൽഹിയിൽ നടക്കുന്ന ജി 20 ഉച്ചകോടിയിൽ നിന്ന് പ്രസിഡന്റ് ഷി ജിൻപിംഗ് ഒഴിവാകും. പകരം ചൈനീസ് പ്രതിനിധി സംഘത്തെ പ്രീമിയർ ലി ക്വിയാങ്ങ് നയിക്കുമെന്നും ചൈന ഔദ്യോഗികമായി ഇന്ത്യയെ അറിയിച്ചതായി വൃത്തങ്ങൾ ഇന്ത്യാ ടുഡേയോട് പറഞ്ഞു. ഷി ജിൻപിപിംഗ് ഉച്ചകോടിയിൽ പങ്കെടുക്കുന്നത് സംബന്ധിച്ച് ചൈനയിൽ നിന്ന് രേഖാമൂലമുള്ള സ്ഥിരീകരണത്തിനായി ഇന്ത്യ കാത്തിരിക്കുകയാണെന്ന് ജി 20 സ്‌പെഷ്യൽ സെക്രട്ടറി മുക്തേഷ് പർദേശി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

സെപ്തംബർ 9, 10 തീയതികളിൽ ഡൽഹിയിൽ നടക്കുന്ന ഉച്ചകോടി ഒഴിവാക്കുന്ന രണ്ടാമത്തെ ജി 20 നേതാവാണ് ഷി ജിൻപിംഗ്. നേരത്തെ, ഉച്ചകോടിയിൽ പങ്കെടുക്കാൻ കഴിയില്ലെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ടെലിഫോൺ സംഭാഷണത്തിലൂടെ അറിയിച്ചിരുന്നു. റഷ്യയെ പ്രതിനിധീകരിച്ച് വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ് പങ്കെടുക്കും.

ബ്രിക്‌സ് ഉച്ചകോടിക്കിടെ ദക്ഷിണാഫ്രിക്കയിൽ വച്ചാണ് ഷി ജിൻപിംഗും പ്രധാനമന്ത്രി മോദിയും അവസാനമായി കൂടിക്കാഴ്ച നടത്തിയത്. കൂടിക്കാഴ്ചയിൽ, ഇന്ത്യ-ചൈന അതിർത്തി പ്രദേശങ്ങളുടെ തർക്കത്തെക്കുറിച്ച് പ്രധാനമന്ത്രി സംസാരിച്ചു. പ്രധാന മായും പടിഞ്ഞാറൻ സെക്ടറിലെ യഥാർത്ഥ നിയന്ത്രണ രേഖയിലെ, (എൽഎസി) പരിഹരിക്കപ്പെടാത്ത പ്രശ്‌നങ്ങളെക്കുറിച്ചുള്ള ഇന്ത്യയുടെ ആശങ്കകളാണ് മോദി ജിൻപിംഗിനെ അറിയിച്ചതെന്ന് ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിനയ് മോഹൻ ക്വാത്ര പറഞ്ഞു.

ചൈന-ഇന്ത്യ ബന്ധം മെച്ചപ്പെടുത്തുന്നത് ഇരുരാജ്യങ്ങളുടെയും ജനങ്ങളുടെയും പൊതുതാൽപ്പര്യങ്ങൾ സംരക്ഷിക്കുമെന്ന് പ്രസിഡന്റ് ഷി പറഞ്ഞുവെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം ചൈനീസ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. 2020 മെയ് മാസത്തിൽ ഗാൽവാൻ ഏറ്റുമുട്ടലിനുശേഷം ഇരുനേതാക്കളുടെയും രണ്ടാമത്തെ കൂടിക്കാഴ്ചയാണിത്.

അതേസമയം ഇന്ത്യയുമായുള്ള അതിർത്തി തർക്കം പരിഹരിക്കാൻ ചൈന വിമുഖത കാണിക്കുന്നു. അതിന്റെ സൂചനയാണ് ജി20 ഉച്ചകോടി ഒഴിവാക്കാനുള്ള ഷി ജിൻപി ങ്ങിന്റെ തീരുമാനമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. എന്നാൽ ജി 20 ഉച്ചകോടിയിൽ ഷി ജിൻപിംഗ് പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞിരുന്നു. ഉച്ചകോടി ആരംഭിക്കുന്നതിന് ഒരു ദിവസം മുമ്പ് സെപ്റ്റംബർ 8 ന് ഷി ജിൻപിംഗ് പ്രധാനമന്ത്രിയുമായി ഉഭയകക്ഷി കൂടിക്കാഴ്ച നടത്തും.


Read Previous

റിംല ഒരുക്കുന്ന സംഗീത വിരുന്ന് “പുതുവെള്ളൈ മഴൈ” പോസ്റ്റർ പ്രകാശനവും റിഹേഴ്സൽ ക്യാമ്പ് ഉത്ഘാടനവും നടന്നു.

Read Next

ഫാഷൻ ഷോക്കിടെ തർക്കം; പൊലീസ് ഫാഷൻ ഷോ നിർത്തിവയ്പ്പിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular