പാർലമെന്ററി ജനാധിപത്യത്തിന്റെ മരണം’: ഇപ്പോൾ പുറത്താക്കിയാലും വലിയ ജനവിധിയോടെ മടങ്ങിയെത്തുമെന്ന് മഹുവ മൊയ്ത്ര


ലോക്സഭാ യോഗ്യത റദ്ദാക്കുമെന്ന റിപ്പോർട്ടുകളോട് പ്രതികരിച്ച് തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര. ഇപ്പോൾ പുറത്താക്കിയാലും ലോക്‌സഭയിൽ വലിയ ജനവിധിയോടെ മടങ്ങിയെത്തുമെന്നാണ് മഹുവയുടെ പ്രതികരണം. മഹുയ്‌ക്കെതി രായ പാര്‍ലമെന്‌റ് എത്തിക്‌സ് കമ്മിറ്റി റിപ്പോർട്ട് പാസായത്തിന് ശേഷമുള്ള ആദ്യ പ്രതികരണമാണിത്. 6:4 വോട്ടിനാണ് മഹുവക്കെതിരായ 500 പേജുള്ള റിപ്പോർട്ട് സമിതി പാസാക്കിയത്.

ഇത് കംഗാരു കോർട്ടിൽ മുൻകൂട്ടി നിശ്ചയിച്ച മത്സരമായിരുന്നുവെന്ന് മഹുവ മൊയ്ത്ര വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു. ” കരട് റിപ്പോർട്ട് ഒരു ശിപാർശ മാത്രമാണ്. ഒന്നും സംഭവിച്ചിട്ടില്ല. പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ അത് അവതരിപ്പിക്കട്ടെ. ഇതുകൊണ്ട് യഥാർഥത്തിൽ എന്നെ ഒന്നും ചെയ്യാൻ സാധിക്കില്ല. എന്നെ അടച്ച് പൂട്ടാനും കഴിയില്ല. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇത് പാർലമെന്ററി ജനാധിപത്യത്തിന്റെ മരണമാണ്. പാർലമെന്ററി ജനാധിപത്യത്തോടുള്ള ബിജെപി യുടെ പരിഹാസം രാജ്യത്തെയൊട്ടാകെ അറിയിച്ചതിൽ എനിക്ക് സന്തോഷമുണ്ട് “മഹുവ പറഞ്ഞു.

ഗൗതം അദാനിക്കെതിരെ ചോദ്യം ചോദിക്കാൻ വ്യവസായി ദർശൻ ഹിരാനന്ദാനിയിൽ നിന്ന് പണം കൈപറ്റിയെന്നായിരുന്നു മഹുവക്കെതിരെയുള്ള ആരോപണം. ഹിരാന ന്ദാനിയുമായി പാർലമെന്റ് ലോഗിൻ പങ്കിട്ടതായി മഹുവ നേരത്തെ സമ്മതിച്ചിരുന്നു. എന്നാൽ പണം കൈപറ്റിയെന്ന ആരോപണങ്ങൾ നിഷേധിച്ചു. വിഷയത്തിൽ അന്വേഷണം നടത്തിയ പാർലമെൻററി എത്തിക്സ് പാനൽ മഹുവയുടെ അംഗത്വം റദ്ദാക്കാന്‍ ശുപാർശ ചെയ്യുകയായിരുന്നു. ബിജെപി എംപി നിഷികാന്ത് ദുബെയുടെയും മഹുവയ്‌ക്കെതിരെ ആദ്യം പരാതി നൽകിയ അഭിഭാഷകൻ ജയ് അനന്ത് ദേഹാദ്രായി യുടെയും മൊഴികൾ എത്തിക്‌സ് പാനൽ രേഖപ്പെടുത്തി.

അതേസമയം മഹുവക്കെതിരെയുള്ള സമിതിയുടെ റിപ്പോർട്ട് അന്യായവും അനീതിപരവുമാണെന്ന് തൃണമൂൽ കോൺഗ്രസ് വക്താവ് ആരോപിച്ചു. “ഇന്ന് എത്തിക്‌സ് കമ്മിറ്റി യോഗം ചേർന്നു. റിപ്പോർട്ട് യോഗത്തിൽ വയ്ക്കുകയും തുടർന്ന് ചർച്ച ചെയ്യപ്പെടുകയും അതിൽ വോട്ടെടുപ്പ് നടത്തുകയും ചെയ്യുന്നതിന് മുൻപ് അത് പൊതുസഞ്ചയത്തിൽ എത്തിയത് കടുത്ത അനീതിയാണ്. അന്വേഷണം നടക്കാനി രിക്കുകയാണെങ്കിൽ പിന്നെ എങ്ങനെയാണ് ഒരു കമ്മറ്റി ശിപാർശയുമായി മുന്നോട്ട് പോകുന്നത്? ഇത് ഒട്ടും യോജിക്കുന്നില്ല, ”ടിഎംസി വക്താവ് വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.

റിപ്പോർട്ട് ലോക്‌സഭാ സ്പീക്കർ ഓം ബിർളയ്ക്ക് സമർപ്പിക്കുമെന്ന് എത്തിക്‌സ് പാനൽ ചെയർമാൻ വിനോദ് സോങ്കർ വ്യക്തമാക്കിയിട്ടുണ്ട്. ഈ മാസം ആദ്യം വിഷയത്തിൽ ഹിയറിങ് നടത്തിയ യോഗത്തിൽ നിന്ന് മഹുവ ഇറങ്ങിപ്പോയിരുന്നു. വ്യക്തിപരമായ ചോദ്യങ്ങൾ നേരിടേണ്ടി വന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു മഹുവയുടെ പ്രതിഷേധം.


Read Previous

ആരോപണങ്ങൾ നേരിടാൻ മഹുവ മൊയ്ത്ര സ്വയം പര്യാപ്തയാണ്: അഭിഷേക് ബാനർജി

Read Next

കണ്ടല ബാങ്ക് തട്ടിപ്പ്; ഭാസുരാം​ഗന്റെ മകൻ അഖിൽജിത്തിനും പങ്കെന്ന് ഇ‍ഡി, കസ്റ്റഡിയിൽ; ആഡംബര കാർ പിടിച്ചെടുത്തു

Leave a Reply

Your email address will not be published. Required fields are marked *

Most Popular