ആരോപണങ്ങൾ നേരിടാൻ മഹുവ മൊയ്ത്ര സ്വയം പര്യാപ്തയാണ്: അഭിഷേക് ബാനർജി


ആരോപണങ്ങൾക്കെതിരെ പോരാടാൻ മഹുവ മൊയ്ത്ര സ്വയം പര്യാപ്തമാണെന്ന് തൃണമൂൽ കോൺഗ്രസ് (ടിഎംസി) ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി. ലോക്‌സഭാ എത്തിക്‌സ് കമ്മിറ്റിയുടെ കരട് റിപ്പോർട്ടിൽ മൊയ്‌ത്രയെ പുറത്താക്കാൻ ശുപാർശ ചെയ്‌തത് എന്തുകൊണ്ടാണെന്നും ബാനർജി ചോദിച്ചു. പശ്ചിമ ബംഗാൾ അധ്യാപക നിയമന അഴിമതിയുമായി ബന്ധപ്പെട്ട് കൊൽക്കത്തയിൽ എൻഫോഴ്‌സ്‌ മെന്റ് ഡയറക്ടറേറ്റിന് മുന്നിൽ ഹാജരായതിന് പിന്നാലെയാണ് ബാനർജിയുടെ പ്രതികരണം.

“സർക്കാരിനെതിരെയോ അദാനിയുടെ ക്രമക്കേടുകളെയോ കുറിച്ച് ആരെങ്കിലും ചോദ്യം ചെയ്താൽ അവരെ സസ്‌പെൻഡ് ചെയ്യും. എത്തിക്‌സ് കമ്മറ്റിയുടെ കരട് റിപ്പോർട്ട് ഞാൻ വായിച്ചു. മൊയ്ത്രയ്‌ക്കെതിരെ എന്തെങ്കിലും തെളിവ് കണ്ടെത്തിയാൽ നടപടിയെടുക്കാം. എന്നാൽ അവർക്കെതിരായി ഒരു തെളിവും ഇല്ലെങ്കിൽ പുറത്താക്കാനുള്ള ശുപാർശ എങ്ങനെ നിങ്ങൾക്ക് നൽകാനാകും?”- ബാനർജി ചോദിച്ചു. മഹുവ മൊയ്ത്രയ്ക്ക് സ്വയം പോരാടാനുള്ള യോഗ്യതയുണ്ടെന്ന് ഞാൻ കരുതുന്നു.” അദ്ദേഹം പറഞ്ഞു. കൂടാതെ എത്തിക്‌സ് പാനലിന്റെ നടപടികൾ പക്ഷപാതപരമാണന്നും ബാനർജി ആരോപിച്ചു.

“നിരവധി പ്രത്യേകാവകാശങ്ങൾ എത്തിക്‌സ് കമ്മിറ്റിക്ക് മുമ്പിലുണ്ട്. രമേഷ് ബിധുരി പാർലമെന്റിന്റെ അഭിമാനത്തിന് കളങ്കം വരുത്തിയതെങ്ങനെയെന്ന് നിങ്ങൾ കണ്ടതാണല്ലോ. ബിജെപി നേതാക്കൾക്കെതിരെ പ്രമേയം കൊണ്ടുവന്നു, ഒരു കാര്യവും ഉണ്ടായില്ല. ഇഡി എന്നെയും വിളിക്കുന്നു, ഒരു കേസിൽ ഒന്നും കണ്ടെത്തിയില്ലെങ്കിൽ, മറ്റൊരു കേസിൽ കുടുക്കാൻ ശ്രമിക്കുന്നു, ഇതാണ് അവരുടെ സ്റ്റാൻഡേർഡ് ബാനർജി കൂട്ടിച്ചേർത്തു.

അതേസമയം അധ്യാപക നിയമന അഴിമതിക്കേസിൽ ഇത് രണ്ടാം തവണയാണ് ബാനർജിക്ക് ഇഡി സമൻസ് അയക്കുന്നത്. കഴിഞ്ഞ തവണ എട്ടുമണിക്കൂറോളം ചോദ്യം ചെയ്‌തെങ്കിലും, ഇത്തവണ ഒരു മണിക്കൂറിനുള്ളിൽ ചോദ്യം ചെയ്യൽ അവസാനിപ്പിച്ചു. ഏതാനും പേപ്പറുകൾ സമർപ്പിക്കാൻ ഇഡി തന്നെ വിളിച്ചിരുന്നു വെന്നും കേസിൽ 6,000 പേജുള്ള മറുപടി സമർപ്പിച്ചതെന്നും അന്വേഷണ ഏജൻസിയു മായി സഹകരിക്കാൻ തയ്യാറാണെന്നും ബാനർജി പറഞ്ഞു.

“അവർ കുറച്ച് പേപ്പറുകൾ ആവശ്യപ്പെട്ടിട്ടുണ്ട്, ആ പേപ്പറുകൾ സമർപ്പിക്കാനാണ് ഞാൻ വന്നത്, കോടതി ഉത്തരവുണ്ട്, അതിനാൽ അന്വേഷണത്തെക്കുറിച്ച് കൂടുത ലൊന്നും പറയുന്നില്ല, എനിക്ക് മറയ്ക്കാൻ ഒന്നുമില്ല, അവർ വിളിക്കുമ്പോൾ ഞാൻ വരുമെന്ന് അവരോട് പറഞ്ഞിട്ടുണ്ട്. 6,000 പേജുകളുടെ മറുപടി സമർപ്പിച്ചിട്ടുണ്ട്.”- അദ്ദേഹം കൂട്ടിച്ചേർത്തു.

ലോക്‌സഭയിൽ ചോദ്യങ്ങൾ ഉന്നയിക്കുന്നതിന് വ്യവസായി ഹിരാനന്ദാനിയിൽ നിന്ന് മൊയ്ത്ര കൈക്കൂലിയും ആനുകൂല്യങ്ങളും കൈപ്പറ്റിയെന്ന് ബിജെപി എംപി നിഷികാന്ത് ദുബെ ആരോപിച്ചതാണ് കേസിനാധാരം. പണം, ആഡംബര വസ്തുക്കൾ, ബംഗ്ലാവിന്റെ നവീകരണം, അവധിയാഘോഷിക്കാനുള്ള യാത്രാ ചെലവുകൾ എന്നിവ മൊയ്ത്ര ഹിരാനന്ദാനിയിൽ നിന്ന് കൈപ്പറ്റിയതായി ദുബെ ആരോപിക്കുന്നു. എന്നാൽ ഈ ആരോപണങ്ങൾ മൊയ്‌ത്ര നിഷേധിച്ചു.


Read Previous

പാർലമെന്റിന്റെ ശീതകാല സമ്മേളനം ഡിസംബർ നാലു മുതൽ 22 വരെ

Read Next

പാർലമെന്ററി ജനാധിപത്യത്തിന്റെ മരണം’: ഇപ്പോൾ പുറത്താക്കിയാലും വലിയ ജനവിധിയോടെ മടങ്ങിയെത്തുമെന്ന് മഹുവ മൊയ്ത്ര

Leave a Reply

Your email address will not be published. Required fields are marked *

Most Popular