വിദ്യാഭ്യാസം പത്താം ക്ലാസ് മാത്രം, സ്പോക്കൺ ഇംഗ്ലീഷ് പഠിപ്പിക്കുമെന്ന് പറഞ്ഞ് ഹിന്ദി പഠിപ്പിച്ച ആൾ, യഹോവ സാക്ഷികളിൽ നിന്ന് അകന്ന കാരണം അജ്ഞാതം: ഡൊമിനിക് മാർട്ടിൻ ദുരൂഹതയുടെ കേന്ദ്രം


കളമശ്ശേരി സ്ഫോടന കേസില്‍ പ്രതി ഡൊമിനിക് മാര്‍ട്ടിൻ്റെ അറസ്‌റ്റ് പൊലീസ് രേഖപ്പെടുത്തി. യുഎപിഎ, സ്ഫോടക വസ്‌തു നിയമം, വധശ്രമം, ഗൂഡാലോചന തുടങ്ങിയ വിവിധ വകുപ്പുകള്‍ ചുമത്തിയാണ് ഇയാളുടെ അറസ്‌റ്റ് അന്വേഷണ സംഘം രേഖപ്പെടുത്തിയത്. പൊലീസിൻ്റെ ഉന്നത തല യോഗത്തിന് ശേഷമായിരുന്നു അറസ്റ്റ്. അതേസമയം കളമശേരി സ്‌ഫോടനത്തിനു പിന്നില്‍ ഡൊമിനിക് മാര്‍ട്ടിനാണെന്ന് അറിഞ്ഞതോടെ നാട്ടുകാരും ബന്ധുക്കളും അമ്പരപ്പിലാണ്. നാട്ടിൽ വളരെ ശാന്ത സ്വഭാവക്കാരനായ മാർട്ടിനാണ് ഇത്തരമൊരു ക്രൂരത നടത്തിയതെന്ന് അവർക്ക് വിശ്വസിക്കാൻ ആകുന്നില്ല.

അതേസമയം താൻ ഒറ്റയ്ക്കാണ് കുറ്റകൃത്യം നടത്തിയതെന്ന് മാർട്ടിൻ പൊലീസിനോട് തുറന്നു സമ്മതിച്ചിട്ടുണ്ട്. ഗൾഫിൽ ഫോർമാനായി ജോലി നോക്കിയിരുന്ന മാർട്ടിന് സാങ്കേതിക കാര്യങ്ങളിൽ നല്ല പരിജ്ഞാനം ഉണ്ടെന്നും പൊലീസ് കരുതുന്നു. അതുകൊണ്ടുതന്നെ മാർട്ടിൻ തന്നെയാണ് കുറ്റകൃത്യം നടത്തിയതെന്ന് പൊലീസ് ഉറപ്പിക്കുന്നുമുണ്ട്. അതേസമയം മറ്റേതെങ്കിലും രീതിയിൽ മാർട്ടിന് സഹായം ലഭിച്ചിട്ടുണ്ടോ എന്ന് അന്വേഷണത്തിലാണ് പൊലീസ് ഇപ്പോൾ.

സ്ഫോടനം നടത്തിയശേഷം പ്രതി തൻ്റെ സുഹൃത്തിനെ ഫോണിൽ വിളിച്ചിരുന്നു വെന്ന് പൊലീസ് പറയുന്നു. ഇയാളുമായി പ്രതി കുറച്ചുനേരം സംസാരിച്ചിരുന്നു. ഈ വിളിയിൽ ഇപ്പോൾ ദുരൂഹത കാണാൻ കഴിയില്ലെങ്കിലും മറ്റെന്തെങ്കിലും രഹസ്യങ്ങൾ ഉണ്ടോ എന്ന് അന്വേഷണത്തിലാണ് പൊലീസ്. ഇതിനായി സുഹൃത്തിനെ വിളിച്ചു വരുത്തി ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. മാത്രമല്ല പ്രതിക്ക് ഇയാളുമായി സാമ്പത്തിക ഇടപാടുകൾ ഉണ്ടെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. സ്ഫോടനം നടത്തിയതിന് പിന്നിൽ സാമ്പത്തികമായി ഇയാളുടെ സഹായം ഉണ്ടായിരുന്നോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

എറണാകുളം തമ്മനം ജംഗ്ഷൻ സമീപം ഫെലിക്സ് റോഡിലാണ് മാർട്ടിൻ വാടകയ്ക്ക് താമസിച്ചിരുന്നത്. വീടിൻ്റെ രണ്ടാം നിലയിലായിരുന്നു മാർട്ടിനും ഭാര്യയും കൂടി മകളോടൊപ്പം താമസിച്ചിരുന്നത്. മകൾ ഇൻഫോപാർക്കിൽ ജോലി ചെയ്യുകയാണ്. ഒരു മകനുണ്ട്. മകൻ ഇംഗ്ലണ്ടിൽ പഠിക്കുകയാണെന്നാണ് വിവരം. അഞ്ചുവർഷം മുൻപ് വരെ യഹോവ സാക്ഷികൾ എന്ന വിശ്വാസി സമൂഹത്തിനൊപ്പമായിരുന്നു മാർട്ടിനും കുടുംബവും. എന്നാൽ അഞ്ചു വർഷം മുൻപ് ഈ വിശ്വാസവുമായി അവർ അകന്നു. അകലാനുള്ള കാരണം എന്താണെന്ന കാര്യത്തിൽ ഇപ്പോഴും സംശയങ്ങൾ നിലനിൽക്കുന്നുണ്ട്. എന്നാൽ യഹോവ സാക്ഷികളിൽ നിന്ന് അകന്നശേഷം മറ്റേതെങ്കിലും വിശ്വാസ സംഘടനയുമായി ബന്ധപ്പെട്ട് മാർട്ടിൻ്റെ കുടുംബം പ്രവർത്തിച്ചിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.

എളംകുളം വേലിക്കകത്ത് വീട്ടിലെ ഏഴുമക്കളില്‍ ഇളയ ആളാണ് മാര്‍ട്ടിന്‍. പത്താംക്ലാസുവരെയേ പഠിച്ചിട്ടുള്ളൂവെന്നാണു ഭാര്യ പറയുന്നത്. ഹിന്ദി നന്നായി സംസാരിക്കും. അറസ്റ്റിനുപിന്നാലെ പൊലീസ് വീട്ടിലെത്തി ഭാര്യയുടെയും മകളുടെയും മൊഴിയെടുത്തിരുന്നു. മാർട്ടിൻ പ്രാർത്ഥനാ യോഗത്തിനിടയിൽ ബോംബ് വച്ചത് സാഹസികത എന്നാണ് ഭാര്യ അഭിപ്രായപ്പെട്ടത്. അഞ്ചുമുറിയില്‍ സ്‌പോക്കണ്‍ ഇംഗ്ലീഷ് പഠിപ്പിക്കുന്ന സ്ഥാപനം മാര്‍ട്ടിന്‍ നടത്തിയിരുന്നു. എന്നാല്‍ ഇവിടെ ഹിന്ദിയാണു പഠിപ്പിച്ചിരുന്നതെന്ന് സമീപവാസികൾ പറയുന്നു. കോവിഡ് വ്യാപനത്തെ തുടർന്ന് അഞ്ചുമുറിയിലെ അധ്യാപനം നിർത്തുകയായിരുന്നു. .

തുടർന്ന് ഗള്‍ഫിലേക്കു പോയ മാർട്ടിൻ അവിടെ നിര്‍മാണക്കമ്പനിയില്‍ ഫോര്‍മാനായി ജോലിചെയ്യുകയായിരുന്നു. രണ്ടുമാസംമുമ്പാണ് അവധിക്ക് നാട്ടിലെത്തിയത്. അതേസമയം മാർട്ടിൻ ഒരു ശല്യക്കാരൻ അല്ലായിരുന്നു എന്നാണ് വീട്ടുടമസ്ഥനും പറയുന്നത്. മാർട്ടിൻ്റെ അയൽക്കാർക്കും അയാളെക്കുറിച്ച് നല്ലതുതന്നെയാണ് പറയാനുള്ളത്. എന്നാൽ ബോംബ് സ്ഫോടനം നടത്തിയത് മാർട്ടിനാണെന്ന് വിശ്വസിക്കാൻ അവർ ഇപ്പോഴും തയ്യാറായിട്ടില്ല. ബോംബ് സളഫോടനത്തിന് കാരണമായി മാർട്ടിൻ പറയുന്ന കാര്യങ്ങളൊന്നും വിശ്വസിക്കാനാവുന്നില്ല എന്നാണ് നാട്ടുകാർ പറയുന്നത്.

താനാണ് കൃത്യം നിര്‍വഹിച്ചതെന്നു തെളിയിക്കാന്‍ എല്ലാ തെളിവുകളും മാര്‍ട്ടിന്‍ സൂക്ഷിച്ചിരുന്നു. റിമോട്ട് ഉപയോഗിച്ചു മാര്‍ട്ടിന്‍ ബോംബ് ട്രിഗര്‍ ചെയ്യുന്ന ദൃശ്യങ്ങള്‍ ഇയാളുടെ മൊബെെലില്‍നിന്നു പൊലീസ് കണ്ടെടുത്തിട്ടുണ്ടെന്നുള്ള വിവരങ്ങളും പുറത്തുവരുന്നുണ്ട്. എന്നാൽ ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. അതേസമയം സ്ഫോടനം നടത്തിയത് മാർട്ടിൻ തന്നെയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. അതിന് അനുബന്ധമായ തെളിവുകൾ മാർട്ടിൻ്റെ ഫോണിൽ നിന്നും പൊലീസ് കണ്ടെടുത്തിരുന്നു എന്നാണ് വിവരം. നിലവിൽ സ്ഫോടനത്തിനു പിന്നിൽ ഇയാൾക്ക് സംഘടനയോടുണ്ടായിരുന്ന പക മാത്രമാണോ എന്ന് അന്വേഷണത്തിലാണ് പൊലീസ്. മാത്രമല്ല മാർട്ടിൻ്റെ പൂർവ്വകാല ചരിത്രം എന്താണെന്നും ഏതെങ്കിലും രീതിയിൽ അത് സ്ഫോടനവുമായി ബന്ധപ്പെട്ടിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിച്ചു വരികയാണ്.


Read Previous

ലോക സംഗീത സമ്മേളനത്തിന് റിയാദ് തെരെഞ്ഞെടുക്കപെട്ടു. മാറുന്ന സൗദി മുഖം; ആദ്യമായി മ്യൂസിക് സിറ്റി അവാര്‍ഡ് ചടങ്ങിന് ആതിഥ്യമരുളും.

Read Next

നിക്ഷേപകര്‍ക്ക് ആശ്വാസം; കരുവന്നൂര്‍ ബാങ്കില്‍ നിന്ന് ഒരു ലക്ഷം രൂപ വരെ നാളെ മുതല്‍ പിന്‍വലിക്കാം

Leave a Reply

Your email address will not be published. Required fields are marked *

Most Popular