കുടുംബവാഴ്ചയും ഭരണവിരുദ്ധ വികാരവും തിരിച്ചടിച്ചു; അധികാരമൊഴിയുമ്പോള്‍ ചര്‍ച്ചയാകുന്നത് കെഎസിആറിന്റെ പതനം


ഹൈദരാബാദ്: തെലങ്കാനയില്‍ ബിആര്‍എസിനെ കടപുഴക്കി കോണ്‍ഗ്രസ് അധികാരത്തിലേറുമ്പോള്‍ കെസിആറിന്റെ പതനത്തിന്റെ വേരുകള്‍ ചികയുകയാണ് പാര്‍ട്ടിയും രാഷ്ട്രീയ നിരീക്ഷകരും. നാല് സംസ്ഥാനങ്ങളെ പരിഗണിക്കുമ്പോള്‍ കോണ്‍ഗ്രസിന് ഏറ്റവും പ്രതീക്ഷയുണ്ടായിരുന്ന തെലങ്കാനയില്‍ 12 ശതമാനത്തോളം വോട്ട് വിഹിതം കൂട്ടിയാണ് കോണ്‍ഗ്രസ് 63 സീറ്റുകള്‍ നേടിയത്. ഇതോടെ തെലങ്കാനയുടെ രാഷ്ട്രീയ ചരിത്രം മാത്രമല്ല മാറി മറിഞ്ഞത് കല്‍വകുന്തള ചന്ദ്രശേഖര്‍ റാവുവിന്റെ കൂടിയാണ്.

തെലങ്കാന സംസ്ഥാനം എന്ന ആവശ്യവുമായി സമരമുഖത്ത് കെ ചന്ദ്രശേഖര്‍റാവു സംസ്ഥാന രൂപീകരണത്തിന് ശേഷം കോണ്‍ഗ്രസില്‍ ലയിക്കുമെന്ന് പറഞ്ഞിരു ന്നെങ്കിലും സ്വന്തം രാഷ്ട്രീയ പാര്‍ട്ടിയുമായി തെരഞ്ഞെടുപ്പിനെ നേരിട്ട് തെലങ്കാന രൂപീകരണത്തിന്റെ ക്രെഡിറ്റുമായി മുഖ്യമന്ത്രി പദത്തിലെത്തി. 2018 ല്‍ മിന്നുന്ന രണ്ടാമൂഴം കൂടി നേടിയതോടെ ഇത്തവണ ആത്മവിശ്വാസത്തിന്റെ നെറുകയില്‍ തന്നെയായിരുന്നു ബിആര്‍എസും കെസിആറും. പ്രധാനമായും ഭരണവിരുദ്ധ വികാരമാണ് തിരിച്ചടിയുണ്ടാക്കിയതെന്നാണ് നിരീക്ഷണം.

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായി രാഷ്ട്രീയത്തിലെത്തിയ കെസിആര്‍ തെലുഗുദേശം പാര്‍ട്ടിയില്‍ ചേര്‍ന്നാണ് ആദ്യം എംഎല്‍എയാകുന്നത്. ഐക്യ ആന്ധ്രയില്‍ വിവിധ കാലങ്ങളില്‍ മന്ത്രിയായിരുന്ന കെസിആര്‍ 2001ലാണ് ടിഡിപിയില്‍ നിന്ന് രാജിവെച്ച് തെലങ്കാന രാഷ്ട്രസമിതി രൂപീകരിക്കുന്നത്. പിന്നീട് ലോക്സഭയിലേക്ക് മത്സരിച്ച് ജയിച്ചു തുടങ്ങിയ കെസിആര്‍ തെലങ്കാന രൂപീകരണത്തെത്തുടര്‍ന്നാണ് വീണ്ടും നിയമസഭയിലേക്ക് എത്തിയത്.

അറുപത്തൊമ്പതുകാരനായ കെ ചന്ദ്രശേഖര റാവുവിന്റെ മകന്‍ കെടി രാമറാവു ബിആര്‍എസ് എംഎല്‍എയും മന്ത്രിയുമായിരുന്നു. മകള്‍ കവിതയും അനന്തരവന്‍ ടി ഹരീഷ് റാവുവും ബിആര്‍എസിന്റെ തന്ത്രങ്ങള്‍ രൂപീകരിക്കുന്നതില്‍ പ്രധാനികളാണ്. ഈ കുടുംബ വാഴ്ചയില്‍ അസ്വാസരസ്യങ്ങള്‍ പാര്‍ട്ടിക്കുള്ളിലും ജനമനസിലും ഉണ്ടായിരുന്നു. കുടംബവാഴ്ചയുടെ പേരില്‍ പലപ്പോഴും വിമര്‍ശനങ്ങളും നേരിട്ടു. സാധാരണക്കാരന് അപ്രാപ്യമായ മുഖ്യമന്ത്രിയെന്നും മണ്ണിലിറങ്ങാത്ത മുഖ്യമന്ത്രിയെന്നുമുള്ള ചീത്തപ്പേരും കെസിആറിന് മേല്‍ ഉണ്ടായിരുന്നു.

104 എംഎല്‍എ മാരെ നിലനിര്‍ത്തിയ തീരുമാനം കോണ്‍ഗ്രസിലേക്കുള്ള അടിയൊഴുക്കുകളെ കെസിആര്‍ ഭയപ്പെട്ടിരുന്നതിന്റെ പ്രതിഫലനമാണെന്നത്‌ വ്യക്തമാണ്. തെലങ്കാന രാഷ്ട്രസമിതിയെ ദേശീയ മോഹം മൂലം ഭാരത് രാഷ്ട്രസമിതി ആക്കിയതു കൊണ്ട് നേട്ടമൊന്നും തന്നെ ഉണ്ടായില്ല. മാത്രമല്ല ഇന്ത്യ മുന്നണിയില്‍ നിന്നും വിട്ടു നിന്ന കെസിആര്‍ തീരുമാനവും പ്രത്യേകിച്ച് ഗുണമുണ്ടാക്കിയില്ല. കാലേശ്വരം ജലസേചന പദ്ധതിയില്‍ ഒരു ലക്ഷം കോടിയുടെ അഴിമതി ആരോപണവും ഭദ്രകാളി, കോതഗുഡേം, യാദാദ്രി തെര്‍മല്‍ പദ്ധതികളില്‍ 15,000 കോടിയുടെ അഴിമതി ആരോപണവും എല്ലാ കെസിആറിന്റെ ചീട്ട് കീറാന്‍ കാരണമായി എന്ന് വേണം കണക്കാക്കാന്‍. അധികാരം വിട്ടൊഴിയുമ്പോള്‍ ബിആര്‍എസ് എന്ന രാഷ്ട്രീയ പാര്‍ട്ടിയും കെസിആറിന്റെ രാഷ്ട്രീയ പാര്‍ട്ടിയുടെ ഭാവിയും എന്തായാലും ചര്‍ച്ചയാകും.


Read Previous

സര്‍, എന്നെ ജാതിപ്പേര് വിളിക്കരുത്, കുഞ്ഞാമന്‍ എന്ന് വിളിക്കൂ’; ജാതീയതക്കെതിരെ ചെറുത്തുനില്‍പ്പിന്റെ മാതൃക

Read Next

കോണ്‍ഗ്രസ് അധ്യക്ഷനെ കണ്ട് പൂച്ചെണ്ട് നല്‍കി; തെലങ്കാന ഡിജിപിക്ക് സസ്‌പെന്‍ഷന്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular