സര്‍, എന്നെ ജാതിപ്പേര് വിളിക്കരുത്, കുഞ്ഞാമന്‍ എന്ന് വിളിക്കൂ’; ജാതീയതക്കെതിരെ ചെറുത്തുനില്‍പ്പിന്റെ മാതൃക


ജാതിവിവേചനത്തോട് ഏറ്റവും ശക്തമായ രീതിയില്‍ പ്രതികരിച്ച് രാജ്യത്തെ തന്നെ അറിയപ്പെടുന്ന സാമ്പത്തിക വിദഗ്ധനിലേക്ക് എത്തിയ ഡോ.കുഞ്ഞാമന്റെ ജീവിതം വാക്കുകളില്‍ ചുരുക്കാന്‍ കഴിയുന്നതല്ല. ജാതീയമായ അടിച്ചമര്‍ത്തലുകളെ എതിരിട്ട അനുഭവം അദ്ദേഹം എഴുത്തിലൂടെ പുറംലോകത്തോട് ശക്തമായ ഭാഷയില്‍ വിളിച്ചു പറഞ്ഞു.

പ്രതികൂല സാഹചര്യങ്ങളോട് അദ്ദേഹത്തിന്റെ ചെറുത്തുനില്‍പ്പിനെ അത്രയൊന്നും എളുപ്പത്തില്‍ കേരളത്തിന് തള്ളിക്കളയാനാവില്ലെന്ന് അദ്ദേഹത്തിന്റെ പുസ്തകങ്ങളിലെ വരികള്‍ ഓര്‍മിപ്പിച്ചുകൊണ്ടേയിരിക്കും. കാലങ്ങള്‍ എത്ര പോയാലും ഡോ. ബി ആര്‍ അംബേദ്കര്‍ സമൂഹത്തിന് മുന്നില്‍ ഉന്നയിച്ച ചോദ്യങ്ങള്‍ കുഞ്ഞാമനിലൂടെ ബാക്കിയാക്കി വീണ്ടും ചിന്തിക്കുക പരിവര്‍ത്തനപ്പെടുക എന്ന് നമ്മളോട് പറയാതെ പറഞ്ഞാണ് അദ്ദേഹം വിടപറഞ്ഞിരിക്കുന്നത്. അത്തരം ഓര്‍മകള്‍ പങ്കുവെക്കുന്ന് ‘എതിര്’ എന്ന പുസ്തകത്തിന് കെ വേണു എഴുതിയ അവതാരികയില്‍ അദ്ദേഹത്തിന്റെ നേര്‍ചിത്രം കാണാന്‍ കഴിയും.

കുട്ടികള്‍ക്ക് ഭയവും ബഹുമാനവും ഉണ്ടായിരുന്ന നാട്ടുപ്രമാണി കൂടിയായിരുന്ന മൂന്നാം ക്ലാസിലെ ഒരു അധ്യാപകന്‍ കുഞ്ഞാമനെ പേര് വിളിച്ചിരുന്നില്ല. പാണന്‍ എന്നായിരുന്നു വിളിച്ചിരുന്നത്. ഒരു ദിവസം സഹികെട്ട മൂന്നാം ക്ലാസുകാരന്‍ പ്രതികരിച്ചു, സാര്‍ എന്നെ ജാതിപ്പേര് വിളിക്കരുത്, കുഞ്ഞാമന്‍ എന്ന് വിളിക്കണം എന്ന്. എന്താടാ ജാതിപ്പേര് വിളിച്ചാല്‍ എന്ന് ചോദിച്ചുകൊണ്ട് അയാള്‍ കുഞ്ഞാമന്റെ മുഖത്തടിച്ചു. പുസ്തകം എവിടെടാ എന്നായി അയാളുടെ അടുത്ത ചോദ്യം. ഇല്ലെന്ന് പറഞ്ഞപ്പോള്‍ കഞ്ഞി കുടിക്കാനാണ് വന്നത് പഠിക്കാനല്ല എന്ന് പരിഹസിച്ചു ആ പ്രമാണി. അതോടെ കുഞ്ഞാമന്‍ സ്‌കൂളിലെ കഞ്ഞികുടി നിര്‍ത്തി. പഠിക്കാന്‍ തീരുമാനിച്ചു. അതങ്ങനെ വെറുമൊരു തീരുമാനമായിരുന്നില്ലെന്ന് കാലം തെളിയിച്ചു.

ഉയര്‍ന്ന ആത്മവിശ്വാസവും തികഞ്ഞ കൂസലില്ലായ്മയും തന്നെയാണ് അന്ന് മുതലേ കുഞ്ഞാമനെന്ന സാമ്പത്തിക വിദഗ്ധനെ വലുതാക്കിയത്. ആഗോളവത്കരണവും അതിന്റെ ഭാഗമായി ഉയര്‍ന്നുവന്ന ലിബറല്‍ നയങ്ങളും ഇന്ത്യയില്‍ ദളിത് സമൂഹത്തിനു ഗുണകരമായി തീരുകയായിരുന്നു എന്ന് കുഞ്ഞാമന്‍ പലപ്പോഴും വ്യക്തമാക്കിയിട്ടുണ്ട്. തന്റെ സമൂഹം തനിക്കു തന്നത് ദാരിദ്ര്യം, ഭയം, അപകര്‍ഷതാബോധം,ആത്മവിശ്വാസമില്ലായ്മ, ധൈര്യമില്ലായ്മ എല്ലാം കുഞ്ഞാമന്‍ തുറന്നു തന്നെ പറഞ്ഞു.

സാമ്പത്തികശാസ്ത്രത്തില്‍ എംഎക്ക് ഒന്നാം റാങ്ക് നേടിയ ശേഷം രണ്ടുവര്‍ഷം തൊഴിലിനു വേണ്ടി അലഞ്ഞുതിരിഞ്ഞതിനു ശേഷമാണ് തിരുവനന്തപുരത്തെ സി.ഡി.എസില്‍ എംഫിലിനു ചേരുന്നത്. കേരള സര്‍വ്വകലാശാലയിലെ ലക്ചറര്‍ തസ്തികയിലേക്ക് അപേക്ഷിച്ചവരില്‍ ഒന്നാം റാങ്ക് നേടിയിട്ടും ജോലിക്ക് വിഘാതമായി നിന്നത് ജാതിയാണ്. പിന്നീട് ഇതേ സര്‍വ്വകലാശാലയില്‍ 27 വര്‍ഷം അധ്യാപകന്‍. പ്രമുഖരായ ശിഷ്യര്‍..കാര്യവട്ടത്ത് നിന്നും മുംബെയിലെ ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് പ്രൊഫസറായി കുഞ്ഞാമന്‍ പ്രവര്‍ത്തിക്കുന്നു. വിരമിച്ച ശേഷം നാല് വര്‍ഷം കൂടി അദ്ദേഹം അവിടെ തുടര്‍ന്നു.

ഇടത്തേട്ട് ചാഞ്ഞ മനസായിരുന്നുവെങ്കിലും വിയോജിപ്പുകള്‍ തുറന്നുപറഞ്ഞു. കേരളത്തിലെ ദളിത് പോരാട്ടങ്ങളിലെല്ലാം പിന്തുണയുമായി കുഞ്ഞാമന്‍ നിലയുറപ്പിച്ചു. ജാതീയതക്കെതിരായ പോരാട്ടമായ ജീവചരിത്രത്തിന് കഴിഞ്ഞ വര്‍ഷം കേരള സാഹിത്യ അക്കാദമി അവാഡ് കിട്ടിയെങ്കിലും അവാര്‍ഡ് നിരസിച്ചു. കേരളത്തിലെ വികസനപ്രതിസന്ധി, എതിര് (ആത്മകഥ), സ്റ്റേറ്റ് ലെവല്‍ പ്ലാനിങ് ഇന്‍ ഇന്ത്യ, ഗ്ലോബലൈസേഷന്‍: എ സബാള്‍ട്ടേണ്‍ പെര്‍സ്പെക്ടീവ്, എകണോമിക് ഡെവലപ്പ്മെന്റ് ആന്‍ഡ് സോഷ്യല്‍ ചേഞ്ച്, ഡെവലപ്പ്മെന്റ് ഓഫ് ട്രൈബല്‍ എക്കണോമി തുടങ്ങിയവയാണ് പ്രധാന കൃതികള്‍.

ജനിച്ച ജാതിയുടെ പേരില്‍ മാറ്റിനിര്‍ത്തപ്പെട്ടവന്റെ നീറ്റലില്‍ നിന്ന് നെയ്‌തെടുത്ത ജീവിതമാണ് കുഞ്ഞാമന്റേത്. വെല്ലുവിളികളേയും പരിഹാസങ്ങളേയും അവഗണിച്ച് ജയിച്ച് കയറിയ മനുഷ്യന്‍. അദ്ദേഹം പകര്‍ന്നു നല്‍കിയ അനുഭവങ്ങള്‍ എന്നും എല്ലാ കാലത്തും പ്രസക്തമാണ്. അതിന്റെ തീച്ചൂളയില്‍ തന്നെ കുഞ്ഞാമനെ വരും തലമുറയും ഓര്‍മിക്കുമെന്നതില്‍ തര്‍ക്കമില്ല.


Read Previous

രാജസ്ഥാനിലെ കനത്ത പരാജയം; മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് അശോക് ഗെലോട്ട്

Read Next

കുടുംബവാഴ്ചയും ഭരണവിരുദ്ധ വികാരവും തിരിച്ചടിച്ചു; അധികാരമൊഴിയുമ്പോള്‍ ചര്‍ച്ചയാകുന്നത് കെഎസിആറിന്റെ പതനം

Leave a Reply

Your email address will not be published. Required fields are marked *

Most Popular