വീണ്ടും സമര രംഗത്തേക്ക് കർഷകർ, ഡല്‍ഹി ചലോ മാര്‍ച്ച് 13ന്; ഇന്റര്‍നെറ്റ് വിലക്കുമായി ഹരിയാന


കര്‍ഷകര്‍ നടത്തുന്ന ഡല്‍ഹി ചലോ മാര്‍ച്ചിനെ നേരിടാന്‍ മുന്നൊരുക്കങ്ങളുമായി ഹരിയാന(Haryana). ഫെബ്രുവരി 13 വരെ മൊബൈല്‍ ഇന്റര്‍നെറ്റ് , ബള്‍ക്ക് എസ്എംഎസ്, എല്ലാ ഡോംഗിള്‍ സേവനങ്ങളും താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചു. അംബാല, കുരുക്ഷേത്ര, കൈതാല്‍, ജിന്ദ്, ഹിസാര്‍, ഫത്തേഹാബാദ്, സിര്‍സ തുടങ്ങിയ ജില്ലകളിലാണ് ഇന്റര്‍നെറ്റ് സര്‍വീസുകള്‍ നിര്‍ത്തിവെച്ചിരിക്കുന്നത്. സംയുക്ത കിസാന്‍ മോര്‍ച്ചയും കിസാന്‍ മസ്ദൂര്‍ മോര്‍ച്ചയും ഉള്‍പ്പെടെ 200-ലധികം കര്‍ഷക യൂണിയനുകള്‍ ചേര്‍ന്നാണ് 13ന് മാര്‍ച്ച് സംഘടിപ്പിക്കുന്നത്. വിളകള്‍ക്ക് മിനിമം താങ്ങുവില (എംഎസ്പി) ഉറപ്പാക്കാന്‍ നിയമം കൊണ്ടുവരുന്നത് ഉള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തുകയാണ് ജാഥയുടെ ലക്ഷ്യം.

ഹരിയാന ഭരണകൂടം പുറത്തിറക്കിയ വിജ്ഞാപനമനുസരിച്ച്, ബള്‍ക്ക് എസ്എംഎസു കളും മൊബൈല്‍ നെറ്റ്വര്‍ക്കുകളില്‍ വോയ്സ് കോളുകള്‍ ഒഴികെയുള്ള എല്ലാ ഡോംഗിള്‍ സേവനങ്ങളും താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കും. ഫെബ്രുവരി 11 ന് രാവിലെ 6 മുതല്‍ ഫെബ്രുവരി 13 ന് രാത്രി 11:59 വരെ ഉത്തരവ് പ്രാബല്യത്തില്‍ ഉണ്ടായിരിക്കുമെന്ന് വിജ്ഞാപനത്തില്‍ പറയുന്നു. അതേസമയം, കര്‍ഷകരുടെ ‘ഡല്‍ഹി ചലോ’ മാര്‍ച്ചിന് മുന്നോടിയായി പഞ്ചാബിനും ഹരിയാനയ്ക്കും ഇടയിലുള്ള അംബാല, ജിന്ദ്, ഫത്തേഹാബാദ് ജില്ലകളിലെ അതിര്‍ത്തികള്‍ സുരക്ഷിതമാക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍ നടന്നുവരികയാണ്. ഡല്‍ഹിയിലേക്കുള്ള കര്‍ഷക മാര്‍ച്ചിന്റെ ഭാഗമായി അംബാലയില്‍ ഹരിയാന പോലീസും പ്രാദേശിക ഭരണകൂടവും ചേര്‍ന്ന് ബാരിക്കേഡുകള്‍ സ്ഥാപിച്ച് വരികയാണ്.

ഹരിയാന ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് ശത്രുജീത് കപൂര്‍, ഇന്‍സ്പെക്ടര്‍ ജനറല്‍ ഓഫ് പോലീസ് (അംബാല റേഞ്ച്) ശിവാസ് കവിരാജ്, അംബാല പോലീസ് സൂപ്രണ്ട് ജഷന്‍ദീപ് സിംഗ് എന്നിവര്‍ അതിര്‍ത്തി പ്രദേശം സന്ദര്‍ശിക്കുന്നതിനാല്‍ അംബാല യ്ക്ക് സമീപമുള്ള ശംഭു അതിര്‍ത്തിയിലും സുരക്ഷ ശക്തമാക്കി. ചണ്ഡീഗഢില്‍ നിന്ന് ഡല്‍ഹിയിലേക്ക് പോകുന്ന യാത്രക്കാരോട് ദേരബസ്സി, ബര്‍വാല/രാംഗഢ്, സാഹ, ഷഹബാദ്, കുരുക്ഷേത്ര വഴിയോ പഞ്ച്കുല, എന്‍എച്ച്-344 യമുനാനഗര്‍ ഇന്ദ്രി/പിപ്ലി, കര്‍ണാല്‍ വഴിയോയുള്ള ബദല്‍ റൂട്ടുകള്‍ സ്വീകരിക്കാന്‍ പോലീസ് ആവശ്യ പ്പെട്ടിട്ടുണ്ട്.

സംസ്ഥാനത്ത് ക്രമസമാധാനപാലനത്തിനായി 50 കമ്പനി കേന്ദ്ര അര്‍ദ്ധസൈനിക വിഭാഗത്തെ ഹരിയാന പോലീസ് വിന്യസിച്ചിട്ടുണ്ട്. പ്രതിഷേധം നടത്തുന്ന കര്‍ഷക രോട് അനുമതിയില്ലാതെ മാര്‍ച്ചില്‍ പങ്കെടുക്കരുതെന്നും പൊതുമുതല്‍ നശിപ്പിച്ചാല്‍ കര്‍ശന നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അടിയന്തര സാഹചര്യ ങ്ങളില്‍ മാത്രം പഞ്ചാബിലേക്ക് യാത്ര ചെയ്താല്‍ മതിയെന്നാണ് പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചിരിക്കുന്നത്. ജിന്ദ്, ഫത്തേഹാബാദ് ജില്ലകളിലും സമാനമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അംബാല-ശംഭു അതിര്‍ത്തി, ഖനൗരി-ജിന്ദ്, ദബ്വാലി അതിര്‍ത്തി എന്നിവിടങ്ങളില്‍ നിന്ന് ഡല്‍ഹിയിലേക്ക് പോകാനാണ് കര്‍ഷകര്‍ പദ്ധതിയിട്ടിരിക്കുന്നത്.



Read Previous

പാടത്തിന് തീപിടിച്ചു; ആളിപ്പടരുന്നത് കണ്ടതോടെ ഹൃദയാഘാതം, വയോധികന്‍ മരിച്ചു

Read Next

ഫാത്തിമ തഹ്‌ലിയയെ ഖത്തറില്‍ പ്രസംഗിക്കുന്നതില്‍ നിന്ന് എംബസി വിലക്കിയെന്ന്; ഏക സിവില്‍കോഡിനെതിരെ സംസാരിച്ചതാണ് പ്രശ്‌നമെന്ന്, പ്രതികരിക്കാതെ കെഎംസിസി

Leave a Reply

Your email address will not be published. Required fields are marked *

Most Popular