അത് ശൈലജ ടീച്ചറുടെ അടുത്തു തന്നെ ചെലവാകില്ല, പിന്നയല്ലേ; അതു വേണ്ട, ആ കളി അധികം വേണ്ട’


കോഴിക്കോട്: നവകേരള സദസ് വേദിയിൽ വെച്ച് മുൻമന്ത്രി കെ കെ ശൈലജ ടീച്ചറെ ഇകഴ്ത്തിയെന്ന വിവാദത്തിൽ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ‘ഞാന്‍ ശൈലജടീച്ചര്‍ക്കെതിരെ എന്തെങ്കിലും പറഞ്ഞു എന്ന ചിത്രമുണ്ടാക്കാനാണ് മാധ്യമങ്ങള്‍ ശ്രമിക്കുന്നത്. അത് ശൈലജ ടീച്ചറുടെ അടുത്തു തന്നെ ചെലവാകുന്ന കാര്യമല്ല. പിന്നെയാണോ മറ്റുള്ളവരുടെ അടുത്ത്. അതൊന്നും നടക്കുന്ന കാര്യമല്ല. എന്തിനാണ് അങ്ങനെ പുറപ്പെടുന്നതെന്ന് മനസ്സിലാകുന്നില്ല. സാധാരണ എന്റെ ഒരു ശീലം വെച്ച് ഞാന്‍ കാര്യങ്ങള്‍ പറയും. അതാണ് ഇന്നലെയുണ്ടായത്. അതുമായി ബന്ധപ്പെട്ട് ഇന്നലെ വ്യക്തത വരുത്തിയതാണല്ലോ’ എന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

‘മട്ടന്നൂര്‍ എന്നത് വലിയ തോതില്‍ ആളുകള്‍ തടിച്ചു കൂടാന്‍ സാധ്യതയുള്ള സ്ഥലമാണ്. സര്‍ക്കാരിന്റെ ഒരു പരിപാടിയാകുമ്പോള്‍ സാധാരണ രീതിയില്‍ എല്‍ഡിഎഫു കാരെല്ലാം ഒഴുകിയെത്തുമല്ലോ. എല്‍ഡിഎഫിന് ഏറ്റവും കൂടുതല്‍ ആളുകളെ അണിനിരത്താന്‍ പറ്റുന്ന ഒട്ടേറെ പ്രദേശങ്ങളുണ്ട്. അതില്‍ മുന്‍നിരയിലാണ് മട്ടന്നൂര്‍. അവിടെയുള്ള ആളുകളെ കണ്ടപ്പോള്‍ അവര്‍ക്ക് ഹരം തോന്നിയിട്ടുണ്ടാകും. അപ്പോഴാണ് പരിപാടി എങ്ങനെയുണ്ടെന്ന് ചോദിച്ചത്. അപ്പോഴാണ് നമ്മള്‍ വലിയ വലിയ ആള്‍ക്കൂട്ടത്തെ കണ്ടു വരുന്നതു കൊണ്ട് ഏതാണ് വലിയ പരിപാടിയെന്ന് പറയാന്‍ പറ്റാത്ത അവസ്ഥയാണെന്ന് പറഞ്ഞത്.’

‘മാധ്യമങ്ങള്‍ക്ക് ഒരുതരം വല്ലാത്ത ബുദ്ധിയാണ് ഇക്കാര്യത്തില്‍. എന്തിനാണ് അങ്ങനെ ചെലവഴിച്ച് പോകുന്നതെന്ന് അറിയില്ല. അതിന്റെ ഉദ്ദേശം എന്താണെന്ന് അറിയില്ല. അതു നല്ലതല്ലെന്ന് മാത്രമേ പറയുന്നുള്ളൂവെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്റെ തെറ്റിദ്ധാരണയല്ല. നിങ്ങള്‍ക്ക് തെറ്റിദ്ധാരണയാണെങ്കില്‍ ആ തെറ്റിദ്ധാരണയാണെന്ന് പറയാന്‍ ഞാന്‍ തയ്യാറാകുമായിരുന്നു. നിങ്ങള്‍ക്ക് തെറ്റിദ്ധാരണ അല്ല ഉണ്ടാകുന്നത്. നിങ്ങള്‍ തന്നെ ഇപ്പോള്‍ ചോദിക്കുന്നത്  നിങ്ങള്‍ക്ക് നിര്‍ദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാകുമല്ലോ. ആ ഉറവിടത്തെപ്പറ്റിയാണ് ഞാന്‍ പറയുന്നത്. അതു വേണ്ട. ആ കളി അധികം വേണ്ട.’ മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. 


Read Previous

എൻജിനീയർമാരെ ശാസിച്ചും,പരിഹസിച്ചും ഗണേഷ് കുമാർ

Read Next

കേരള ജനപക്ഷം മോദിക്കും ബിജെപിക്കും ഒപ്പം: പിസി ജോര്‍ജ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular