അടച്ചു വെയ്ക്കാനാവാത്ത ക്യാമറക്കണ്ണ്! ജിനേഷ് കോവിലകം.


സമരതീഷ്ണവും ദുരിതപൂര്‍ണ്ണവുമായ കാലം മനുഷ്യരെ കൂടുതല്‍ സര്‍ഗ്ഗാത്മകജീവിതത്തിലേയ്ക്ക് നയിച്ച ചരിത്രമാണ് നമുക്കെന്നും പറയാനുണ്ടാവുക. ലോകമൊന്നടങ്കം ഒരു മഹാമാരിയോട് പൊരു തുന്ന ഇക്കാലത്തും, കലയും സാഹിത്യവും അതിലെ മാനവികതയുടെ വികാസവുമെല്ലാം നവമാധ്യ മങ്ങളുടെ കൂടി സഹായത്തോടെ ഊര്‍ജ്ജം കൈക്കൊളളുന്നത് നമുക്ക് അനുഭവപ്പെടുന്നുണ്ടല്ലോ.

ഒന്നാം ലോക്ഡൗണിന്റെ തുടക്കത്തിലാണ്, വീഡിയോ എഡിറ്ററായി ജോലി ചെയ്യുകയായിരുന്ന കോഴിക്കോട് ജില്ലയിലെ പനങ്ങാട് ഗ്രാമത്തിലുളള പ്രജിത്ത് എന്ന ചെറുപ്പക്കാരന്‍, തന്റെ വീട്ടിലിരി പ്പിന്റെ വിരസതയകറ്റാന്‍ വേണ്ടി മാത്രമായി സ്വന്തം മൊബൈലിലെ വീഡിയോക്യാമറ സ്വിച്ച് ഓണ്‍ ചെയ്തത്. അയല്‍പക്കക്കാരായ സുഹൃത്തുക്കളെ പ്രജിത്ത് വീട്ടിലേയ്ക്ക് വിളിച്ചു വരുത്തി അഭിനേ താക്കളാക്കി. കഥയും തിരക്കഥയും പലവുരി മനസ്സിലെഴുതി തിരുത്തി. അങ്ങനെ നര്‍മ്മരൂപത്തില്‍ നല്ലൊരു ഹ്രസ്വസിനിമയായി അത് മാറുകയും ചെയ്തു. ‘കൊറോണയുടെ നാമത്തില്‍ !’

ആയിരക്കണക്കിന് ആളുകള്‍ യൂടൂബിലൂടെയും അല്ലാതെയും കണ്ടു പ്രജിത്തിന്റെ ഈ സിനിമ. അഭിനന്ദനങ്ങളും നിര്‍ദ്ദേശങ്ങളുമായി ഒരുപാട് പേര്‍ ചേര്‍ത്തുനിര്‍ത്തിയപ്പോഴാണ് കാര്യങ്ങളെ കൂടുതല്‍ ഗൗരവത്തില്‍ പ്രജിത്തിനും ബോധ്യപ്പെട്ടത്. പണ്ടെന്നോ തന്റെ മനസ്സില്‍ ചേക്കേറിയിരുന്ന സിനിമയെന്ന വികാരത്തെ അത് ശക്തമാക്കുകയായിരുന്നെന്ന്.

ലോക്ഡൗണ്‍ ഏല്പിച്ച നിയന്ത്രണങ്ങള്‍, മൊബൈല്‍ ഫോണിന്റെ സാധ്യതകള്‍… ഇതെല്ലാം വീണ്ടും ചിന്തകളില്‍ തികട്ടി. ഒരേസമയം ഇരയും വേട്ടക്കാരനുമായി മാറുന്ന ഒരു ചിത്തരോഗിയുടെ സംഘര്‍ ഷങ്ങളാണ് അടുത്തതായി പ്രജിത്ത് ചിത്രീകരണത്തിന് തെരഞ്ഞെടുത്തത്. ആദ്യസിനിമയിലെ സുഹൃ ത്ത് സനീഷിനെ തന്നെ വീണ്ടും നായകനാക്കി. വീടിനടുത്തുളള പഴയ കെട്ടിടവും കാവും പശ്ചാത്ത ലമാക്കി. അങ്ങനെ ‘നിഴല്‍’ എന്ന ആ കൊച്ചുസിനിമയിലൂടെ, ഭ്രാന്തിന്റെ ഇടവേളകളില്‍ വെച്ച് സ്വന്തം രോഗത്തെ തിരിച്ചറിയുന്ന ഒരു രോഗിയുടെ അതിസങ്കീര്‍ണ്ണമായ അവസ്ഥകളെ ആഴത്തില്‍ ഒപ്പിയെടുത്തു. താനും കൂടി നേതൃത്വം വഹിക്കുന്ന കോഴിക്കോട്ടെ സാംസ്ക്കാരിക കൂട്ടായ്മയുടെ പേരിലുളള ‘കുഞ്ഞോടം ചാനല്‍’ എന്ന യൂടൂബ് ചാനലിലൂടെ പ്രജിത്ത് തന്റെ സിനിമകളെ കൂടുതല്‍ പ്രേക്ഷകരിലേയ്ക്കെത്തിക്കാന്‍ തുടങ്ങി.

മൊബൈല്‍ ക്യാമറയിലായാല്‍ പോലും ഫ്രെയിമുകളെപ്പറ്റിയുളള മുന്‍ധാരണകള്‍, പ്രേക്ഷകരോട് ശക്തമായ സംവേദനം സാദ്ധ്യമാക്കുന്ന പശ്ചാത്തലങ്ങളുടെ കണ്ടെടുപ്പ്,.. ഇങ്ങനെ ചില ഘടകങ്ങള്‍ വ്യത്യസ്തനാക്കുകയായിരുന്നു പ്രജിത്ത് പനങ്ങാടിനെ. ആദ്യസിനിമകളുടെ മേക്കിംഗ് രീതികള്‍ ശ്രദ്ധിക്കപ്പെട്ടതോടെ ഷോര്‍ട് ഫിലിം നിര്‍മ്മിക്കാനാഗ്രഹിക്കുന്ന ഒരുപാട് പേര്‍ പ്രജിത്തിനെ അന്വേ ഷിച്ചു വന്നു തുടങ്ങി. അങ്ങനെയാണ് പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ കെ. കെ. ജയേഷി ന്റെ രചനയില്‍ ഗ്രേപ് മീഡിയയുടെ ബാനറില്‍ പ്രശസ്ത നടന്‍ വിജയന്‍ നായര്‍, ഷിജു എന്നിവര്‍ ചേര്‍ന്ന് അഭിനയിച്ച ‘തിരുത്ത്’ ഉണ്ടായത്. മാധ്യമങ്ങള്‍ ഏറെ ചര്‍ച്ച ചെയ്ത ഈ സിനിമയ്ക്ക് ശേഷം നിരവധി ഷോര്‍ട് ഫിലിമുകളുടെയും വീഡിയോ ആല്‍ബങ്ങളുടെയും പ്രൊജക്ടുകള്‍ പ്രജിത്തിന്റെ കടാക്ഷം കാത്തിരിക്കുകയും ചെയ്യുന്നു.

എത്രതന്നെ അടച്ചു പൂട്ടാന്‍ ശ്രമിച്ചാലും പുറമേയ്ക്ക് ഇരച്ചു പായുന്ന കാഴ്ചയുടെ പൊന്‍കിരണ മാണ് പ്രതിഭയെന്ന് പ്രജിത്ത് പനങ്ങാട് തന്റെ സിനിമകളിലൂടെ സാക്ഷ്യപ്പെടുത്തുന്നു.


Read Previous

ന്യൂനപക്ഷ സ്കോളർഷിപ്പ് അടിയന്തരമായി പുനസ്ഥാപിക്കണമെന്ന് മുസ്ലീം ലീഗ്. അർഹരായ പിന്നോക്കാകാർക്ക് ആനുകൂല്യങ്ങൾ നൽകുന്നതിന് മുസ്ലീം ലീഗ് എതിരല്ല.

Read Next

വലുതായി ചിന്തിക്കുക: ഡോ ആന്റണി ജോസഫ് (മൈൻഡ് പവർ ട്രെയിനർ)

Leave a Reply

Your email address will not be published. Required fields are marked *

Most Popular