കമല്‍നാഥും മകനും ബിജെപിയിലേക്ക്?; ചര്‍ച്ചകള്‍ സജീവമെന്ന് റിപ്പോര്‍ട്ട്


ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ കമല്‍നാഥും മകനും ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ട്. ബിജെപി നേതൃത്വ വുമായി കമല്‍നാഥ് ചര്‍ച്ച നടത്തിയതായി മുതിര്‍ന്ന കോണ്‍ഗ്രസ് എംഎല്‍എയെ ഉദ്ധരിച്ച് ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

സംസ്ഥാനത്ത് കോണ്‍ഗ്രസ് തിരിച്ചു വരാനുള്ള സാധ്യത ദുഷ്‌കരമാണെന്ന തിരിച്ചറിവാണ് കമല്‍നാഥിനെ രാഷ്ട്രീയ കളംമാറ്റത്തിന് പ്രേരിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. നിരവധി തവണ കേന്ദ്രമന്ത്രിയായ, ഗാന്ധി കുടുംബവുമായി വളരെ അടുപ്പമുള്ള കമല്‍നാഥ് പാര്‍ട്ടി വിട്ടാല്‍ കോണ്‍ഗ്രസിന് വലിയ തിരിച്ചടിയാണ്.

കമല്‍നാഥിന് രാജ്യസഭാ സീറ്റും മകന്‍ നകുല്‍ നാഥിന് ലോക്‌സഭ സീറ്റും മന്ത്രിപദവും ബിജെപി വാഗ്ദാനം ചെയ്‌തേക്കുമെന്നാണ് സൂചന. അന്തിമ തീരുമാനമെടുക്കുന്നതിന് മുന്നോടിയായി കമല്‍നാഥ് ഈ മാസം 13 ന് കോണ്‍ഗ്രസ് എംഎല്‍എമാരെ അത്താഴ വിരുന്നിന് ക്ഷണിച്ചിട്ടുണ്ട്. രാജ്യസഭ എംപി വിവേക് തന്‍ഖയും ബിജെപിയില്‍ ചേര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്.

മധ്യപ്രദേശ് മുഖ്യമന്ത്രി മോഹന്‍ യാദവ് കഴിഞ്ഞദിവസം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡ എന്നിവരുമായി കോണ്‍ഗ്രസ് നേതാക്കളുടെ പാര്‍ട്ടി പ്രവേശനം ചര്‍ച്ച ചെയ്തുവെന്നാണ് വിവരം. മുന്‍ ലോക്‌സഭ സ്പീക്കര്‍ സുമിത്ര മഹാജന്‍ കമല്‍നാഥിനെ ബിജെപിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്.

രാജ്യസഭാ സീറ്റ് വേണമെന്ന് ആവശ്യപ്പെട്ട് കമല്‍നാഥ് വെള്ളിയാഴ്ച കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയാഗാന്ധിയെ കണ്ടിരുന്നു. എന്നാല്‍ കമല്‍നാഥിന് രാജ്യസഭാ സീറ്റു നല്‍കുന്നതില്‍ ഹൈക്കമാന്‍ഡിന് താല്‍പ്പര്യമില്ലെന്നാണ് സൂചന. ഇതോടെയാണ് കമല്‍നാഥ് മറുകണ്ടം ചാടാന്‍ നീക്കം തുടങ്ങിയത്. ചിന്ദ് വാരയില്‍ കമല്‍നാഥിന്റെ മകന്‍ നകുല്‍നാഥ് സ്വമേധയാ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചിട്ടുണ്ട്.


Read Previous

ആചാര്യ പ്രമോദ് കൃഷ്ണനെ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കി

Read Next

അടിയന്തര കടമെടുപ്പിന് അവകാശമില്ല, കേരളത്തിന്റെ ആവശ്യം തള്ളണമെന്ന് കേന്ദ്രം സുപ്രീംകോടതിയില്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular