കേരള സർക്കാരും നോർക്കയും അടിയന്തരമായി ഇടപെടണം; എയർ ഇന്ത്യ എക്സ്പ്രസ്സ് ജീവനക്കാരുടെ നടപടി ക്രൂരത – സഊദി കെഎംസിസി


റിയാദ് : മുന്നറിയിപ്പില്ലാതെ സർവീസ് റദ്ദാക്കി പ്രവാസികളെയും മറ്റു യാത്രക്കാരെയും പെരുവഴിയിലാക്കിയ  എയർ ഇന്ത്യ എക്സ്പ്രസ്സ് ജീവനക്കാരുടെ നടപടി കടുത്ത ക്രൂരതയാണെന്ന് കെഎംസിസി സഊദി നാഷണൽ കമ്മിറ്റി.കേരളത്തിൽ നിന്ന് ഇരുപതോളം സർവീസുകളാണ് റദ്ദാക്കിയത് . കരിപ്പൂരിൽ നിന്ന് മാത്രം 12 സർവീ സുകൾ നിലച്ചപ്പോൾ   പ്രവാസികളുൾപ്പടെ ആയിരകണക്കിന് യാത്രക്കാർ ലക്ഷ്യത്തിലെത്താനാവാതെ കടുത്ത പ്രതിസന്ധിയിലായി.

ഇതുമൂലം സഊദി ഉൾപ്പടെ ഗൾഫ് നാടുകളിൽ നിന്ന് നാട്ടിലേക്ക് യാത്ര തിരിക്കാൻ ഒരുങ്ങിയവർക്കും വിനയായി. വിസിറ്റിംഗ് വിസയുടെ കാലാവധി കഴിയുന്ന കുടുംബങ്ങൾ ഉൾപ്പടെയുളളവരും  ഇക്കൂത്തിലുണ്ട്.  അധികൃതരുടെ തികഞ്ഞ അനാസ്ഥയാണ് ഇത്തരമൊരവസ്ഥക്ക് കാരണം. സമരപരിപാടികൾ മുൻകൂട്ടി കണ്ട് നടപടികൾ നീക്കുന്നതിൽ പരാജയപ്പെട്ടവരാണ് ഈ യാത്രക്കാർക്കുണ്ടാകുന്ന ഏതൊരു നഷ്ടങ്ങൾക്കും കാരണക്കാക്കരെന്ന് കെഎംസിസി നേതാക്കൾ ചൂണ്ടിക്കാട്ടി.

ഇവരിൽ പലരുടെയും വിസ കാലാവധി ഇന്ന് തീരുന്നവരാണെന്നത് ഗുരുതരമായ വിഷയമാണ്. വെറും നഷ്ടപരിഹാരം കൊണ്ട് മാത്രം പരിഹരിക്കാൻ കഴിയുന്ന വിഷയമല്ല ഇക്കാര്യം. ജീവനക്കാരുടെ പ്രശനങ്ങൾ മുൻകൂട്ടി അറിയാമെന്നിരിക്കെ ഇത്തരമൊരു ഘട്ടത്തിൽ കൺഫേം ടിക്കറ്റ് നൽകി യാത്രക്കാരെ വഞ്ചിക്കുന്ന നിലപാടാണ് എയർ ഇന്ത്യ എക്സ്പ്രസ്സ് അധികൃതർ സ്വീകരിച്ചത്. പ്രവാസികൾക്ക് നേരിട്ട യാത്ര ദുരിതത്തിൽ കേരള സർക്കാരും നോർക്കയും അടിയന്തരമായി ഇടപെടണ മെന്നും വിസ തീരുന്നത് മൂലം ജോലി നഷ്ടപ്പെടുന്നവർക്ക് ഉടൻ പരിഹാരം കണ്ടെത്തി നൽകണമെന്നും മറ്റുളളവർക്ക് നഷ്ടപരിഹാരവും നൽകണമെന്നും  സഊദി കെഎംസിസി പ്രസിഡണ്ട് കുഞ്ഞിമോൻ കാക്കിയ, ജനറൽ സെക്രട്ടറി അഷ്‌റഫ് വേങ്ങാട്ട്, ട്രഷറർ അഹമ്മദ് പാളയാട്ട് , ചെയർമാൻ ഖാദർ ചെങ്കള എന്നിവർ ആവശ്യപ്പെട്ടു


Read Previous

283 തീർഥാടകരുമായി ഇന്ത്യയിൽ നിന്നുള്ള ആദ്യ ഹജ് വിമാനം മദീനയിലെത്തി, പൂക്കൾ നൽകി അതിഥികളെ അധികൃതർ സ്വീകരിച്ചു, കേരളത്തിൽ നിന്നുള്ള ആദ്യ ഹജ്ജ് വിമാനം മെയ് 21ന് കരിപ്പൂരിൽ നിന്ന് പുറപ്പെടും

Read Next

യാത്രക്കാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ എത്രയും പെട്ടെന്ന് ബദല്‍യാത്ര ഒരുക്കുന്നതിനും കേന്ദ്ര സര്‍ക്കാര്‍ ഇടപെടണം: സൗദി ഐ എം സി സി

Leave a Reply

Your email address will not be published. Required fields are marked *

Most Popular