കെ.എസ്.ആര്‍.ടി.സി. ബസ് മറിഞ്ഞ് 30 പേര്‍ക്ക് പരിക്ക്; കാർ ഇടിച്ച് ബസിന്‍റെ പിൻ ചക്രങ്ങൾ ഊരിത്തെറിച്ചു


കാളികാവ്: കാർ ഇടിച്ച് കെ.എസ്.ആര്‍.ടി.സി. ബസിന്‍റെ പിൻ ചക്രങ്ങൾ ഊരിത്തെറിച്ചതിനേത്തുടർന്നുണ്ടായ അപകടത്തിൽ 30 പേർക്ക് പരിക്ക്. നിയന്ത്രണംവിട്ട കാര്‍ എതിരേവന്ന കെ.എസ്.ആര്‍.ടി.സി. ബസിന്‍റെ പിന്നിലിടിച്ചാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ ബസിന്‍റെ പിന്നിലെ ഇരുവശത്തേയും ചക്രങ്ങള്‍ ഒന്നാകെ ഊരി മാറിയതിനേത്തുടർന്ന് ബസ് മറിയുകയായിരുന്നു.

ഇരു വാഹനങ്ങളിലെയും യാത്രക്കാരായ 30 പേര്‍ക്കാണ് പരിക്കേറ്റത്. ബസ് യാത്രികരായ ആറ് പേരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും 20 പേരെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മറ്റുള്ളവര്‍ പ്രഥമ ശുശ്രൂഷ തേടി. കാറില്‍ രണ്ട് യാത്രക്കാരും ബസില്‍ 36 യാത്രക്കാരുമാണ് ഉണ്ടായിരുന്നത്.

വെള്ളിയാഴ്ച രാവിലെ പതിനൊന്നോടെ എം.സി. റോഡില്‍ കുറവിലങ്ങാട് കാളികാവിന് സമീപം കനാല്‍ റോഡ് വളവിലായിരുന്നു അപകടം. തിരുവനന്തപുരത്തുനിന്ന് മൂന്നാറിലേക്ക് പോവുകയായിരുന്നു മൂന്നാര്‍ ഡിപ്പോയിലെ സൂപ്പര്‍ ഫാസ്റ്റ് ബസ്. ഏറ്റുമാനൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്നു കാര്‍.

നിയന്ത്രണം വിട്ട കാര്‍ ബസിന്റെ പിന്‍വശത്ത് ഇടിച്ച് കയറുകയായിരുന്നെന്ന് ബസിലെ കണ്ടക്ടറായ മൂന്നാര്‍ സ്വദേശി കുരിശുപാറ വീട്ടില്‍ സജി വര്‍ഗീസ് (52) പറഞ്ഞു. കാര്‍ ഇടിച്ചതോടെ ബസിന്റെ നിയന്ത്രണം വിട്ടു. ബസിന്റെ പിന്നിലെ ഇരുവശത്തേയും ചക്രങ്ങള്‍ ബന്ധനത്തോട് കൂടി തന്നെ ഊരി പോയി. പ്ലേറ്റ് അടക്കമുള്ള യൂണിറ്റും തകര്‍ന്നു. ഇതോടെ ബസിന്റെ പിന്‍ഭാഗം റോഡിലേക്ക് ഇരുന്നു. നിരങ്ങി നീങ്ങുന്നതിനിടയില്‍ പതുക്കെ നിന്ന ശേഷമാണ് ബസ് മറിഞ്ഞത്. ഇതാണ് അപകടത്തിന്റെ ആഘാതം കുറച്ചത്. ബസ് ഇടിച്ച് കോണ്‍ക്രീറ്റ് വൈദ്യുതി തൂണും ഇരുമ്പ് ഗര്‍ഡര്‍ തൂണും തകര്‍ന്നു.

കാറിന്റെ പിന്നാലെ എത്തിയ ലോറിയിലെ തൊഴിലാളികളാണ് ആദ്യം രക്ഷാപ്രവര്‍ത്തനം നടത്തിയതെന്ന് ബസ് ഡ്രൈവര്‍ റോബിന്‍സണ്‍ പറഞ്ഞു. കുറവിലങ്ങാട് പോലീസും കടുത്തുരുത്തി അഗ്നിരക്ഷാ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി ക്രെയിന്‍ ഉപയോഗിച്ചാണ് ബസ് ഉയര്‍ത്തിയത്. റോഡ് അഗ്നിരക്ഷാ നിലയം ഉദ്യോഗസ്ഥര്‍ കഴുകി. മണിക്കൂറുകളോളം എം.സി. റോഡില്‍ ഗതാഗതം ഭാഗികമായി തടസപ്പെട്ടു.


Read Previous

അഭിമന്യു വധക്കേസിന്‍റെ ഫയലുകള്‍ കാണാതായ സംഭവം: ശക്തമായ അന്വേഷണം വേണം; എം.വി. ഗോവിന്ദന്‍

Read Next

സ്മാരകം പോയിട്ട് ഒരു കല്ലുപോലും അച്ഛനുവേണ്ടി കോണ്‍ഗ്രസ് വെയ്ക്കില്ല; പത്മജ വേണുഗോപാല്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular