അഭിമന്യു വധക്കേസിന്‍റെ ഫയലുകള്‍ കാണാതായ സംഭവം: ശക്തമായ അന്വേഷണം വേണം; എം.വി. ഗോവിന്ദന്‍


തിരുവനന്തപുരം: എറണാകുളം മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ. നേതാവായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ രേഖകള്‍ കാണാതായ സംഭവത്തില്‍ ശക്തമായ അന്വേഷണം വേണമെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ചാര്‍ജ് ഷീറ്റ്, പോസ്റ്റുമോര്‍ട്ടം റിപ്പോർട്ട് എന്നിവ ഉള്‍പ്പെടെ 11 രേഖകള്‍ എറണാകുളം സെഷന്‍സ് കോടതിയില്‍നിന്ന് നഷ്ടമായ വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്.

അഭിമന്യു വധക്കേസുമായി ബന്ധപ്പെട്ട ഫയലുകള്‍ കാണാതായതില്‍ ശക്തമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണം. അഭിമന്യു കേസിന്റെ വിചാരണ തുടങ്ങാനിരിക്കെയാണ് രേഖകള്‍ കോടതിയില്‍നിന്ന് നഷ്ടപ്പെടുന്നത്. മാധ്യമവാര്‍ത്തകള്‍ പ്രകാരം 2022-ല്‍ തന്നെ രേഖകള്‍ കാണാതായെന്നാണ് മനസിലാക്കുന്നത്’, എം.വി. ഗോവിന്ദന്‍ പറഞ്ഞു.

‘2018-ല്‍ കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ ഇനിയും വിചാരണ തുടങ്ങാന്‍ കഴിയാത്ത അവസ്ഥയാണ്. കുറ്റപത്രം സമര്‍പ്പിച്ച് വിചാരണ തുടങ്ങാനുള്ള തിയ്യതി മാറ്റിവെക്കുകയായിരുന്നു. ഒന്നാം പ്രതിയെ കിട്ടിയത് കുറച്ച് വൈകിയാണ്. ഇതാണ് വിചാരണ തുടങ്ങാന്‍ താമസമുണ്ടായത്. ആരാണോ ഉത്തരവാദി, അവരെ കണ്ടെത്തി ഫലപ്രദമായ നടപടി സ്വീകരിച്ച് വിശദമായ അന്വേഷണം നടത്തേണ്ടതുണ്ട്’, അദ്ദേഹം പറഞ്ഞു.

2018 ജൂലായ് രണ്ടിന് പുലര്‍ച്ചെ 12:45-നാണ് അഭിമന്യു കൊല്ലപ്പെട്ടത്. എസ്.ഡി.പി.ഐ-കാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരാണ് കേസിലെ പ്രതികള്‍.


Read Previous

കട്ടപ്പനയിൽ നരബലി; നവജാത ശിശു അടക്കം രണ്ടുപേരെ കൊന്ന് കുഴിച്ചുമൂടി; രണ്ടുപേർ അറസ്റ്റിൽ

Read Next

കെ.എസ്.ആര്‍.ടി.സി. ബസ് മറിഞ്ഞ് 30 പേര്‍ക്ക് പരിക്ക്; കാർ ഇടിച്ച് ബസിന്‍റെ പിൻ ചക്രങ്ങൾ ഊരിത്തെറിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular