സൗദിയില്‍ വീണ്ടും കാറ്റും മഴയും ശക്തമാവും; അസ്ഥിര കാലാവസ്ഥ ഒരാഴ്ച തുടരും; വെള്ളപ്പൊക്കമുള്ള പ്രദേശങ്ങളിലും താഴ്വരകളിലും പോകരുത്, ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഡിഫന്‍സ്


റിയാദ്: കഴിഞ്ഞ നാല് ദിവസം മുമ്പുണ്ടായ ശക്തമായ കാറ്റും മഴയും വിതച്ച നാശനഷ്ടങ്ങള്‍ക്കു പിന്നാലെ വീണ്ടും മഴ ഭീതിയില്‍ സൗദി നിവാസികള്‍. ശനിയാഴ്ച മുതലുള്ള ഒരാഴ്ചക്കാലം രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളില്‍ ശക്തമായ മഴയും കാറ്റും ഉണ്ടാകുമെന്നാണ് സൗദി നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീറോളജി (എന്‍സിഎം)യുടെ പുതിയ പ്രവചനം.

ശക്തമായ കാറ്റ് അന്തരീക്ഷത്തില്‍ പൊടിപടലങ്ങള്‍ നിറയ്ക്കുമെന്നും കാറ്റിനും മഴയ്ക്കുമൊാപ്പം പല പ്രദേശങ്ങളിലും ഇടിമിന്നല്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം പ്രവചിച്ചു. തെക്കുപടിഞ്ഞാറന്‍ സൗദി അറേബ്യയിലെ ജിസാന്‍, അസീര്‍, അല്‍ ബഹ എന്നിവിടങ്ങളിലും റിയാദിലും കിഴക്കന്‍ പ്രവിശ്യയിലും വെള്ളിയാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. അസ്ഥിര കാലാവസ്ഥയുടെ ഭാഗമായി കവിഞ്ഞൊഴുകുന്ന വെള്ളപ്പൊക്കം, ആലിപ്പഴ വര്‍ഷം, ഉയര്‍ന്ന തിരമാലകള്‍ തുടങ്ങിയ പ്രതിഭാസങ്ങള്‍ക്കും സാധ്യതയുണ്ടെന്ന് എന്‍സിഎം മുന്നറിയിപ്പ് നല്‍കി.

പുതിയ മഴ സാധ്യതാ പ്രവചനത്തിന്റെ പശ്ചാത്തലത്തില്‍ ജനങ്ങള്‍ കനത്ത ജാഗ്രത പാലിക്കണമെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഡിഫന്‍സ് പ്രസ്താവനയില്‍ അറിയിച്ചു. ആളുകള്‍ വീടുകളില്‍ നിന്ന് പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കണം. പ്രത്യേകിച്ച് വെള്ളപ്പൊക്കമുള്ള പ്രദേശങ്ങളിലും താഴ്വരകളിലും പോവരുതെന്നും അധികൃതര്‍ നിര്‍ദ്ദേശിച്ചു. അപകട സാധ്യത മുന്നില്‍ക്കണ്ട് വെള്ളക്കെട്ടിലോ ഒഴുക്കുള്ള വാദികളിലോ നീന്തുന്നതിനും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

വിവിധ മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലും ഡയറക്ടറേറ്റ് നല്‍കുന്ന സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ പൊതുജനങ്ങള്‍ പാലിക്കണം. മഴ പ്രവചനത്തെ തുടര്‍ന്ന് റിയാദ്, അല്‍ ഖാസിം, കിഴക്കന്‍ പ്രവിശ്യ എന്നിവയുള്‍പ്പെടെ സൗദി അറേബ്യയിലെ നിരവധി പ്രദേശങ്ങളില്‍ വ്യക്തിഗത ക്ലാസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ കഴിഞ്ഞയാഴ്ചത്തെ ശക്തമായ മഴയെ തുടര്‍ന്ന് വിദ്യാഭ്യാസ മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിരുന്നു.

റിയാദ്, അല്‍ ഖാസിം, മക്ക, കിഴക്കന്‍ പ്രവിശ്യ, അസീര്‍, ഹൈല്‍, വടക്കന്‍ അതിര്‍ത്തികള്‍, ജിസാന്‍, നജ്‌റാന്‍, അല്‍ ബഹ തുടങ്ങിയ മേഖലകളില്‍ ബുധനാഴ്ച രാവിലെ മുതല്‍ വ്യാഴാഴ്ച രാവിലെ വരെ വിവിധ തീവ്രതയുള്ള മഴയാണ് ലഭിച്ചതെന്ന് പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്തു. കിഴക്കന്‍ പ്രവിശ്യയിലാണ് ഏറ്റവും കൂടുതല്‍ മഴ പെയ്തത്. ഇവിടെ 63 മില്ലിമീറ്റര്‍ മഴ ലഭിച്ചതായാണ് ഔദ്യോഗിക റിപ്പോര്‍ട്ട്.


Read Previous

ഹേമന്ത് കാര്‍ക്കറെയെ വെടിവെച്ചത് ഭീകരര്‍ അല്ല; ആര്‍എസ്എസ് ബന്ധമുള്ള പൊലീസുകാരന്‍: മഹാരാഷ്ട്ര പ്രതിപക്ഷ നേതാവ്

Read Next

പുതിയ വാതക ശേഖരം കണ്ടെത്തിയതായി ഷാര്‍ജ ഗവണ്‍മെന്റ് സ്ഥാപനമായ ഷാര്‍ജ പെട്രോളിയം കൗണ്‍സില്‍; സാമ്പത്തിക മേഖലയ്ക്ക് കുതിപ്പേകും

Leave a Reply

Your email address will not be published. Required fields are marked *

Most Popular