കുട്ടിക്കര്‍ഷകര്‍ക്ക് സഹായവുമായി ലുലു ഗ്രൂപ്പും; വീട്ടിലെത്തി തുക കൈമാറും


ഇടുക്കി: പശുക്കള്‍ കൂട്ടത്തോടെ ചത്ത സംഭവത്തില്‍ തൊടുപുഴയിലെ കുട്ടി ക്കര്‍ഷകര്‍ക്ക് സഹായവുമായി ലുലു ഗ്രൂപ്പ്. പത്ത് പശുക്കളെ വാങ്ങുന്നതിന് ലുലു ഗ്രൂപ്പ് പണം നല്‍കും. തൊടുപുഴയിലെ വീട്ടിലെത്തി തുക കൈമാറും. നേരത്തെ നടന്‍ ജയറാമും കുട്ടികള്‍ക്ക് സഹായ ഹസ്തവുമായി എത്തിയിരുന്നു. അഞ്ച് ലക്ഷം രൂപ ജയറാം കുട്ടികളുടെ വീട്ടിലെത്തി കൈമാറി.

മമ്മൂട്ടി ഒരു  ലക്ഷവും പൃഥ്വിരാജ് രണ്ട് ലക്ഷം രൂപയും നല്‍കുമെന്ന് ജയറാം അറിയിച്ചു.  ഇരുവരും ജയറാമിനെ ഫോണില്‍ വിളിച്ചാണ് ഇക്കാര്യം അറിയിച്ചത്. രാവിലെ കപ്പത്തൊണ്ടു കഴിച്ച 13 പശുക്കള്‍ കൂട്ടത്തോടെ ചത്ത കുട്ടിക്കര്‍ഷകരുടെ വീട്ടില്‍ മന്ത്രിമാരെത്തിയിരുന്നു. മന്ത്രിമാരായ ജെ ചിഞ്ചുറാണി, റോഷി അഗസ്റ്റിന്‍ എന്നിവരാണ്, ഉപജീവനമാര്‍ഗം നഷ്ടമായ കുട്ടികളുടെ വീട്ടില്‍ ആശ്വാസ വാക്കുകളുമായി എത്തിയത്.

കന്നുകാലികള്‍ കൂട്ടത്തോടെ ചത്തതിനെ ദുരന്തമായാണ് സര്‍ക്കാര്‍ കാണുന്നതെന്ന് ക്ഷീരവികസന വകുപ്പുമന്ത്രി ചിഞ്ചുറാണി വ്യക്തമാക്കി. മന്ത്രിമാര്‍ ഇവരുടെ വീട്ടിലെ തൊഴുത്തിലും സന്ദര്‍ശനം നടത്തി. കുടുംബത്തിന് ആവശ്യമായ എല്ലാ സഹായവും സര്‍ക്കാര്‍ നല്‍കുമെന്ന് മന്ത്രിമാര്‍ വ്യക്തമാക്കി.

22 പശുക്കളാണ് ഇവര്‍ക്കുണ്ടായിരുന്നത്. ഇതില്‍ 13 പശുക്കളാണ് ഞായറാഴ്ച രാത്രി ചത്തത്. അഞ്ച് പശുക്കള്‍ ഗുരുതരാവസ്ഥയിലായിരുന്നു. ഇതില്‍ മൂന്നു പശുക്കളുടെ നില മെച്ചപ്പെട്ടിട്ടുണ്ട്. രണ്ട് പശുക്കള്‍ ഇപ്പോഴും ഗുരുതരാവസ്ഥയിലാണ്. കപ്പത്തോടില്‍ നിന്നുള്ള വിഷബാധയാണ് പശുക്കള്‍ ചാവാന്‍ കാരണമെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ട്.

ഞായറാഴ്ച രാത്രി 10 മണിയോടെയായിരുന്നു സംഭവം. 17ഉം 15ഉം വയസുകാരായ ജോര്‍ജിന്റെയും മാത്യുവിന്റെയും പശുക്കളാണ് ചത്തത്. സംഭവം കണ്ടുനിന്ന മാത്യുവിനും അമ്മക്കും ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായതിനെ തുടര്‍ന്ന് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. മികച്ച കുട്ടിക്ഷീരകര്‍ഷകനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചയാളാണ് മാത്യു.


Read Previous

കേരളത്തിലെ വിമാനത്താവളങ്ങളില്‍ ഏറ്റവും കൂടുതല്‍ സ്വര്‍ണം ഒഴുകുന്നത് കരിപ്പൂര്‍ വഴി; 2023 ല്‍ പിടികൂടിയത് 200 കോടിയുടെ സ്വര്‍ണം

Read Next

ജപ്പാനിലെ വിമാന ദുരന്തം: അഞ്ച് പേര്‍ മരിച്ചു; 379 യാത്രക്കാര്‍ക്ക് അത്ഭുത രക്ഷപെടല്‍ – വീഡിയോ

Leave a Reply

Your email address will not be published. Required fields are marked *

Most Popular