കേരളത്തിലെ വിമാനത്താവളങ്ങളില്‍ ഏറ്റവും കൂടുതല്‍ സ്വര്‍ണം ഒഴുകുന്നത് കരിപ്പൂര്‍ വഴി; 2023 ല്‍ പിടികൂടിയത് 200 കോടിയുടെ സ്വര്‍ണം


കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ 2023 ല്‍ പിടികൂടിയത് 300 കിലോയിലധികം സ്വര്‍ണം. ഏകദേശം 200 കോടി വിലമതിക്കുന്ന സ്വര്‍ണമാണ് പിടികൂടിയത്. ഇതില്‍ 270 കിലോയിലധികം സ്വര്‍ണവും പിടിച്ചത് കസ്റ്റംസാണ്. എന്നാല്‍ കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്ത് കടന്നവരില്‍ നിന്നായി 30 കിലോയിലധികം സ്വര്‍ണം കണ്ടെടുത്തതാകട്ടെ പൊലീസും.

കേരളത്തിലെ വിമാനത്താവളങ്ങളില്‍ ഏറ്റവും കൂടുതല്‍ സ്വര്‍ണം ഒഴുകുന്ന വിമാനത്താവളമായി മാറിരിക്കുകയാണ് കരിപ്പൂര്‍. ഇതിന് സിഐഎസ്എഫ് ഉന്നത ഉദ്യോഗസ്ഥന്റെ ഒത്താശയുണ്ടെന്ന് അന്വേഷണത്തില്‍ വ്യക്തമായിരുന്നു. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് കരിപ്പൂര്‍ വിമാനത്താവളത്തിന്റെ സുരക്ഷാ ചുമതലയുള്ള സിഐഎസ്എഫ് അസിസ്റ്റന്റ് കമാഡന്‍ഡ് ഇപ്പോള്‍ സസ്‌പെന്‍ഷനിലാണ്.

വിദേശ രാജ്യങ്ങളില്‍ നിന്നെത്തിക്കുന്ന സ്വര്‍ണം കസ്റ്റംസിനെ വെട്ടിച്ച് പുറത്തെത്തുമ്പോഴാണ് പ്രതികള്‍ പൊലീസിന്റെ വലയിലാകുന്നത്. ഇത്തരത്തില്‍ പിടികൂടുന്ന സ്വര്‍ണം എവിടേക്കെത്തുന്നു എന്നത് അടക്കമുള്ള കാര്യങ്ങളില്‍ പൊലീസ് അന്വേഷണം നടത്തും. സിഐഎസ്എഫ് ഉന്നത ഉദ്യോഗസ്ഥന്റെ ഒത്താശയോടെയുള്ള സ്വര്‍ണക്കടത്ത് കണ്ടെത്തിയത് പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘമായിരുന്നു. നിലവില്‍ സസ്‌പെന്‍ഷനിലായ സിഐഎസ്എഫ് ഉദ്യോഗസ്ഥന് എതിരായ കേസ് വിജിലന്‍സിന് കൈമാറാനുള്ള നീക്കത്തിലാണ് പൊലീസ്.

അതേസമയം വിമാനത്താവളത്തിനുള്ളിലോ അല്ലെങ്കില്‍ പുറത്ത് വച്ചോ ഓരോ തവണ പിടിവീഴുമ്പോഴും സ്വര്‍ണക്കടത്തില്‍ പുതിയ രീതികള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് കടത്ത് സംഘങ്ങള്‍. ശരീരത്തിന്റെ രഹസ്യ ഭാഗങ്ങളില്‍ ഒളിപ്പിച്ചും ക്യാപ്സ്യൂള്‍ രൂപത്തില്‍ വിഴുങ്ങിയുമൊക്കെ പിടിക്കപ്പെട്ടവരാണ് ഭൂരിഭാഗവും. അടിവസ്ത്രത്തില്‍ ഉള്‍പ്പെടെ സ്വര്‍ണ മിശ്രിതം തേച്ചു പിടിപ്പിച്ച് പിടിയിലായ വിരുതന്‍മാരുമുണ്ട്. ഫ്‌ളാസ്‌കിലും ട്രിമ്മറിന്റെ മോട്ടോറിലും തുടങ്ങി മിക്സിക്കുള്ളില്‍ വരെ സ്വര്‍ണം ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച് പിടിയിലായവര്‍ ധാരാളമാണ്. സ്ത്രീകളെ കൂടുതലായി സ്വര്‍ണക്കടത്തിന് ഉപയോഗിക്കുന്നതും അടുത്തിടെ വര്‍ധിച്ച് വന്നിട്ടുണ്ട്.

ഇതൊരു തൊഴിലാക്കിയവര്‍ എത്ര കോടിയുടെ സ്വര്‍ണം കടത്തി രക്ഷപ്പെട്ടു എന്നതിന് യാതൊരു കണക്കുമില്ല. ഇതുവഴി വന്‍ തുക കമ്മിഷന്‍ വാങ്ങിയ ഉദ്യോഗസ്ഥര്‍ പലരും ഇപ്പോഴും ജോലിയില്‍ തുടരുന്നുമുണ്ട്. കടത്ത് മുതലാളിമാര്‍ നല്‍കുന്ന കോഡുകള്‍ക്ക് അനുസരിച്ചാണ് കടത്ത് തൊഴിലാളികള്‍ വിമാനത്താവളത്തിന് പുറത്ത് കടക്കുന്നത്. കരിപ്പൂര്‍ വഴിയുള്ള സ്വര്‍ണക്കടത്തിന്റെ നീക്കങ്ങള്‍ അതിനിഗൂഢമാണെന്ന് പറയാം.

2021 ജൂണ്‍ 21 ന് രാമനാട്ടുകരയ്ക്കടുത്ത് വൈദ്യരങ്ങാടിയില്‍ ലോറിയും കാറും കൂട്ടിയിടിച്ച് അഞ്ച് പേര്‍ മരിച്ച സംഭവത്തിലും വില്ലന്‍ സ്വര്‍ണക്കടത്തായിരുന്നു. രണ്ട് സംഘങ്ങള്‍ സ്വര്‍ണക്കടത്തിന് ശ്രമം നടത്തിയതാണ് അപകടത്തില്‍ കലാശിച്ചത്. അപകടത്തെത്തുടര്‍ന്ന് കൊടുവള്ളി, പാലക്കാട്, കണ്ണൂര്‍ സംഘങ്ങളുടെ കഥകള്‍ ഒന്നൊന്നായി പുറത്ത് വന്നു. പലതും ഞെട്ടിക്കുന്നവയായിരുന്നു. തട്ടിക്കൊണ്ടു പോകലുകള്‍, കൊലപാതകങ്ങള്‍, ആത്മഹത്യകള്‍ തുടങ്ങി അധോലോക സംഘത്തെ വെല്ലുന്ന പല സംഘങ്ങളും കേരളത്തില്‍ വേരൂന്നിക്കഴിഞ്ഞു. പുറത്തറിഞ്ഞതി നേക്കാള്‍ ഭീകരമാണ് അറിയാത്ത കഥകളെന്നാണ് ഉദ്യോഗസ്ഥര്‍ തന്നെ വെളിപ്പെടുത്തുന്നത്.


Read Previous

കേസിനെ ബാധിച്ചത് ലോക്കല്‍ പൊലീസിന്റെ ഭാഗത്തു നിന്നുണ്ടായ വീഴ്ച; സത്യം തെളിയാന്‍ ഏതറ്റം വരെയും പോകുമെന്ന് ജെസ്‌നയുടെ പിതാവ്

Read Next

കുട്ടിക്കര്‍ഷകര്‍ക്ക് സഹായവുമായി ലുലു ഗ്രൂപ്പും; വീട്ടിലെത്തി തുക കൈമാറും

Leave a Reply

Your email address will not be published. Required fields are marked *

Most Popular