എംഎല്‍എമാരുടെ ആസ്തിയില്‍ വന്‍ വര്‍ധനവ്: ഒന്നാമത്  പി.വി അന്‍വറിന് 64 കോടി, മാത്യൂ കുഴല്‍നാടന് 34 കോടി, മാണി സി. കാപ്പന് 27 കോടി. കുറവ് തരൂര്‍ എംഎല്‍എ പി.വി സുമോദിന്. ഒമ്പത് ലക്ഷം.


കൊച്ചി: കേരളത്തിലെ നിയമസഭാ സാമാജികരുടെ ആസ്തിയില്‍ വലിയ വര്‍ധനവെന്ന് റിപ്പോര്‍ട്ട്. 2016 ല്‍ നിന്നും 2021 ലേക്ക് എത്തിയപ്പോള്‍ സംസ്ഥാനത്തെ 70 എംഎല്‍എ മാരുടെ ആസ്തിയില്‍ 54 ശതമാനം വര്‍ധനവ് ഉണ്ടായെന്നാണ് അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് നടത്തിയ പഠനം വ്യക്തമാക്കുന്നത്. അതായത് ശരാശരി 1.28 കോടി രൂപയുടെ വര്‍ധനവ്.

2016 ല്‍ കേരളത്തിലെ എംഎല്‍എമാരുടെ ശരാശരി ആസ്തി 2.36 കോടിയായിരുന്നു. എന്നാല്‍ അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ഇത് 3.64 കോടിയായി ഉയര്‍ന്നു. ഏറ്റവും കൂടുതല്‍ ആസ്തിയുള്ളത് നിലമ്പൂരിലെ ഇടത് സ്വതന്ത്ര എംഎല്‍എ പി.വി അന്‍വറിനാണ്. 64 കോടിയിലേറെയാണ് അന്‍വറിന്റെ ആസ്തി.രണ്ടാം സ്ഥാനത്തുള്ള കോണ്‍ഗ്രസ് എംഎല്‍എ മാത്യൂ കുഴല്‍നാടന്റെ ആസ്തി 34 കോടിയിലേറെയാണ്. 27 കോടിയുടെ സ്വത്തുമായി പാലാ എംഎല്‍എ മാണി സി. കാപ്പന്‍ മൂന്നാമതുണ്ട്.

സമ്പത്തില്‍ മാത്രമല്ല, ബാധ്യതയുടെ കാര്യത്തിലും പി.വി അന്‍വര്‍ തന്നെയാണ് ഒന്നാമത്. 17 കോടിയുടെ ബാധ്യതാണ് അന്‍വറിനുള്ളത്. മന്ത്രി വി അബ്ദുറഹ്മാന് ഏഴ് കോടിയിലേറെ രൂപയുടെ ബാധ്യതയുണ്ട്. മാണി സി. കാപ്പന്റെ ബാധ്യത നാല് കോടിയാണ്. തരൂര്‍ എംഎല്‍എ പി.വി സുമോദ് ആണ് ഏറ്റവും കുറവ് സമ്പാദ്യമുള്ള നിയമസഭാംഗം. ഒമ്പത് ലക്ഷം മാത്രമാണ് സുമോദിന്റെ സമ്പാദ്യം.

സംസ്ഥാനത്തെ നിയമസഭാംഗങ്ങളില്‍ 96 പേരാണ് ക്രിമിനല്‍ കേസുകളുള്ളവര്‍. അതായത് സംസ്ഥാന നിയമസഭയിലെ 71 ശതമാനം എംഎല്‍എമാര്‍ക്കും ക്രിമിനല്‍ കേസുണ്ട്. ഇതില്‍ 37 പേര്‍ക്കെതിരെ ഗുരുതരമായ കേസുകളാണുള്ളത്. അഞ്ച് വര്‍ഷമെങ്കിലും തടവുശിക്ഷ ലഭിക്കാവുന്ന കുറ്റാരോപിതരാണ് പലരുമെന്ന് അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസിന്റെ പഠനം വ്യക്തമാക്കുന്നു.

സിപിഎമ്മിന്റെ 44 എംഎല്‍എമാര്‍ക്കെതിരെയാണ് ക്രിമിനല്‍ കേസുള്ളത്. കോണ്‍ഗ്രസ് 20, മുസ്ലിം ലീഗ് 12, സിപിഐ 7, കേരള കോണ്‍ഗ്രസ് 3, മറ്റ് കേരളാ കോണ്‍ഗ്രസുകള്‍ 4, ആര്‍ എസ് പിയുടെയും ജനാധിപത്യ കേരളാ കോണ്‍ഗ്രസിന്റെയും ഒന്നു വീതം എംഎല്‍ എമാര്‍ക്കെതിരേ ക്രിമിനല്‍ കേസുകളുണ്ട്.


Read Previous

സംസ്ഥാന മന്ത്രിസഭാ പുനസംസഘടന വൈകിയേക്കുമെന്ന് സൂചന; ഗണേഷ് കുമാറും കടന്നപ്പള്ളിയും കാത്തിരിക്കണം

Read Next

ഖത്തറിൽ എട്ട് ഇന്ത്യക്കാർക്ക് വധശിക്ഷ: അപ്പീൽ നൽകി ഇന്ത്യ

Leave a Reply

Your email address will not be published. Required fields are marked *

Most Popular