എംഎം ഹസ്സന്‍ വിട്ടുനിന്നു, കെ സുധാകരന്‍ വീണ്ടും കെപിസിസി പ്രസിഡന്റ്; ഇന്ദിരാഭവനിലെത്തി ചുമതലയേറ്റു


തിരുവനന്തപുരം: കെപിസിസി പ്രസിഡന്റായി കെ സുധാകരന്‍ വീണ്ടും ചുമതലയേറ്റു. എകെ ആന്റണിയെ സന്ദര്‍ശിച്ചശേഷമാണ് സുധാകരന്‍ ഇന്ദിരാഭവനിലെത്തിയത്. കെപിസിസി ആസ്ഥാനത്തെത്തിയ സുധാകരന് പാര്‍ട്ടി പ്രവര്‍ത്തകര്‍ വന്‍ സ്വീകരണം നല്‍കി.

സ്ഥാനാരോഹണ ചടങ്ങില്‍ ആക്ടിങ് പ്രസിഡന്റ് എംഎം ഹസ്സന്‍ സംബന്ധിച്ചില്ല. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സ്ഥാനാര്‍ത്ഥിയായതിനെത്തുടര്‍ന്ന് മാര്‍ച്ച് 12 നാണ് കെ സുധാകരന്‍ കെപിസിസി പ്രസിഡന്റ് സ്ഥാനത്തു നിന്നും മാറിയത്. തുടര്‍ന്നാണ് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സനെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് കെപിസിസി ആക്ടിങ് പ്രസിഡന്റായി നിയമിച്ചത്.

കഴിഞ്ഞ ദിവസമാണ് ഹൈക്കമാന്‍ഡ് സുധാകരന് കെപിസിസി പ്രസിഡന്റ് പദവി തിരികെ ഏല്‍പ്പിക്കാന്‍ തീരുമാനിച്ചത്. തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും കെ സുധാകരന് കെപിസിസി പ്രസിഡന്റ് പദവി തിരികെ നല്‍കാത്തത് പാര്‍ട്ടിക്കുള്ളില്‍ വലിയ ചര്‍ച്ചയായിരുന്നു. സുധാകരനെ ഒഴിവാക്കാന്‍ പാര്‍ട്ടിക്കുള്ളിലെ ഗ്രൂപ്പുകള്‍ ശ്രമം നടത്തിയതായി കെ സുധാകരന്‍ അനുകൂലികള്‍ വിലയിരുത്തുന്നു.

പദവി തിരികെ നല്‍കാത്തതിനെത്തുടര്‍ന്ന് കെ സുധാകരന്‍ കോണ്‍ഗ്രസ് ഹൈക്ക മാന്‍ഡിന് മേല്‍ കടുത്ത സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. കെ സുധാകരന്‍ ചുമതലയേ ല്‍ക്കുന്ന ചടങ്ങില്‍ ആക്ടിങ് പ്രസിഡന്റായിരുന്ന എംഎം ഹസ്സന്‍ സംബന്ധിച്ചിരുന്നില്ല. കണ്‍വീനര്‍ സ്ഥലത്തില്ല, അദ്ദേഹം പുറത്തു പോയിരിക്കുകയാണെന്ന് സ്ഥാനമേ റ്റെടുത്ത ശേഷം കെ സുധാകരന്‍ വ്യക്തമാക്കി.

ഇതു ചാര്‍ജ് കൈമാറല്ല, പൊളിറ്റിക്കല്‍ പ്രോസസ് മാത്രമാണ്. രണ്ടും രണ്ടാണ്. എഐസിസി നിശ്ചയിച്ച പ്രകാരമാണ് താനിവിടെ വന്നിരിക്കുന്നത്. ഹസ്സനും വന്നത് അങ്ങനെയാണ്. ഹസ്സന്റെ സാന്നിധ്യം വേണ്ടെന്ന് പുള്ളിക്ക് തോന്നിയിരിക്കും. എങ്കിലും ഹസ്സന്റെ സാന്നിധ്യം ആവശ്യമായിരുന്നു എന്നു താന്‍ കരുതുന്നുവെന്നും കെ സുധാകരന്‍ അഭിപ്രായപ്പെട്ടു.

അവനവന്‍ തീരുമാനിക്കുന്നു. വാശിയൊന്നുമില്ലല്ലോ, അവനവന് തീരുമാനിക്കാം എപ്പോ ചാര്‍ജ് എടുക്കണം, ഒഴിവാകണം എന്നൊക്കെ. നമ്മുടെ പാര്‍ട്ടിയില്‍ ആ സ്വാതന്ത്ര്യം തന്നതാണ്. നമുക്കെല്ലാം ആ സ്വാതന്ത്ര്യം ഉണ്ട്. ഹസ്സന്റെ അസാന്നി ധ്യത്തില്‍ തനിക്ക് ഒരു പ്രയാസവും തടസ്സവുമില്ല. എപ്പോ വേണമെങ്കിലും ഹസ്സനെ വിളിച്ചു ചോദിക്കും. നേരത്തെ തന്നെ സ്ഥാനമൊഴിയേണ്ടതല്ലേ എന്ന ചോദ്യം എന്നോടാണോ ചോദിക്കേണ്ടത്. ഇതെല്ലാം പാര്‍ട്ടിക്കകത്ത് ചര്‍ച്ച ചെയ്യുമെന്നും കെ സുധാകരന്‍ പറഞ്ഞു.


Read Previous

വോട്ട് ചെയ്യാനെത്തിയവര്‍ക്ക് മസാലദോശയും ചായയും ഫ്രീ; പോളിങ് ശതമാനം വർധിപ്പിക്കാന്‍ കർണാടകയിലെ ഹോട്ടലുടമ

Read Next

എഴുത്തും, പ്രഭാഷണവും ഒരുപോലെ ജീവിതത്തിൽ പകർത്തിയ നേതാവ്; പി. എച്ച്. അബ്ദുള്ള മാസ്റ്ററുടെ നിര്യാണത്തിൽ കേരള മാപ്പിള കലാ അക്കാദമി റിയാദ് ചാപ്റ്റർ അനുശോചിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular