‘മോദിയുടെ സിംഹാസനം ഇളകിത്തുടങ്ങി, രാഹുൽ തോൽക്കുമെന്ന പ്രസ്‌താവന പരാജയ ഭീതിയിൽ’: രമേശ് ചെന്നിത്തല #CHENNITHALA FLAYS NARENDRA MODI


തിരുവനന്തപുരം : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഡൽഹിയിലെ സിംഹാസനം ഇളകുന്നുവെന്ന് കണ്ടാണ് വയനാട്ടിൽ രാഹുൽ ഗാന്ധി പരാജയപ്പെടുമെന്ന പ്രസ്‌താവനയുമായി അദ്ദേഹം രംഗത്ത് വന്നതെന്ന് കോൺഗ്രസ്‌ വർക്കിങ് കമ്മിറ്റി അംഗം രമേശ്‌ ചെന്നിത്തല. കോൺഗ്രസ്‌ ആസ്ഥാനമായ ഇന്ദിര ഭവനിൽ മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. വയനാട്ടിൽ ഇത്തവണ രാഹുൽ ഗാന്ധി ചരിത്ര ഭൂരിപക്ഷം നേടും. ജനങ്ങൾ അവരുടെ സ്വന്തം പ്രതിനിധിയായാണ് രാഹുൽ ഗാന്ധിയെ കാണുന്നത്. ഇത് നരേന്ദ്രമോദിയുടെ സ്വപ്‌നം മാത്രമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

കേരളത്തിൽ ബിജെപിക്ക് ഇത്തവണയും ഒരു സാധ്യതയുമില്ലെന്ന് മാത്രമല്ല എത്ര തവണ നരേന്ദ്ര മോദി കേരളത്തിൽ വരുന്നുവോ അത്രത്തോളം യുഡിഎഫ് സ്ഥാനാർഥി കളുടെ വിജയ സാധ്യത കൂടുമെന്നതാണ് വസ്‌തുത. പ്രധാനമന്ത്രി പരാജയം മണത്ത് തുടങ്ങി എന്നതാണ് മഹാരാഷ്ട്രയിൽ പൊതുയോഗത്തിലെ ഈ വാക്കുകളിലൂടെ പുറത്ത് വന്നത്. ഒന്നാം ഘട്ടം കഴിഞ്ഞപ്പോൾ ഇന്ത്യ മുന്നണി അധികാരത്തിലെ ത്തുമെന്ന സൂചനകളാണ് പുറത്ത് വരുന്നത്.

ഇതുപോലെ നിലവിട്ട നിലയിലാണ് കേരളത്തിലെ മുഖ്യമന്ത്രി പിണറായി വിജയനും സംസാരിക്കുന്നത്. കഴിഞ്ഞ ഒന്നര മാസമായി അദ്ദേഹത്തിന്‍റെ പ്രസംഗത്തിലുടനീളം രാഹുൽ ഗാന്ധിയെ വിമർശിക്കാനാണ് മാറ്റിവെക്കുന്നത്. മുഖ്യമന്ത്രി നരേന്ദ്ര മോദിയോട് മൃദുസമീപനം കാണിക്കുന്നതാണ് ഇതു വരെ കാണുന്നത്.

അത് കൊണ്ടാണ് രാഹുൽ ഗാന്ധിയെ സ്ഥാനത്തും അസ്ഥാനത്തും മുഖ്യമന്ത്രി വിമർശി ക്കുന്നത്. മുഖ്യമന്ത്രിയുടെ വാർത്ത സമ്മേളനത്തിന്‍റെ സ്ക്രിപ്റ്റ് പോലും ബിജെപി ഓഫീസിലാണോ തയ്യാറാക്കുന്നതെന്ന് സംശയമുണ്ട്. മുഖ്യമന്ത്രി ഈ പറയുന്നതൊന്നും ജനങ്ങൾ മുഖവിലക്കെടുക്കാൻ പോകുന്നില്ല. കേരളത്തിൽ യുഡിഎഫ് ട്വന്‍റി-ട്വന്‍റി നേടുമെന്നും രമേശ്‌ ചെന്നിത്തല പറഞ്ഞു.

അടൂർ പ്രകാശിനെതിരായ ആരോപണം വസ്‌തുതാ വിരുദ്ധം :

തെരഞ്ഞെടുപ്പ് പ്രവർത്തനത്തിന് തന്നെ ആവശ്യത്തിന് പണമില്ലാത്തതാണ് അടൂർ പ്രകാശ് നേരിടുന്ന പ്രധാനപ്പെട്ട വെല്ലുവിളിയെന്ന് രമേശ്‌ ചെന്നിത്തല പറഞ്ഞു. വോട്ടർമാരെ സ്വാധീനിക്കാൻ പണം നൽകി എന്ന ആരോപണം അടിസ്ഥാന രഹിതമാണ്. ഇതെല്ലാം പരാജയ ഭീതിയിൽ നിന്നും എൽഡിഎഫ് ഉന്നയിക്കുന്ന ആരോപണങ്ങളാണ്. വടകരയിലും ഇത്തരം ആരോപണങ്ങൾക്ക് പിന്നിൽ പരാജയ ഭീതിയാണ്.

ശബരിമല തീർത്ഥാടനം കുളമാക്കിയ അതേ ആളുകളാണ് ഇപ്പോൾ തൃശൂർ പൂരവും അലങ്കോലമാക്കിയതെന്ന് രമേശ്‌ ചെന്നിത്തല പറഞ്ഞു. പൂരം കാണാനെത്തിയ ലക്ഷക്കണക്കിന് പൂരപ്രേമികളെ സർക്കാർ ഒറ്റയ്ക്കാക്കുകയാണ് ചെയ്‌തത്. ഇതിന്‍റെ പൂർണ ഉത്തരവാദിത്വം സർക്കാരി‌നാണ്.

ഇത് വിശ്വാസ സമൂഹത്തോടുള്ള സർക്കാരിന്‍റെ നിലപാടിന്‍റെ ഭാഗമാണ്. പൂരം അവതാളത്തിലാക്കിയതിന്‍റെ ഉത്തരവാദിത്വത്തിൽ നിന്നും സർക്കാരിനും ആഭ്യന്തര വകുപ്പിനും ഒഴിഞ്ഞു മാറാനാകില്ല. ഈ തെരഞ്ഞെടുപ്പ് കഴിയുമ്പോൾ ‘അയ്യോ അയ്യോ’ എന്ന് നിലവിളിച്ച് കരയാൻ പോകുന്നത് കേരളത്തിന്‍റെ മുഖ്യമന്ത്രിയായിരിക്കും. അത്രയും വലിയ പരാജയമാണ് എൽ ഡി എഫിനെ കാത്തിരിക്കുന്നതെന്നും രമേശ്‌ ചെന്നിത്തല പറഞ്ഞു


Read Previous

ലോക്‌സഭ തെരഞ്ഞെടുപ്പ് 2024: കേരളത്തില്‍ വോട്ടെടുപ്പ് വെള്ളിയാഴ്‌ച; ജുമുഅ നമസ്‌കാര സമയം ക്രമീകരിക്കാന്‍ ഇകെ വിഭാഗം #EK Samastha Changing Jumuah Time

Read Next

ജോസ് കെ മാണി ഏത് മുന്നണിയിലാണ്? രാഹുലിൻ്റെ സഹതാപത്തിനായി സംസാരിക്കുന്നു’: തിരുവഞ്ചൂർ രാധാകൃഷ്‌ണൻ #Thiruvanchoor Against Jose K Mani

Leave a Reply

Your email address will not be published. Required fields are marked *

Most Popular