അമീറിനെ എംപി അധിക്ഷേപിച്ചു; കുവൈറ്റ് പാര്‍ലമെന്റ് പിരിച്ചുവിട്ടു,18 മാസത്തിനിടെ മൂന്നാം തവണ, കുവൈറ്റിലെ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നു രണ്ടു മാസത്തിനുള്ളില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്തും


കുവൈറ്റ് സിറ്റി: ‘കുറ്റകരവും അനുചിതവുമായ’ ഭാഷ ഉപയോഗിക്കുന്നത് ഉള്‍പ്പെടെ യുള്ള ഭരണഘടനാ ലംഘനങ്ങള്‍ ചൂണ്ടിക്കാട്ടി കുവൈറ്റ് പാര്‍ലമെന്റ് പിരിച്ചുവിട്ടു. പുതിയ പ്രധാനമന്ത്രിയുടെ നിര്‍ദേശത്തെത്തുടര്‍ന്ന് പുതിയ അമീര്‍ ആണ് ദേശീയ അസംബ്ലി പിരിച്ചുവിട്ടത്. അമീറിന്റെ ഉന്നത പദവിയോടുള്ള ബഹുമാനം നിലനിര്‍ത്തുന്നതില്‍ എംപിമാരില്‍ നിന്ന് ഗുരുതര വീഴ്ച ഉണ്ടായതിനെ തുടര്‍ന്നാണ് നടപടിയെന്ന് ഔദ്യോഗിക ഔദ്യോഗിക വാര്‍ത്താ ഏജന്‍സി (KUNA) വ്യക്തമാക്കി.

പാര്‍ലമെന്റ് അംഗങ്ങളില്‍ ഒരാള്‍ അമീറിനെ അപമാനിച്ചതാണ് പാര്‍ലമെന്റ് പിരിച്ചുവിടുന്നതിലേക്ക് നയിച്ചത്. എംപി അബ്ദുല്‍ കരീം അല്‍ കന്ദരി കഴിഞ്ഞയാഴ്ച നടത്തിയ പരാമര്‍ശമാണ് വിവാദമായത്. പരാമര്‍ശം സഭയുടെ മിനുട്‌സില്‍ നിന്ന് നീക്കുന്നതിനെ ചൊല്ലി മന്ത്രിസഭാംഗങ്ങളും എംപിമാരും തമ്മില്‍ ഉടലെടുത്ത തര്‍ക്കങ്ങള്‍ ദിവസങ്ങളായി തുടരുന്നതിനിടെ പാര്‍ലമെന്റ് പിരിച്ചുവിടാനുള്ള അമീറിന്റെ നിര്‍ദേശം മന്ത്രിസഭ അംഗീകാരം നല്‍കുകയായിരുന്നു.

നിയമസഭാംഗത്തിന്റെ പരാമര്‍ശത്തെ എതിര്‍ത്ത് മന്ത്രിമാര്‍ കഴിഞ്ഞ ബുധനാഴ്ച പാര്‍ലമെന്റ് സമ്മേളനം ബഹിഷ്‌കരിച്ചിരുന്നു. നിലവിലെ അമീറിന്റെ നിര്യാണത്തെ തുടര്‍ന്ന് കഴിഞ്ഞ ഡിസംബറിലാണ് ഷെയ്ഖ് മിശ്അല്‍ അല്‍അഹമ്മദ് അല്‍സബാഹ് രാജ്യത്തെ പുതിയ ഭരണത്തലവനായി അധികാരമേറ്റത്. തുടര്‍ന്ന് ഭരണഘടന പ്രകാരം നിലവിലെ മന്ത്രിസഭ പിരിച്ചുവിടുകയും പുതിയ പ്രധാനമന്ത്രിയെ അമീര്‍ നിയമിക്കു കയും ചെയ്തു. പ്രധാനമന്ത്രി പുതിയ മന്ത്രിമാരെ നിശ്ചയിച്ച് അമീറിന്റെ അനുവാദ പ്രകാരം ജനുവരിയില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുകയും ചെയ്തു.

കാബിനറ്റ് മന്ത്രിമാരും നിയമനിര്‍മാതാക്കളും തമ്മില്‍ കുറേക്കാലമായി നിലനില്‍ ക്കുന്ന തര്‍ക്കമാണ് പാര്‍ലമെന്റ് പിരിച്ചുവിടലിലേക്ക് എത്തിച്ചത്. തന്റെ ഉദ്ഘാടന പ്രസംഗത്തില്‍, പാര്‍ലമെന്റിനെയും കാബിനറ്റിനെയും അവരുടെ ‘ദേശീയ ബാധ്യതകള്‍’ നിറവേറ്റുന്നതില്‍ പരാജയപ്പെട്ടതിന് പുതിയ അമീര്‍ ശാസിച്ചിരുന്നു. ജനങ്ങളുടെ താല്‍പര്യങ്ങള്‍ക്ക് ഹാനികരമായ നടപടികളാണ് ഉണ്ടാവുന്നതെന്നും കുറ്റപ്പെടുത്തിയിരുന്നു.

പുതിയ അമീര്‍ സ്ഥാനമേറ്റിട്ടും ഭിന്നത തുടര്‍ന്നു. അമീറിനെയും മന്ത്രിസഭയെയും വിമര്‍ശിച്ചാണ് പാര്‍ലമെന്റ് അംഗം രംഗത്തെത്തിയത്. പരാമര്‍ശങ്ങള്‍ കടുത്ത അവഹേളനമാണെന്ന് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. പരാമര്‍ശങ്ങള്‍ നീക്കാന്‍ സ്പീക്കര്‍ അഹമദ് അല്‍ സദൂന്‍ മുതിര്‍ന്നപ്പോള്‍ വോട്ടിനിടണമെന്ന ആവശ്യം ഉയര്‍ന്നു. അപകീര്‍ത്തിപ്പെടുത്തുന്ന പദപ്രയോഗങ്ങള്‍ ബോധപൂര്‍വം ഉപയോഗിച്ചതാണെന്ന നിലപാടില്‍ സര്‍ക്കാരും ഉറച്ചുനിന്നു.

വോട്ടെടുപ്പില്‍ 44 എംപിമാര്‍ പരാമര്‍ശം നീക്കേണ്ടതില്ലെന്ന നിലപാട് സ്വീകരിച്ചു. മൂന്ന് എംപിമാരും 12 കാബിനറ്റ് മന്ത്രിമാരും മാത്രമാണ് സ്പീക്കറുടെ നടപടിയെ പിന്തുണച്ചത്. ഇതോടെ മന്ത്രിസഭ ഒന്നടങ്കം കഴിഞ്ഞ ബുധനാഴ്ച പാര്‍ലമെന്റ് സമ്മേളനം ബഹിഷ്‌ കരിച്ചു. സ്പീക്കര്‍ സഭാസമ്മേളനം മാര്‍ച്ച് അഞ്ചിലേക്ക് മാറ്റിവയ്ക്കുകയും ചെയ്തു. കഴിഞ്ഞ വ്യാഴാഴ്ച ചേര്‍ന്ന അസാധാരണ മന്ത്രിസഭ യോഗത്തിലാണ് പാര്‍ലമെന്റ് പിരിച്ചുവിടാനുള്ള അമീരി ഉത്തരവിന് സര്‍ക്കാര്‍ അംഗീകാരം നല്‍കിയത്. അമീറിനെയും നടപടികളേയും വിമര്‍ശിക്കുന്നതിന് ഭരണഘടന പ്രകാരം വിലക്കുണ്ട്. ആര്‍ട്ടിക്കിള്‍ 107 പ്രകാരം പാര്‍ലമെന്റ് പിരിച്ചുവിടാനുള്ള പ്രത്യേക അധികാരം അമീറിനുണ്ട്. രണ്ടു മാസത്തിനുള്ളില്‍ രാജ്യം പുതിയ തെരഞ്ഞെടുപ്പിലേക്ക് നീങ്ങും.


Read Previous

സൗദിയില്‍ റമദാന്‍ മാര്‍ച്ച് 11ന് ആരംഭിക്കുമെന്ന് ഗോളശാസ്ത്ര പ്രവചനം; ബാങ്കുകളുടെ പ്രവൃത്തി സമയം പുനക്രമീകരിച്ചു; ഇത്തവണ റമദാനില്‍ 30 ദിനങ്ങളുണ്ടാവും, ഏപ്രില്‍ 10 ബുധനാഴ്ചയാകും ചെറിയ പെരുന്നാള്‍!

Read Next

പ്രധാനമന്ത്രി മോദി ഗള്‍ഫ് പര്യടനം പൂര്‍ത്തിയാക്കി ഇന്ത്യയിലേക്ക് മടങ്ങി; ഖത്തര്‍ അമീറിന് ഇന്ത്യയിലേക്ക് ക്ഷണം; എട്ട് മുന്‍ സൈനികരെ വിട്ടയച്ചതിന് നന്ദി അറിയിച്ച് പ്രധാനമന്ത്രി

Leave a Reply

Your email address will not be published. Required fields are marked *

Most Popular