ജാതിമത ഭേദങ്ങളില്ലാതെ ലോകത്തെ നിലനിര്‍ത്താന്‍ സംഗീതത്തിന് കഴിയും; ശതാഭിഷേക ആഘോഷത്തിന് നന്ദി പറഞ്ഞ് യേശുദാസ്


കൊച്ചി: ജാതിമതഭേദങ്ങളില്ലാതെ ലോകത്തെ നിലനിര്‍ത്താന്‍ സംഗീതത്തിന് കഴിയുമെന്ന് മലയാളികളുടെ പ്രിയപ്പെട്ട ഗായകന്‍ കെജെ യേശുദാസ്. ശരീരത്തിന്റെ തുടിപ്പുകള്‍ പോലും സംഗീതവുമായി ബന്ധപ്പെട്ടതാണ്. എല്ലാവരും സംഗീതത്തെ ബഹുമാനിക്കണമെന്നും യേശുദാസ് പറഞ്ഞു. കൊച്ചിയില്‍ നടന്ന ശതാഭിഷേക ആഘോഷത്തിന് യേശുദാസ് നന്ദി അറിയിക്കുകയും ചെയ്തു

മലയാള ചലച്ചിത്രലോകം കൊച്ചിയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ അമേരിക്കയില്‍ നിന്ന് ഓണ്‍ലൈനായാണ് യേശുദാസ് പങ്കെടുത്തത്. ജഗദീശ്വരന്റെ അനുഗ്രഹം കൊണ്ടും നിങ്ങളുടെയെല്ലാം പ്രാര്‍ഥന കൊണ്ടും താന്‍ അങ്ങേയറ്റം കടപ്പെട്ടിരുക്കുന്നു വെന്ന് യേശുദാസ് പറഞ്ഞു. എല്ലാവരും സംഗീതത്തെ ബഹുമാനിക്കുക. സംഗീതമാണ് ലോകത്തിന്റെ നിലനില്‍പ്പ്. ജീവന്റെ തുടിപ്പുകള്‍ പോലും സംഗീതവുമായി ബന്ധപ്പെട്ടതാണ്. ലോകത്തെ എല്ലാ നദികളാണെങ്കിലും കാറ്റാണെങ്കിലും അതിലെല്ലാം സംഗീതത്തിന്റെ അംശമുണ്ട്. അതിനെ ബഹുമാനിക്കുകയാണെങ്കില്‍ തീര്‍ച്ചയായും ജാതിയോ മതമോ ഇല്ലാതെ നമുക്ക് ജീവിക്കാന്‍ കഴിയും. സംഗീതത്തിന് ഒരു ജാതിയും മതവുമില്ലെന്നാണ് ഈ ജീവിതം പഠിപ്പിച്ചത്. ലോകം മുഴുക്കെ ശാന്തിയും സമാധനവും ഉണ്ടാകട്ടെയെന്ന് മാത്രം ആശംസിക്കുന്നുവെന്ന് യേശുദാസ് പറഞ്ഞു. 

‘ജാതി മതഭേദമന്യേ എല്ലാവരും തുല്യരാണെന്നും, സ്‌നേഹിക്കാനുള്ള ഒരു ലോകത്തെ സൃഷ്ടിച്ചെടുക്കാനുള്ള ഒരു തീരുമാനമായിരിക്കണം എനിക്ക് നിങ്ങള്‍ നല്‍കിയ സ്‌നേഹത്തിന്റെ വെളിച്ചത്തില്‍ കൈക്കൊള്ളേണ്ടതെന്നും എല്ലാവരും അതിനായി പ്രവര്‍ത്തിക്കണമെന്നും’- യേശുദാസ് പറഞ്ഞു.

മകന്‍ വിജയ് യേശുദാസ് കേക്ക് മുറിച്ച് ജന്മദിനാഘോഷം ഉദ്ഘാടനം ചെയ്തു. സംവിധായകന്‍ സത്യന്‍ അന്തിക്കാട്, സംഗീത സംവിധായകരായ ജെറി അമല്‍ ദേവ്, ഔസപ്പേച്ചന്‍, വിദ്യാധരന്‍, നടന്‍മാരായ ദീലീപ്, സിദ്ദിഖ്, മനോജ് കെ ജയന്‍, നാദിര്‍ഷ, തുടങ്ങി ഒട്ടേറെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.


Read Previous

ഷാജഹാൻ എന്ന കള്ളപ്പേരിൽ മരപ്പണിക്കാരനായി ‘ഒളിവു ജീവിതം’; സവാദിനെ എൻഐഎ പിടികൂടിയത് വാടക വീടു വളഞ്ഞ്

Read Next

നിയമസഭ സമ്മേളനം ജനുവരി 25 മുതല്‍; ബജറ്റ് ഫെബ്രുവരി രണ്ടിന്

Leave a Reply

Your email address will not be published. Required fields are marked *

Most Popular