ഭരണനേട്ടങ്ങളല്ല, വര്‍ഗീയവിഷം ചീറ്റി വോട്ടുപിടിയ്ക്കാന്‍, ബി.ജെ.പി



ന്യൂഡല്‍ഹി: വോട്ടെടുപ്പിന്‍റെ നാലാംഘട്ടത്തില്‍ വര്‍ഗീയവിദ്വേഷ പരാമര്‍ശങ്ങളുടെ വിഷവിത്തുകള്‍ വാരിയെറിഞ്ഞ് തിരഞ്ഞെടുപ്പ് പ്രചാരണക്കളം. ഒന്നാം ഘട്ടത്തിന്‍റെ രണ്ടാം പാദംമുതല്‍ അതിതീവ്ര മുദ്രാവാക്യങ്ങളുടെയും വിദ്വേഷപ്രസംഗങ്ങളുടെയും വേദികളായി മാറിയ തിരഞ്ഞെടുപ്പുരംഗം നാലാം ഘട്ടത്തിലെത്തുമ്പോള്‍ തുറന്നവര്‍ഗീയതയുടെ ആയുധപ്രയോഗമായി. രാഷ്ട്രീയത്തിന് പുറത്തുള്ള വിഷയങ്ങളെയും വര്‍ഗീയ ചേരിതിരിവുകളുടെ ഭാഷയില്‍ വ്യാഖ്യാനിച്ചും വിശദീകരിച്ചുമാണ് നാലാം ഘട്ടത്തില്‍ പ്രചാരണം മുറുകുന്നത്.

കോണ്‍ഗ്രസ് ജയിച്ചാല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം അംഗങ്ങളെ മതത്തിന്റെപേരില്‍ നിശ്ചയിക്കുമെന്ന പ്രധാനമന്ത്രിയുടെ പരാമര്‍ശവും രാമക്ഷേത്രത്തിന് ബാബറി പൂട്ട് വീഴുമെന്ന ആഭ്യന്തരമന്ത്രി അമിത് ഷായുടെ പരാമര്‍ശവും ഈ നിരയില്‍ ഒടുവിലത്തേതാണ്. വികസന മുദ്രാവാക്യങ്ങളില്‍നിന്ന് ആരംഭിച്ച തിരഞ്ഞെടുപ്പ് പ്രചാരണമാണ് നാലാം ഘട്ടത്തില്‍ വര്‍ഗീയതയുടെ തീവ്രതയിലേക്ക് വീണത്. തുടക്കത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ നേട്ടങ്ങളായിരുന്നു ബി.ജെ.പി.യുടെ മുഖ്യപ്രമേയം.

സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ താഴെത്തട്ടില്‍ പ്രചരിപ്പിക്കാന്‍ നേതാക്കള്‍ക്കും മന്ത്രിമാര്‍ക്കും പ്രധാനമന്ത്രി നേരത്തേ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍, ഒന്നാംഘട്ടത്തിന്റെ രണ്ടാം പാദത്തിലെത്തിയപ്പോള്‍ അതേ പ്രധാനമന്ത്രി വികസനമുദ്രാവാക്യം ഉപേക്ഷിച്ച് ഹിന്ദു-മുസ്ലിം ചേരുവ കലര്‍ത്തി പ്രചാരണത്തിന്റെ ദിശതിരിച്ചു. ലക്ഷ്യമിട്ട തരംഗം ഒന്നാംഘട്ടത്തില്‍ ഉയരാത്തതും പോളിങ് കുറഞ്ഞതുമാണ് രണ്ടാംഘട്ടത്തില്‍ മുദ്രാവാക്യം മാറ്റാന്‍ കാരണമെന്നാണ് സൂചന.

രണ്ടാം ഘട്ടത്തിലും പോളിങ് കുറയുകയും അത് ഹിന്ദി ഹൃദയഭൂമിയിലെ സ്വന്തം തട്ടകങ്ങളെ ബാധിക്കുകയും ചെയ്താല്‍ കണക്കുകൂട്ടല്‍ തെറ്റുമെന്ന തിരിച്ചറിവിലാണ് നീക്കം. 2014-ലും 2019-ലും രണ്ട്, മൂന്ന്, നാല് ഘട്ടങ്ങളാണ് ബി.ജെ.പി.ക്ക് വന്‍തോതില്‍ സീറ്റുകള്‍ നല്‍കിയത്. ബി.ജെ.പി.യുടെ ഹിന്ദുത്വപരീക്ഷണശാലകളായ ഈ മണ്ഡലങ്ങളെ ഉറപ്പിച്ചുനിര്‍ത്താനാണ് മുസ്ലിംവിരുദ്ധ പരാമര്‍ശങ്ങളില്‍ മുക്കിയെടുത്ത കഠിനവാക്കുകളുമായി മോദിയും നേതാക്കളും കളത്തിലെത്തിയത്.

ഏപ്രില്‍ 21-ന് മോദിതന്നെയാണ് ഈ വ്യാഖ്യാനങ്ങള്‍ക്ക് തുടക്കമിട്ടത്. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ പാവപ്പെട്ട ആദിവാസികളുടെ സ്വത്ത് പിടിച്ചെടുത്ത് മുസ്ലിങ്ങള്‍ക്ക് വിതരണം ചെയ്യുമെന്ന് തുറന്നപ്രസ്താവന നടത്തിയായിരുന്നു രാജസ്ഥാനിലെ ആദിവാസിമേഖലകളില്‍ മോദി തുടങ്ങിയത്. കൂടുതല്‍ കുട്ടികളുള്ളവര്‍, നുഴഞ്ഞുകയറ്റക്കാര്‍ തുടങ്ങിയ പരാമര്‍ശങ്ങളായിരുന്നു പ്രസംഗത്തില്‍.

ഹിന്ദുവിഭാഗങ്ങളെ വൈകാരികമായി ഉണര്‍ത്താന്‍ താലിമാലപോലും പിടിച്ചെടുക്കുമെന്ന പ്രയോഗവും ആസൂത്രിതമായിരുന്നു. തുടര്‍ന്ന് അടുത്തദിവസം ആഗ്രയില്‍ നടത്തിയ പ്രസംഗത്തില്‍ മുസ്ലിം എന്ന പരാമര്‍ശം ഒഴിവാക്കിയെങ്കിലും പ്രധാനമന്ത്രി പരാമര്‍ശങ്ങള്‍ ആവര്‍ത്തിച്ചു.

മോദിയുടെ വാക്കുകളുടെ ചുവടുപിടിച്ച് മുതിര്‍ന്ന കേന്ദ്രമന്ത്രിമാരും നേതാക്കളും വിവിധ വേദികളില്‍ ഇതേ പരാമര്‍ശങ്ങള്‍ ഉയര്‍ത്തി. അത് തുടരുന്നു. അടുത്തിടെ ബി.ജെ.പി.യില്‍ ചേര്‍ന്ന മഹാരാഷ്ട്രയിലെ സിറ്റിങ് എം.പി. നവ്നീത് റാണയിലെത്തിനില്‍ക്കുന്നു ഈ വിവാദ പരമ്പര. പ്രധാനമന്ത്രിയുടെ വിവാദ പരാമര്‍ശങ്ങള്‍ക്കെതിരേ പ്രതിപക്ഷം പരാതി നല്‍കിയെങ്കിലും ദിവസങ്ങള്‍ക്കുശേഷം ബി.ജെ.പി. അധ്യക്ഷന് നോട്ടീസയച്ച് തിരഞ്ഞെടുപ്പ് കമ്മിഷന്‍ കാത്തിരിക്കുകയാണ്! മറുപടി നല്‍കാന്‍ സമയം നീട്ടിയെടുത്ത് ബി.ജെ.പി.യും.

വികസനമേശാത്തിടത്ത് വര്‍ഗീയത

വികസനം, വര്‍ഗീയത എന്നീ കാര്‍ഡുകളാണ് കാലങ്ങളായി ബി.ജെ.പി. തിരഞ്ഞെടുപ്പു കളങ്ങളില്‍ ഉയര്‍ത്താറുള്ളത്. രണ്ടിലേത് കാര്‍ഡ് ആദ്യം ഇറക്കണമെന്ന് സാഹചര്യങ്ങള്‍ വിലയിരുത്തി തീരുമാനിക്കും. ഇക്കുറിയും വികസന കാര്‍ഡിലാണ് തുടങ്ങിയത്. എന്നാല്‍ കളം ഉണരുന്നില്ലെന്ന് കണ്ടപ്പോള്‍ ഒട്ടുംവൈകാതെ വര്‍ഗീയതയുടെ കാര്‍ഡുകള്‍ എടുത്തു. മുന്‍കാല തിരഞ്ഞെടുപ്പുകളില്‍ അയോധ്യ, ജമ്മു-കശ്മീരിന്റെ പ്രത്യേക പദവി തുടങ്ങിയ അജന്‍ഡകളയിരുന്നു വികസന വിഷയങ്ങള്‍ക്കു പുറമേ ബി.ജെ.പി. ഉയര്‍ത്തിയിരുന്നത്. നടപ്പായ പദ്ധതികളെന്ന നിലയില്‍ ഈ രണ്ടുവിഷയവും കാര്യമായി ഏശിയില്ല. അതിനാല്‍ വര്‍ഗീയ പരാമര്‍ശങ്ങളിലൂടെ തുറന്ന ചൊരിച്ചിലാണ് ഇത്തവണ മാര്‍ഗമാക്കിയത്. അനുകൂലമായോ പ്രതികൂലമായോ തരംഗങ്ങളില്ലാത്ത തിരഞ്ഞെടുപ്പില്‍ തങ്ങളുടെ അടിസ്ഥാന വോട്ടുബാങ്കിനെ ഊര്‍ജിതപ്പെടുത്താനുള്ള വൈകാരിക ആയുധമെന്ന നിലയിലാണ് മോദി ഈ ഹിന്ദു-മുസ്‌ലിം വിഷയങ്ങള്‍ ഉയര്‍ത്തുന്നത്. ഇത്തരം വിഷയങ്ങളില്ലെങ്കില്‍ ഹൈന്ദവ വോട്ടുകളെ ഏകോപിപ്പിക്കാന്‍ ബി.ജെ.പിക്ക് എളുപ്പമല്ല.


Read Previous

സെക്രട്ടേറിയറ്റില്‍ കെട്ടിക്കിടക്കുന്നത് 15 ലക്ഷം ഫയല്‍’; അടിസ്ഥാന രഹിതമെന്ന് സര്‍ക്കാര്‍

Read Next

പാനൂര്‍ വിഷ്ണുപ്രിയ കൊലക്കേസ്: പ്രതി ശ്യാംജിത്ത് കുറ്റക്കാരനെന്ന് കോടതി

Leave a Reply

Your email address will not be published. Required fields are marked *

Most Popular