ഒഴിവാക്കാനാകാത്ത സാഹചര്യത്തില്‍ മാത്രമേ ഉദ്യോഗസ്ഥരെ കോടതിയില്‍ വിളിച്ചു വരുത്താവൂ; അവഹേളിക്കുന്ന പരാമര്‍ശം പാടില്ല; മാര്‍ഗരേഖയുമായി സുപ്രീംകോടതി


ന്യൂഡല്‍ഹി: കോടതികളില്‍ ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തുന്നതില്‍ മാര്‍ഗരേഖ പുറപ്പെടുവിച്ച് സുപ്രീംകോടതി. ഒഴിവാക്കാനാകാത്ത സാഹചര്യത്തില്‍ മാത്രമേ ഉദ്യോഗസ്ഥരെ വിളിച്ചു വരുത്താകൂ. കോടതികളില്‍ ഹാജരാകുന്ന ഉദ്യോഗസ്ഥരെ അവഹേളിക്കുന്ന തരത്തിലുള്ള പരാമര്‍ശം ഒഴിവാക്കണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു. 

ഹൈക്കോടതികള്‍ക്കായി പുറപ്പെടുവിച്ച മാര്‍ഗരേഖയിലാണ് സുപ്രീംകോടതി ഈ നിര്‍ദേശങ്ങള്‍ മുന്നോട്ടു വെച്ചത്. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ ബി പര്‍ദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചത്.

ഉദ്യോഗസ്ഥരെ ഏകപക്ഷീയമായി വിളിച്ചുവരുത്തുന്നതില്‍ നിന്ന് കോടതികള്‍ മാറിനില്‍ക്കണം. എല്ലാ ഹൈക്കോടതികളും മാര്‍ഗരേഖ പിന്തുടരണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചിട്ടുണ്ട്. രണ്ട് മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി അലഹബാദ് ഹൈക്കോടതി കഴിഞ്ഞ വര്‍ഷം പുറപ്പെടുവിച്ച ഉത്തരവിനെതിരെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി തീര്‍പ്പാക്കു മ്പോഴായിരുന്നു സുപ്രീംകോടതി മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചത്.

സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ഇടയ്ക്കിടെ വിളിച്ചുവരുത്തുന്നത് ഭരണഘടന വിഭാവനം ചെയ്യുന്നതിന് വിരുദ്ധമാണെന്ന്, അലഹാബാദ് ഹൈക്കോടതി ഉത്തരവുകള്‍ റദ്ദാക്കിക്കൊണ്ട് സുപ്രീം കോടതി വ്യക്തമാക്കി. സത്യവാങ്മൂലങ്ങളുടേയോ രേഖകളുടെയോ അടിസ്ഥാനത്തില്‍ കേസില്‍ തീര്‍പ്പ് ഉണ്ടാക്കാന്‍ സാധിക്കുമെങ്കില്‍, ഉദ്യോഗസ്ഥരെ വിളിച്ച് വരുത്തരുത്.വസ്തുതകള്‍ മറച്ചു വെക്കുന്നു, മനഃപൂര്‍വ്വം രേഖകള്‍ കോടതിക്ക് കൈമാറുന്നില്ല തുടങ്ങിയ അവസരങ്ങളില്‍ മാത്രമേ ഉദ്യോഗസ്ഥര്‍ നേരിട്ട് ഹാജരാകണമെന്ന് നിര്‍ദേശിക്കാവൂ.

വീഡിയോ കോണ്‍ഫറന്‍സിലൂടെ ഹാജരാകാന്‍ ഉള്ള അവസരം ഉദ്യോഗസ്ഥര്‍ക്ക് നല്‍കണം.വീഡിയോ കോണ്‍ഫറന്‍സിന്റെ ലിങ്ക് ഒരു ദിവസം മുമ്പെങ്കിലും ഉദ്യോഗസ്ഥര്‍ക്ക് കൈമാറണം. ഉദ്യോഗസ്ഥരെ വിളിച്ച് വരുത്തുമ്പോള്‍ അതിനുള്ള കാരണം വ്യക്തമാക്കണം. കോടതി അലക്ഷ്യ നടപടികള്‍ സ്വീകരിക്കുമ്പോള്‍ കോടതികള്‍ പരമാവധി ജാഗ്രതയും, നിയന്ത്രണവും പാലിക്കണം തുടങ്ങിയവ മാർ​ഗനിർദേശങ്ങളിൽ ഉൾപ്പെടുന്നു.


Read Previous

സത്താർ കായംകുളത്തിന്റെ വീട് റിയാദ് ഒ ഐ.സി. സി. നേതാക്കൾ സന്ദർശിച്ചു.

Read Next

കലയുടെ മാമാങ്കം: ഒന്നരപതിറ്റാണ്ടിന് ശേഷം കൊല്ലം വേദിയാകുന്നു; 62 -മത് സംസ്ഥാന സ്ക്കൂൾ കലോത്സവത്തിന് നാളെ തിരിതെളിയും, ഒരുക്കങ്ങൾ പൂർത്തിയായി

Leave a Reply

Your email address will not be published. Required fields are marked *

Most Popular