പത്തനംതിട്ടയിലെ അപകടം: യുവാവ് കാര്‍ ലോറിയിലേക്ക് ഇടിച്ചുകയറ്റി, ആത്മഹത്യയെന്ന് സൂചന


പത്തനംതിട്ട: അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട് സ്വദേശിയും അധ്യാപികയുമായ അനുജ (36) എന്നിവര്‍ മരിച്ചിരുന്നു. അനുജയും ഹാഷിമും അടുത്തസുഹൃത്തുക്കളായിരുന്നു എന്നാണ് വിവരം. ഇരുവരും ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചിരുന്നതായും ഇതിന്റെ ഭാഗമായി കാര്‍ ലോറിയിലേക്ക് ഇടിച്ചു കയറ്റിയത് ആണെന്നുമുള്ള വിവരമാണ് ഇപ്പോള്‍ പുറത്തെത്തുന്നത്. വ്യാഴാഴ്ച രാത്രി പത്തരയോടെ അടൂരില്‍നിന്ന് പത്തനാപുരത്തേക്കുള്ള വഴിയിലാണ് അപകടം നടന്നത്. ഹാഷിമും അനുജയും തമ്മിലുള്ള സൗഹൃദം ബന്ധുക്കള്‍ അറിയുകയും അത് പിന്നീട് കുടുംബപ്രശ്‌നങ്ങള്‍ക്ക് വഴിവെക്കുകയും ചെയ്തിരുന്നു.

അനുജയും ഹാഷിമും സഞ്ചരിച്ചിരുന്ന കാര്‍ പത്തനാപുരം ഭാഗത്തുനിന്നാണ് വന്നത്. ഈ കാര്‍, എതിര്‍ദിശയില്‍നിന്ന് വരികയായിരുന്ന ലോറിയിലേക്ക് അമിതവേഗത്തില്‍ ഇടിച്ചു കയറ്റുകയായിരുന്നു. കാര്‍ ഓടിച്ചിരുന്നത് ഹാഷിം ആയിരുന്നു. മുന്‍സീറ്റില്‍ ഇരുന്നിരുന്ന അനുജ, ഇടിയുടെ ആഘാതത്തില്‍ പിന്‍സീറ്റിലേക്ക് തെറിച്ചുവീണു. അധ്യാപകസംഘത്തോടൊപ്പം തിരുവനന്തപുരത്തുനിന്ന് വിനോദയാത്ര കഴിഞ്ഞുവന്ന അനുജയെ വാഹനം തടഞ്ഞ് ഹാഷിം കൂട്ടിക്കൊണ്ടു പോവുകയായിരുന്നു. ആത്മഹത്യ ചെയ്യാന്‍ പോകുകയാണെന്ന് അനുജ മറ്റ് അധ്യാപകരോട് പറഞ്ഞിരുന്നതായും വിവരമുണ്ട്.

അപകടത്തില്‍ പരിക്കേറ്റ അനുജയെ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ മറ്റ് അധ്യാപകരും ആശുപത്രിയില്‍ എത്തിയിരുന്നതായി രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളിയായ നിസാം റാവുത്തര്‍ എന്ന വ്യക്തി മാതൃഭൂമി ന്യൂസിനോടു പറഞ്ഞു. അവരില്‍ ഒരാള്‍ അനുജയെ വിളിച്ചിരുന്നു. അപ്പോള്‍ ആത്മഹത്യ ചെയ്യാന്‍ പോവുകയാണെന്ന് അനുജ അവരോട് പറഞ്ഞിരുന്നു. ഞങ്ങള്‍ മരിക്കാന്‍ പോവുകയാണ് എന്നായിരുന്നു അനുജയുടെ ആദ്യത്തെ പ്രതികരണം, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അനുജയും സംഘവും വന്ന വാഹനത്തിന് പിന്നാലെ ഹാഷിം കാറുമായി എത്തുകയായിരുന്നു. പിന്നീട് ഇത് അധ്യാപകസംഘത്തിന്റെ വാഹനത്തിന് കുറുകേ നിര്‍ത്തി. പത്തനംതിട്ട-കൊല്ലം ജില്ലാ അതിര്‍ത്തിയായ ഏനാത്ത് വെച്ചായിരുന്നു ഇത്. തുടര്‍ന്ന് അധ്യാപകര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ വാതിലില്‍ തട്ടി അനുജയെ പുറത്തേക്ക് വിളിച്ചിറക്കി. ഇത് ആരാണ് എന്ന് സഹഅധ്യാപകര്‍ ചോദിച്ചപ്പോള്‍ കൊച്ചച്ചന്റെ മകന്‍ ആണെന്നായിരുന്നു അനുജയുടെ മറുപടി. വീട്ടിലേക്ക് എത്തിക്കോളാം എന്നും പറഞ്ഞു. തുടര്‍ന്ന് സഹഅധ്യാപകര്‍ അനുജയുടെ ഭര്‍ത്താവിനേയും അച്ഛനേയും വിവരം അറിയിച്ചു. അടുത്ത പോലീസ് സ്‌റ്റേഷനില്‍ വിവരം അറിയിക്കാനും തങ്ങള്‍ സ്‌റ്റേഷനിലേക്ക് എത്താമെന്നും പറഞ്ഞു. തുടര്‍ന്ന് ഇവര്‍ നൂറനാട് പോലീസ് സ്‌റ്റേഷന്‍ വഴി അടൂര്‍ സ്‌റ്റേഷനിലേക്ക് വിവരം കൈമാറുകയായിരുന്നു. ആ സമയത്താണ് അപകടവിവരം അറിയുന്നത്.


Read Previous

പീഡാനുഭവ സ്മരണയില്‍ ക്രൈസ്തവ വിശ്വാസികള്‍ ഇന്ന് ദുഖ വെള്ളി ആചരിക്കുന്നു # Believers observe Dukha Velli today

Read Next

ജഡ്ജിയുടെ ചേംബറിൽ കയറാൻ ശ്രമം: തടഞ്ഞ പോലീസ് ഉദ്യോഗസ്ഥനെ വെട്ടി

Leave a Reply

Your email address will not be published. Required fields are marked *

Most Popular