ഗവര്‍ണര്‍ക്കെതിരായ കേരളത്തിന്റെ ഹര്‍ജി; കേന്ദ്ര സര്‍ക്കാരിന് സുപ്രീംകോടതി നോട്ടീസ്, വെള്ളിയാഴ്ചക്കുള്ളില്‍ മറുപടി നല്‍കണം


ന്യൂഡല്‍ഹി: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ കേരള സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ കേന്ദ്രസര്‍ക്കാരിന് സുപ്രീം കോടതിയുടെ നോട്ടീസ്. കേന്ദ്രസര്‍ക്കാരിന് പുറമെ ഗവര്‍ണറുടെ അഡീഷണല്‍ സെക്രട്ടറിക്കും സുപ്രിംകോടതി നോട്ടീസ് അയച്ചിട്ടുണ്ട്. വെള്ളിയാഴ്ചക്കുള്ളില്‍ കേന്ദ്രം നോട്ടീസിന് മറുപടി നല്‍കണം. കേന്ദ്രസര്‍ക്കാറിന് വേണ്ടി അറ്റോര്‍ണി ജനറലും സോളിസിറ്റര്‍ ജനറലും വെള്ളിയാഴ്ച ഹാജരാകണമെന്നും ബെഞ്ച് നിര്‍ദേശിച്ചു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ഹര്‍ജി വരുന്ന വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.

എട്ട് ബില്ലുകള്‍ക്ക് ഗവര്‍ണര്‍ അനുമതി നല്‍കുന്നതില്‍ കാലതാമസം വരുത്തിയെന്ന് ആരോപിച്ച് സമര്‍പ്പിച്ച ഹര്‍ജിയില്‍ മുതിര്‍ന്ന അഭിഭാഷകന്‍ കെ കെ വേണു ഗോപാലാണ് സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായത്. ഇത് പലയിടത്തും കണ്ടുവരുന്ന സ്ഥിതിവിശേഷമാണെന്നും ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 168 പ്രകാരം തങ്ങള്‍ നിയമസഭയുടെ ഭാഗമാണെന്ന് ഗവര്‍ണര്‍മാര്‍ മനസ്സിലാക്കുന്നില്ലെന്നും മുതിര്‍ന്ന അഭിഭാഷകന്‍ വേണുഗോപാല്‍ പറഞ്ഞു.

എട്ട് ബില്ലുകള്‍ ഗവര്‍ണര്‍ ഒപ്പിടാതെ വൈകിപ്പിക്കുന്നതിനെതിരെയാണ് കേരളം സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്. 200ാം അനുഛേദം അനുസരിച്ച് നിയമസഭ പാസാക്കി പരിഗണനയ്ക്ക് വിട്ട ബില്ലുകളില്‍ ഗവര്‍ണര്‍ എത്രയും വേഗം തീരുമാനം എടുക്കണമെന്നും ഗവര്‍ണറുടെ നിലപാട് ഭരണഘടനയുടെ അടിസ്ഥാന ഘടനയ്ക്ക് വിരുദ്ധമാണെന്നും സദ്ഭരണ സങ്കല്‍പ്പം അട്ടിമറിക്കുന്നതായും കേരളം ഹര്‍ജിയില്‍ പറഞ്ഞു.

ഗവര്‍ണര്‍ കേരളത്തിലെ ജനങ്ങളോടും നിയമസഭ അംഗങ്ങളോടും കടുത്ത അനീതിയാണ് കാണിക്കുന്നതെന്ന് വ്യക്തമാക്കി സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ പ്രത്യേക അനുമതി ഹര്‍ജിയും സമര്‍പ്പിച്ചിട്ടുണ്ട്


Read Previous

സിറാജ് പൊട്ടിക്കരഞ്ഞു, രോഹിത്തും വിരാടും സങ്കടം നിയന്ത്രിക്കാന്‍ പാടുപെട്ടു, അവരെ ഇങ്ങനെ കാണുന്നതു സഹിക്കാനാവുന്നില്ല

Read Next

റാഫി പാങ്ങോടിന്‍റെ അനുഭവക്കുറിപ്പ്. ‘മണൽ ചൂഴികൾ’ പ്രകാശനം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular