ഫോട്ടോസ്റ്റാറ്റ്‌ പോരാ; മുഖ്യമന്ത്രിക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ച കുഴല്‍നാടനെ സ്പീക്കര്‍ തടഞ്ഞു; പ്രതിപക്ഷം ഇറങ്ങിപ്പോയി


തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ നിയമസഭയില്‍ അഴിമതി ആരോപണം ഉന്നയിക്കാനുള്ള മാത്യു കുഴല്‍ നാടന്റെ ശ്രമം തടഞ്ഞ് സ്പീക്കര്‍. വ്യക്തമായ രേഖകള്‍ ഇല്ലാതെയുള്ള ആരോപണങ്ങള്‍ അനുവദിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടി സ്പീക്കര്‍ മൈക്ക് ഓഫ് ചെയ്തു. തുടര്‍ന്ന് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. ആരോപണത്തിന് അടിസ്ഥാനമായ രേഖ സ്പീക്കറുടെ ഓഫീസ് ആവശ്യപ്പെട്ടപ്പോള്‍ നല്‍കിയിട്ടുണ്ടെന്നും എന്നിട്ട് അനുമതി നിഷേധിച്ചത് എന്തിനെന്നും മാത്യു കുഴല്‍നാടന്‍ ചോദിച്ചു.

മുഖ്യമന്ത്രിക്കെതിരെ അഴിമതി ആരോപണത്തിന് അടിസ്ഥാനമായ രേഖയുടെ പകര്‍പ്പ് മാത്യ കുഴല്‍ നാടന്‍ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഒരു ഫോട്ടോസ്റ്റാറ്റ് കടലാസ് കൊണ്ടു വന്ന് സഭയുടെ വിശുദ്ധി കളയാന്‍ അനുവദിക്കാനാവില്ലെന്ന് പറഞ്ഞായിരുന്നു സ്പീക്കര്‍ മൈക്ക് ഓഫ് ചെയ്തത്.

ചട്ടപ്രകാരമാണ് സഭയില്‍ ഇടപെട്ടതെന്ന് മാത്യു കുഴല്‍നാടന്‍ വാര്‍ത്താസമ്മേളന ത്തില്‍ പറഞ്ഞു. എംഎല്‍എ എന്ന നിലയില്‍ ഉത്തരവാദിത്തത്തോടെ വിഷയം അവതരിപ്പിക്കാവുന്ന വേദി എന്ന നിലയിലാണ് ആരോപണം ഉന്നയിക്കാന്‍ നിയമസഭ തെരഞ്ഞെടുത്തതെന്ന് മാത്യു പറഞ്ഞു. നിയമസഭയില്‍ ആധികാരികതയോടെ കാര്യം അവതരിപ്പിക്കാനാണ് ശ്രമിച്ചത്. പാര്‍ട്ടിയുടെ അനുമതിയോടെ വിഷയം ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുമെന്നും മാത്യു കുഴല്‍നാടന്‍ കൂട്ടിച്ചേര്‍ത്തു.

സഭയില്‍ അസാധാരണമായ സംഭവങ്ങളാണ് നടന്നതെന്ന് പിസി വിഷ്ണുനാഥ് എംഎല്‍എ പറഞ്ഞു. എഴുതിക്കൊടുത്ത ശേഷവും ആരോപണം ഉന്നയിക്കാന്‍ മാത്യുവിനെ അനുവദിക്കാത്തത് അതിശയകരം. പ്രതിപക്ഷ നേതാവിനെതിരെ ആരോപണം ഉന്നയിക്കാന്‍ പിവി അന്‍വറിന് എന്ത് രേഖയുണ്ടായിരുന്നു. സര്‍ക്കാര്‍ ഇങ്ങനെ ഭയക്കാന്‍ തുടങ്ങിയാല്‍ എന്തുചെയ്യുമെന്നും പിസി വിഷ്ണുനാഥ് ചോദിച്ചു.


Read Previous

പ്രേമചന്ദ്രനെ ചായകുടിക്കാന്‍ വിളിക്കാന്‍ എനിക്ക് തന്നെ പലപ്പോഴും തോന്നിയിട്ടുണ്ട്; മോദി ക്ഷണിച്ചില്ലെങ്കിലേ അത്ഭുതമുളളൂ’

Read Next

ലോകത്തിലെ ഏറ്റവും വലിയ ബീച്ച് ക്ലബ് ദുബായില്‍ തുറക്കുന്നു’ ക്ലബ്ബില്‍ 400ലധികം സണ്‍ബെഡുകള്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular