പ്ലസ് ടു പരീക്ഷയ്ക്ക് എങ്ങനെ തയ്യാറെടുക്കാം അറിയേണ്ടതല്ലാം.


കോവിഡ് കാലത്ത് ഏറെ പ്രതീക്ഷയോടെയാണ് വിദ്യാര്‍ഥികള്‍ പ്ലസ് ടു പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നത്. വിദ്യാര്‍ഥികളുടെ ജീവിതത്തില്‍ പ്രധാനപ്പെട്ട വഴിത്തിരിവാണ് പ്ലസ് ടു. പ്ലസ് ടുവിന്റെ വിജയമാണ് വിദ്യാര്‍ഥിയുടെ ഉന്നതപഠനത്തെക്കുറിച്ചുള്ള തീരുമാനമെടുക്കാന്‍ സഹായിക്കുന്നത്

പ്ലസ് വണ്‍, പ്ലസ് ടു കാലയളവില്‍ വേണ്ടത്ര ശ്രദ്ധ ചെലുത്താന്‍ സാധിക്കാത്തവര്‍ക്കിത് ചിട്ടയായ തയ്യാറെടുപ്പിനുള്ള കാലമാണ്. മൂന്നാഴ്ചത്തെ സ്റ്റഡി ലീവില്‍ നന്നായി പഠിച്ചാല്‍ മികച്ച വിജയം കൈവരിക്കാം. കഴിഞ്ഞ കാലയളവിനെയോ, പരീക്ഷകളെയോ ഓര്‍ത്ത് വേവലാതിപ്പെടാതെ ഇനിയുള്ള ദിവസങ്ങളില്‍ ചിട്ടയോടെ പഠിക്കാന്‍ ശ്രമിക്കണം.

പരീക്ഷാ ടൈംടേബിള്‍ വിലയിരുത്തി സ്റ്റഡിപ്ലാന്‍ തയ്യാറാക്കണം. എല്ലാ പരീക്ഷകള്‍ക്കും ഇടയില്‍ വേണ്ടത്ര ഇടവേളകളുണ്ടാകും. ഇടവേളകള്‍ കുറഞ്ഞ വിഷയങ്ങള്‍ ആദ്യം പഠിച്ചിരിക്കണം. കഴിഞ്ഞ നാലുവര്‍ഷത്തെ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താന്‍ ശ്രമിക്കണം. ഓണ്‍ലൈന്‍ ക്ലാസിലെഴുതിയ നോട്ടുബുക്കുകള്‍ സുഹൃത്തുക്കളുടെ പുസ്തകങ്ങളുമായി ഒത്തുനോക്കി തെറ്റുകള്‍ തിരുത്തണം.

ഇനിയുള്ള ദിവസങ്ങളില്‍ ദിവസേന ആറുമണിക്കെങ്കിലും ഉണരണം. അരമണിക്കൂര്‍ യോഗ/ശ്വസന വ്യായാമം എന്നിവയോടൊപ്പം എഴുന്നേറ്റയുടനെ ശുദ്ധമായ വെള്ളം കുടിക്കണം. പരീക്ഷാകാലയളവില്‍ മൊബൈല്‍ ഫോണ്‍, സോഷ്യല്‍ മീഡിയ എന്നിവയുടെ ഉപയോഗം കുറയ്ക്കണം. ദിവസേന കുറഞ്ഞത് 12-14 മണിക്കൂറെങ്കിലും പഠിയ്ക്കണം. ആറു മണിക്കൂര്‍ ഉറങ്ങണം. അരമണിക്കൂര്‍വീതം ടി.വി. കാണുന്നതും കളിക്കുന്നതും നല്ലതാണ്. സുഹൃത്തുക്കളുമായി ചേര്‍ന്നുള്ള ഗ്രൂപ്പ് പഠനം നല്ലതാണ്. പക്ഷേ, ഗ്രൂപ്പ് ചര്‍ച്ചകളില്‍ വിഷയം മാറിപ്പോകരുത്.

ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ്, കൊമേഴ്സ്, ബിസിനസ് സ്റ്റഡീസ്, കംപ്യൂട്ടര്‍ സയന്‍സ് വിഷയങ്ങള്‍ ചെയ്തുപഠിക്കേണ്ടവയാണ്. മറ്റുള്ളവ വായിച്ച് പഠിക്കാം. പഠിക്കുമ്പോള്‍ പ്രധാനപ്പെട്ട, ഓര്‍ത്തിരിക്കേണ്ടവ ഒരു നോട്ട്ബുക്കില്‍ കുറിച്ചിടാം. ഫോര്‍മുലകള്‍ എല്ലാം നന്നായി പഠിക്കണം. മാതൃകാ ചോദ്യങ്ങള്‍ക്ക് പരമാവധി ഉത്തരം കണ്ടെത്താന്‍ ശ്രമിക്കണം.

പ്ലസ് ടുവിനുശേഷം ഉന്നതപഠനത്തിന് ഒട്ടേറെ പ്രവേശന പരീക്ഷകളുണ്ട്. നീറ്റ്, ജെ.ഇ.ഇ. മെയിന്‍, അഡ്വാന്‍സ്ഡ്, കീം, ക്ലാറ്റ് തുടങ്ങി ഒട്ടേറെ പരീക്ഷകളുണ്ട്. പ്ലസ് ടു പരീക്ഷ സ്റ്റഡിലീവില്‍ പ്രവേശന പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പുകള്‍ മാറ്റിവെച്ച് പ്ലസ് ടു ബോര്‍ഡ് പരീക്ഷ ലക്ഷ്യമിട്ടാകണം പഠനം.

പരീക്ഷാ തയ്യാറെടുപ്പു കാലയളവില്‍ ഹോട്ടല്‍ഭക്ഷണം കഴിയുന്നത്ര ഒഴിവാക്കണം. നോണ്‍ വെജിറ്റേറിയന്‍, കൊഴുപ്പുകൂടിയ ഭക്ഷണം, അമിതമായ മധുര പലഹാരങ്ങള്‍ എന്നിവ ഒഴിവാക്കുന്നതാണ് നല്ലത്. യഥേഷ്ടം ശുദ്ധമായ വെള്ളം കുടിക്കണം. പഴവര്‍ഗങ്ങള്‍, നാരുകളുള്ള പച്ചക്കറി, പഴച്ചാറുകള്‍, ജൂസുകള്‍ എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. യോഗര്‍ട്ട്, തൈര് തുടങ്ങിയ ക്ഷീരോത്പന്നങ്ങള്‍ കഴിക്കുന്നത് നല്ലതാണ്.

പഠനസമയം

പരീക്ഷയ്ക്ക് ഒരാഴ്ച മുമ്പുതന്നെ എല്ലാ വിഷയങ്ങളും പഠിച്ച് തീര്‍ക്കാവുന്ന ടൈംടേബിളുണ്ടാ ക്കണം. തുടര്‍ന്ന് റിവിഷന് മുന്‍ഗണന നല്‍കണം. പരീക്ഷ കഴിഞ്ഞയുടനെ ചോദ്യങ്ങള്‍ സുഹൃത്തുക്കളുമായി ചര്‍ച്ച ചെയ്ത് തെറ്റായ ഉത്തരങ്ങളെയോര്‍ത്ത് വ്യാകുലപ്പെടരുത്. ഒരു പരീക്ഷ കഴിഞ്ഞാല്‍ അടുത്ത പരീക്ഷയ്ക്ക് തയ്യാറെടുക്കണം. പരീക്ഷയ്ക്ക് തൊട്ടു മുമ്പ് സഹപാഠികളുമായി പഠിക്കാത്ത ഭാഗങ്ങളില്‍ ചര്‍ച്ചയ്ക്ക് മുതിരരുത്. സംശയമുള്ള ഭാഗങ്ങള്‍ അധ്യാപകരുമായി ചര്‍ച്ച ചെയ്യണം.


Read Previous

സസ്യാഹാരാദികളിൽ‍ ഈ വിറ്റമിനിന്‍റെ പരിമിതി ഒരിക്കലും ദൃശ്യമാകുന്നില്ല.

Read Next

തീയും ചാരവും വമിപ്പിച്ച് ഇന്തോനേഷ്യയിലെ മെരാപ്പി അഗ്നിപർവ്വതം. ജാഗ്രതനിര്‍ദേശം നല്‍കി അതികൃതര്‍.

Leave a Reply

Your email address will not be published. Required fields are marked *

Most Popular