കവിത “ഭരതവാക്യം” സുഗുണാ രാജൻ പയ്യന്നൂർ


കിളിമകൾ ചൊല്ലുന്നൊരീണത്തിലുണരുന്നു
ധർമ്മകാണ്ഡത്തിന്റെയാത്മഹർഷം
പാരായണം ചെയ്യുമാഷാഢമേഘങ്ങൾ
രാമായണം പോൽ നിറഞ്ഞു ഹൃത്തിൽ!

അമ്മ കൈകേയിതൻ ദുർവ്വാശിയിൽ നീറി
ശ്രീരാമസോദരൻ നിർദ്വിതീയൻ
ഭരതവാക്യത്തിന്റെ ദൃഢതയും സത്യവും
കാക്കുവാൻ ശ്രീരാമപൂജ ചെയ്താൻ!

ഈരേഴുപതിന്നാലു സംവത്സരം
രാമജ്യേഷ്ഠനു വേണ്ടി ഭരിച്ചു രാജ്യം
അധികാരദുർമോഹമുള്ളിലുദിക്കാതെ
ഭരതൻ പ്രജേശൻ പ്രജാനാഥനായ്!

സൂര്യവംശത്തിന്റെ കീർത്തിയിൽ തൂവലായ്
ഐശ്വര്യമെങ്ങും നിറഞ്ഞകാലം
സത്യധർമ്മാദികൾ കൈവിടാതെ
പാഞ്ചജന്യൻ ഭരതൻ നിപുണനായി!

പദവിയേക്കാൾ പുണ്യമേട്ടന്റെ സാമീപ്യമെന്നോർത്തു പാദുകം തലയിലേറ്റി
ഇല്ല, പകരമൊരു സ്നേഹസോപാനവും ശ്രീരാമചന്ദ്രൻ ഹസിച്ച പോലെ!

കാന്താരവാസത്തിൽ ജ്യേഷ്ഠന്റെ പീഡകൾ
ഉള്ളിൽ നെരിപ്പോടുപോൽ നീറവേ
ഭരതനും പാടേയുപേക്ഷിച്ചു കൊട്ടാര-
ക്കെട്ടിലെയാർഭാടസുഖജീവിതം!

ഹൃദാകാശമെങ്ങുമൊളിപരത്തീടും
ചിദാനന്ദസാരസർവ്വസ്വമേ ശ്രീനിധേ
സീതാപതിനാമമുരുവിട്ടു മോദമായ്
കൈകേയപുത്രൻ ഭരിച്ചാനയോദ്ധ്യയും!


Read Previous

കള്ളപ്പണം വെളുപ്പിക്കൽ; ഉന്നത വിദ്യാഭ്യാസ മന്ത്രി പൊന്‍മുടിയും മകനും ഇഡി റഡാറില്‍; തമിഴ്‌നാട്ടില്‍ വീണ്ടും വ്യാപക റെയ്ഡ്

Read Next

കവിത “ബലിതര്‍പ്പണം” ജയേഷ് പണിക്കർ

Leave a Reply

Your email address will not be published. Required fields are marked *

Most Popular