കവിത ‘പുതുവത്സരം’


താനേ തുറന്നിങ്ങകത്തു വന്നൂ, അനുവാദമില്ലാതെയരികിലെത്തി
ഒരു പുത്തനാണ്ടിലെ മധുമാസങ്ങൾ
നന്മകൾ പൂക്കുന്ന പുതുവത്സരം!

തൂമഞ്ഞു തൂവുന്ന തിരുവാതിര, ഈ പുലർകാലസുന്ദരി ജേമന്തികൾ
ജനുവരിക്കുളിരിലെ സുന്ദരസ്വപ്നമാം മാർഗ്ഗഴിത്തിങ്കൾതൻ പുലർവേളകൾ !

അഷ്ടമിത്തിങ്കളെ തൊഴുതുമടങ്ങുന്ന വ്രീളാവിവശപോൽ ഫെബ്രുവരി
കൂമ്പും മിഴിപ്പൂക്കൾ പുളകം പുതയ്ക്കുന്ന സർവ്വാംഗസുന്ദരി മാഘമാസം
അലസഗമനയായ്‌ വിരഹഗാനം പാടും ശിശിരമായ്‌ മാർച്ചിലെ ചൈത്രരാഗം !

കർണ്ണികാരപ്പൂവ് പൊൻകണി കാട്ടുമീ വിഷുസംക്രമം കനൽ ചൂടിടുന്നു
മേദിനിതൻ ശുഷ്കമാറിലെ സ്തന്യമായ്
ഏപ്രിലിൻ കണ്ണീരടർന്നു വീഴുന്നൊരാ
നൂലുപോലൊഴുകുന്ന പുഴയോർമ്മകൾ !

മേയിലെ ചൂടിലും സ൪വ്വംസഹയായി ഉരുകിയുതിരുന്ന ദിനരാത്രങ്ങൾ,
തപിക്കുന്ന വേനലും, വേനലവധിയും കുഞ്ഞുമനങ്ങളിൽ കുളിരോർമ്മകൾ !
എത്തുന്നു പതിയെ കനിവോടെ ഭൂവിൽ താളത്തിൽ മേളത്തിൽ മഴനൂലുകൾ
ജൂണിൽ പൊഴിയും മഴച്ചിന്തുചിതറുന്ന വർണ്ണപ്രപഞ്ചത്തിൻ കുടമാറ്റങ്ങൾ !

ഇഷ്ടമെന്നോതുവാനരികിലണയുന്ന മൃദുസ്മേര വദനയാം ജൂലായിയും
വസന്തഋതുവിൻ പൊൻശോഭയും,
പൂക്കളും, തുമ്പിയുമോണപ്പാട്ടും,
പൊന്നോണശ്ശീലും പുത്തരിച്ചേലുമായ- ണയുന്നൊരോഗസ്റ്റിന്നരുണിമയും !

പറയാതെയറിയാതെ മോഹങ്ങളിൽ വന്നു കണ്ണുപൊത്തുന്നൊരാ സെപ്റ്റംബറും !
ഓർമ്മകൾക്കമ്മയായ് താരാട്ടുപാടുവാൻ ഒക്ടോബറിൻ തൊട്ടിലൂയലാടി !
പാടെ മറക്കുവാൻ ചാരത്തണയുന്ന നന്മതൻ നറുതേൻ നവംബറും
സ്വപനത്തിലെന്നപോൽ ഹൃദയകവാടത്തിൽ സൗഗന്ധികങ്ങളായ്‌ പൂത്തു നിൽക്കും !

ഡിസംബറിന്നോർമ്മകൾ വെൺമേഘത്തുണ്ടിലൂ-
ടൊരുമഞ്ഞുമഴയായ് പൊഴിഞ്ഞീടവെ
ഹൃദയം തുടിക്കും പിറവിതന്നോർമ്മയിൽ , സ്നേഹമായ് ശുഭ്രമാം നീഹാരമായ്
വിടവാങ്ങും കുളിരോലും ഡിസംബറും,
മറവിതൻ മാറാലയ്ക്കേകിടുന്നൂ
ദുരിതം വിതച്ചൊരാ പോയകാലം
വ്യാധി കുടഞ്ഞിട്ട നോവുപൂക്കൾ !

വീണ്ടുമുണരട്ടെയൊരു നവജീവനം നവയുഗഗാനത്തിൻ ആത്മതാളം
പുതുവത്സരത്തിന്റെ തുടിതാളമേളമായ്
പുതിയൊരു വർണ്ണവസന്തത്തിനായ്
ഹൃദയങ്ങളൊന്നായ് പുണർന്നിടട്ടെ, ഈ
ഭൂവൊരുങ്ങീടട്ടെ ചന്തമോടെ !

താഴിട്ട പടിവാതിലൊന്നായ് തുറന്നൊരു
പറവയെപ്പോൽ വാനിൽ വിഹരിക്കുവാൻ,
വീണ്ടും കൈകോർത്തിരുന്നൊന്നു ചേർന്നീടുവാൻ ,
വ്യാധിയുമാധിയും പോയ്മറഞ്ഞൊരു നല്ല
സംവത്സരത്തിനെ വരവേൽക്കുവാൻ
ഹൃദയത്തിലൊരു തിരി തെളിയിച്ചിടാം പ്രതീക്ഷതൻ ദ്വിതിയോടെ ഭദ്രദീപം!


Read Previous

പൂച്ചയ്ക്കെന്തു കാര്യം..കാര്‍ട്ടൂണ്‍ പംക്തി 27-12-2022

Read Next

നവവത്സരത്തെ വരവേറ്റ് ദവാദമിയുടെ ചരിത്ര ഭുമികയിലേക്ക് സിറ്റി ഫ്ലവര്‍ എത്തുന്നു; ഉത്ഘാടനം 2023, ജനുവരി 4ന്

Leave a Reply

Your email address will not be published. Required fields are marked *

Most Popular