സീറ്റില്ലാത്ത പ്രഗ്യയുടെ പ്രവര്‍ത്തനം ബുദ്ധി നഷ്ടപ്പെട്ട പോലെ


ടിക്കറ്റ് നിഷേധിക്കപ്പെട്ട പ്രഗ്യയുടെ പ്രവര്‍ത്തനം ഇപ്പോള്‍ പ്രജ്ഞ നഷ്ടപ്പെട്ട പോലെയാണ്. കഴിഞ്ഞമാസം കജുരിയ കലാം ഗ്രാമത്തിലെ ഒരു വീടിന്റെ വാതില്‍ തല്ലിപ്പൊളിച്ച് അനധികൃത മദ്യക്കുപ്പികള്‍ പിടിച്ചെടുത്തു. ചട്ടങ്ങള്‍ പാലിക്കാതെ എം.പി. ഫണ്ട് ചെലവഴിക്കാന്‍ പ്രഗ്യ നിര്‍ബന്ധിച്ചു എന്ന വാര്‍ത്ത പരന്നതാണ് പ്രഗ്യയെ പ്രകോപിപ്പിച്ചത്.

ഏഴുപേര്‍ കൊല്ലപ്പെട്ട മലേഗാവ് സ്‌ഫോടനക്കേസില്‍ എന്‍.ഐ.എ. കോടതി കുറ്റവിമുക്തയാക്കിയതിനു പിന്നാലെ തീവ്രഹിന്ദുത്വ നിലപാടുകാരി പ്രഗ്യ സിങ് താക്കൂര്‍ ചേര്‍ന്നത് ബി.ജെ.പി.യില്‍. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മധ്യപ്രദേശിലെ ഭോപാലില്‍ കോണ്‍ഗ്രസിന്റെ തലമുതിര്‍ന്ന നേതാവ് ദിഗ്വിജയ് സിങ്ങിനെതിരേ ബി.ജെ.പി. പ്രഗ്യയെ ആവനാഴിയിലെ ഏറ്റവും മൂര്‍ച്ചയുള്ള ആയുധമാക്കി.

ഭോപാലിലെത്തി നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചതുമുതല്‍ തുടങ്ങി പ്രഗ്യയുടെ വാഗ്വിലാസങ്ങള്‍. മഹാരാഷ്ട്ര ഭീകരവിരുദ്ധ സേനയുടെ തലവന്‍ ഹേമന്ദ് കര്‍ക്കറെ കൊല്ലപ്പെട്ടത് തന്റെ ശാപം മൂലമെന്നായിരുന്നു ആദ്യയമ്പ്. മലേഗാവ് സ്‌ഫോടനക്കേസില്‍ ഹിന്ദുത്വ പ്രവര്‍ത്തകരെ പിടികൂടിയത് കര്‍ക്കറെയായിരുന്നു. ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടതില്‍ അഭിമാനിക്കുന്നു എന്നായിരുന്നു അടുത്ത ബ്രഹ്‌മാസ്ത്രം. നാഥുറാം ഗോഡ്സെ ദേശസ്‌നേഹിയാണെന്നും അദ്ദേഹത്തെ മനസ്സിലാക്കാത്തവരാണ് തീവ്രവാദിയെന്ന് വിളിക്കുന്നതെന്നും വിഷമടങ്ങിയ നാഗാസ്ത്രം പിന്നാലെ. കടുത്ത പ്രതിഷേധം രാജ്യമെങ്ങും അലയടിച്ചതിനെത്തുടര്‍ന്ന് പ്രധാനമന്ത്രിയടക്കം പ്രതിരോധത്തിലായി. നരേന്ദ്രമോദിയുടെ നിര്‍ദേശപ്രകാരം പ്രഗ്യ മാപ്പുപറഞ്ഞു.

ഭോപാലില്‍ സിങ്ങിനെതിരേ മൂന്നരലക്ഷത്തിലധികം വോട്ടിന് ജയിച്ചതോടെ വിജയം തലയ്ക്കുപിടിച്ച പ്രഗ്യ ഗോഡ്സെയെ വീണ്ടും പുകഴ്ത്തി. കോവിഡ് സമയത്ത് ഗോമൂത്രം കുടിക്കുന്നതിനാലാണ് തനിക്ക് രോഗം പിടിപെടാത്തതെന്ന് പരസ്യ പ്രസ്താവനയിറക്കി. മുഹമ്മദ് നബിയെ നിന്ദിച്ച ബി.ജെ.പി. വക്താവ് നൂപുര്‍ ശര്‍മയെ പാര്‍ട്ടി തള്ളിപ്പറഞ്ഞപ്പോഴും പ്രഗ്യ പിന്തുണച്ചു.

വിദ്യാസമ്പന്നര്‍ക്ക് മുന്നില്‍ ബി.ജെ.പി.യുടെ തലകുനിപ്പിക്കുന്ന പ്രഗ്യക്ക് സ്വാഭാവികമായും ഇത്തവണ ഭോപാലില്‍ സീറ്റ് ബി.ജെ.പി. നല്‍കിയില്ല. സ്ഥാനാര്‍ഥിത്വം നിഷേധിക്കപ്പെട്ടപ്പോള്‍ പ്രഗ്യ പറഞ്ഞതിപ്രകാരം: ”ഞാന്‍ മുമ്പ് ടിക്കറ്റ് തേടിയിട്ടില്ല. ഇപ്പോഴും തേടുന്നില്ല. എന്റെ മുമ്പത്തെ പ്രസ്താവനകളില്‍ ചിലത് പ്രധാനമന്ത്രി മോദിയെ സന്തോഷിപ്പിച്ചിരിക്കില്ല. എന്നോട് ക്ഷമിക്കില്ലെന്ന് അന്നേ അദ്ദേഹം വ്യക്തമാക്കിയിരുന്നു. എന്നാലും ഞാന്‍ നേരത്തേതന്നെ ക്ഷമാപണം നടത്തി”.

ടിക്കറ്റ് നിഷേധിക്കപ്പെട്ട പ്രഗ്യയുടെ പ്രവര്‍ത്തനം ഇപ്പോള്‍ പ്രജ്ഞ നഷ്ടപ്പെട്ട പോലെയാണ്. കഴിഞ്ഞമാസം കജുരിയ കലാം ഗ്രാമത്തിലെത്തിയ പ്രഗ്യ മഹേഷ് ഗൗര്‍ എന്നയാളുടെ വീടിന്റെ വാതില്‍ തല്ലിപ്പൊളിച്ച് അനധികൃത മദ്യക്കുപ്പികള്‍ പിടിച്ചെടുത്തു. തങ്ങള്‍ ചെയ്യാമെന്ന് പോലീസ് ഉദ്യോഗസ്ഥന്‍ തൊഴുകൈകളോടെ യാചിക്കുന്നതിനിടയിലായിരുന്നു പ്രഗ്യയുടെ പ്രകടനം. ബി.ജെ.പി.യുടെ സെഹോര്‍ എം.എല്‍.എ. സുധേഷ് റായിയുടെ പിന്തുണയോടെയാണ് ഗൗര്‍ മദ്യം വില്‍ക്കുന്നതെന്നായിരുന്നു പ്രഗ്യയുടെ ആരോപണം.

അനധികൃത മദ്യശാല എം.എല്‍.എ.തന്നെ നടത്തുന്നത് നാണക്കേടാണെന്നും പ്രഗ്യ കുറ്റപ്പെടുത്തുന്നു. തനിക്കെതിരേ എന്തിനാണ് എം.പി. ഇങ്ങനെ തുള്ളുന്നതെന്നറിയില്ലെന്നായിരുന്നു റായിയുടെ പ്രതികരണം. താനല്ല സീറ്റ് നിഷേധിച്ചതെന്നും അദ്ദേഹം പറയുന്നു. ചട്ടങ്ങള്‍ പാലിക്കാതെ എം.പി. ഫണ്ട് ചെലവഴിക്കാന്‍ പ്രഗ്യ നിര്‍ബന്ധിച്ചു എന്ന വാര്‍ത്ത പരന്നതിനുപിന്നില്‍ റായിയാണെന്ന ചിന്തയാണ് പ്രഗ്യയെ പ്രകോപിതയാക്കിയതെന്നാണ് അണിയറ വര്‍ത്തമാനം. മലേഗാവ് കേസിനുപുറമേ ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ സുനില്‍ ജോഷി കൊല്ലപ്പെട്ട കേസിലും പ്രഗ്യ പ്രതിയായിരുന്നു. പത്തുകൊല്ലത്തെ അന്വേഷണത്തിനും തെളിവെടുപ്പിനുംശേഷം മതിയായ തെളിവില്ലെന്നു പറഞ്ഞാണ് ഈ കേസിലും കുറ്റവിമുക്തായാവുന്നത

മലേഗാവ് കേസില്‍ വിചാരണകാത്ത് ഒമ്പതുവര്‍ഷം ജയിലില്‍ക്കഴിഞ്ഞ ശേഷമായിരുന്നു കഴിഞ്ഞ തിരഞ്ഞെടുപ്പിനുമുമ്പ് പ്രഗ്യ പുറത്തുവന്നത്. പിന്നാലെയാണ് തന്റെ അഭിനവ് ഭാരത് എന്ന സംഘടന ഉപേക്ഷിച്ച് ബി.ജെ.പി.യില്‍ ചേര്‍ന്നത്. പ്രസ്താവനകളിലൂടെ തുടക്കം മുതല്‍തന്നെ വാര്‍ത്തകളില്‍ നിറയാന്‍ പ്രഗ്യക്കായി. എം.പി.യായ ഉടനെ ആദ്യം തള്ളിപ്പറഞ്ഞത് പ്രധാനമന്ത്രിയുടെ അഭിമാന പദ്ധതിയായ ശുചിത്വഭാരതം പരിപാടിയെത്തന്നെയായിരുന്നു.

സെഹോറില്‍ നടന്ന പരിപാടിയില്‍ ശൗചാലയം വൃത്തിയാക്കാനല്ല തങ്ങളെ തിരഞ്ഞെടുത്തതെന്നായിരുന്നു പ്രഗ്യയുടെ പ്രസ്താവന. ‘ഇതു മനസ്സില്‍ വെക്കുക. ഓട വൃത്തിയാക്കാനല്ല ഞങ്ങള്‍ ഇവിടെയുള്ളത്. നിങ്ങളുടെ ശൗചാലയം വൃത്തിയാക്കാനുള്ളവരുമല്ല ഞങ്ങള്‍. എന്തിനാണോ തിരഞ്ഞെടുത്തത് അത് കൃത്യമായി ചെയ്യും. ഇത് മുമ്പും പറഞ്ഞിട്ടുണ്ട്. ഇപ്പോഴും പറയുന്നു. ഭാവിയിലും പറയും’. അന്ന് ബി.ജെ.പി. വര്‍ക്കിങ് പ്രസിഡന്റായിരുന്ന ജെ.പി. നഡ്ഡ പ്രഗ്യയെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ച് മാപ്പുപറയിച്ചു. ഇപ്പോള്‍ സീറ്റില്ലാത്ത പ്രഗ്യ തത്കാലം പുറത്താണ്. അകത്തുള്ള പ്രഗ്യയെക്കാള്‍ തലവേദന പുറത്തുള്ള പ്രഗ്യ ബി.ജെ.പി.ക്ക് സൃഷ്ടിക്കുമോ എന്ന് കണ്ടറിയാം


Read Previous

ടി.ജി. നന്ദകുമാര്‍ അമ്പലത്തിലെ വിഗ്രഹം മോഷ്ടിച്ചു,അയാള്‍ കാട്ടുകള്ളന്‍; സുരേന്ദ്രന്‍

Read Next

മുന്‍ എംഎല്‍എ സിപിഎമ്മിലേക്ക്; സുലൈമാന്‍ റാവുത്തര്‍ കോണ്‍ഗ്രസ് വിട്ടു

Leave a Reply

Your email address will not be published. Required fields are marked *

Most Popular