ജിദ്ദയിൽ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും ഷെയ്ഖ് മുഹമ്മദ് ബിൻ സായിദും കൂടിക്കാഴ്ച നടത്തി


സൗദി കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും, യു എ ഇ തലസ്ഥാനമായ അബുദാബി എമിറേറ്റിന്റെ കിരീടാവകാശിയും യു എ ഇയുടെ സായുധ സേനാ സുപ്രീം കമാണ്ടറുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് ആലുനഹ്‌യാനും ജിദ്ദയില്‍

ജിദ്ദ: ഊഷ്മളമായ ഒരു കൂടിക്കാഴ്ചയിൽ സൗദി അറേബ്യയുടെയും യു എ ഇയുടെയും കിരീടാവകാശികൾ ജിദ്ദയിൽ സന്ധിച്ചു. സൗദി കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും, യു എ ഇ തലസ്ഥാനമായ അബുദാബി എമിറേറ്റിന്റെ കിരീടാവകാശിയും യു എ ഇയുടെ സായുധ സേനാ സുപ്രീം കമാണ്ടറുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് ആലുനഹ്‌യാനുമാണ് സംഭാഷണം നടത്തിയത്. ഇരു സുഹൃദ് രാജ്യങ്ങൾക്കുമിടയിൽ നിലനിൽക്കുന്ന സുദൃഢമായ ബന്ധങ്ങളും അത് ഇനിയും ശക്തമാക്കാനുള്ള മാര്ഗങ്ങളും ചർച്ചയായ കൂടിക്കാഴ്ചയിൽ മേഖലയിലെയും രാജ്യാന്തര തലങ്ങളിലെയും സംഭവ വികാസങ്ങളും വിഷയീഭവിച്ചു.

ബുധനാഴ്ച ജിദ്ദയിലെത്തിയ യു എ ഇ അതിഥിയെ സൗദി കിരീടാവകാശി കിംഗ് അബ്ദുൽ അസീസ് വിമാനത്താവളത്തിൽ നേരിട്ടെത്തി എതിരേൽക്കുകയായിരുന്നു. കൂടിക്കാഴ്ചയുടെ വിവരം ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ വെളിപ്പെടുത്തി. മേഖലയുടെ സുസ്ഥിരത പരിരക്ഷിക്കേണ്ടതിനും ഭീഷണികൾ നേരിടുന്നതിനായി ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം കൂടുതൽ സുശക്തമാക്കേണ്ടതിന്റെ അനിവാര്യത കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തതായി അദ്ദേഹം ട്വിറ്ററിൽ രേഖപ്പെടുത്തി. നിരവധി വിഷയങ്ങളിൽ ആശയ വിനിമയവും ഇരു നേതാക്കളും നടത്തുകയുണ്ടായി.

സൗദിയും യു എ ഇ യും തമ്മിൽ അതിശക്തവും തന്ത്രപ്രധാനയുമായ ബന്ധങ്ങളാണ് നിലനിൽ ക്കുന്നത്. യു എ ഇ നേതാവിന്റെ സ്വീകരണത്തിൽ സൗദി ഭാഗത്തു നിന്ന് മന്ത്രിസഭാംഗം തുർക്കി ബിൻ മുഹമ്മദ് ഫഹദ് രാജകുമാരൻ, പ്രതിരോധ സഹമന്ത്രി ഖാലിദ് ബിൻ സൽമാൻ രാജകുമാരൻ, വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ഡോ. മുസാഇദ് അൽഐബാൻ എന്നിവരും സന്നിഹിതരായി.

യു എ ഇ ഭാഗത്തു നിന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ഷെയ്ഖ് ത്വഹ്‌നൂൻ ബിൻ സായിദ്, ദേശീയ സുരക്ഷാ സുപ്രീം കൗൺസിൽ ഡെപ്യുട്ടി സെക്രട്ടറി ജനറലുമായ അലി അൽശാമിസി, യു എ ഇയുടെ സൗദിയിലെ അംബാസഡർ ഷെയ്ഖ് നഹ്യാൻ ബിൻ സൈഫ്, അബുദാബി കിരീടാവകാശിയുടെ ഓഫീസിലെ അണ്ടർ സെക്രട്ടറി മുഹമ്മദ് അൽമസ്രൂഈ എന്നിവരും ചർച്ചകളിൽ പങ്കെടുത്തു.


Read Previous

സംസ്ഥാനത്തെ ലോക്ഡൗൺ മാർഗ നിർദേശങ്ങള്‍ സർക്കാർ ഉത്തരവ് പുറത്തിറങ്ങി. ഭക്ഷ്യവസ്തുക്കൾ വിൽക്കുന്ന കടകൾ രാവിലെ 6 മുതല്‍ വൈകിട്ട് 7.30 വരെ തുറക്കാം

Read Next

സിനിമയ്ക്കായി കോടികൾ തട്ടി; സംവിധായകൻ ശ്രീകുമാർ മേനോൻ അറസ്റ്റിൽ

Leave a Reply

Your email address will not be published. Required fields are marked *

Most Popular