നടപടിക്രമങ്ങളില്‍ വീഴ്ച, പക്ഷേ അഴിമതിക്കു തെളിവില്ല’; ലോകായുക്ത വിധി വിശദാംശങ്ങള്‍


തിരുവനന്തപുരം: മന്ത്രിസഭായോഗ തീരുമാനങ്ങള്‍ പരിശോധിക്കാന്‍ ലോകായു ക്തയ്ക്ക് അധികാരമുണ്ടോയെന്നതില്‍ ലോകായുക്തയും ഉപലോകായുക്തമാരും തമ്മില്‍ അഭിപ്രായ ഭിന്നത. ദുരിതാശ്വാസ നിധി ദുര്‍വിനിയോഗം ചെയ്‌തെന്ന, മുഖ്യമന്ത്രിക്കും മുന്‍ മന്ത്രിമാര്‍ക്കും എതിരായ ഹര്‍ജി തള്ളിക്കൊണ്ടുള്ള വിധിയിലാണ് ലോകായുക്ത ഫുള്‍ ബെഞ്ച് ഭിന്നാഭിപ്രായം പ്രകടിപ്പിച്ചത്.

മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ പരിശോധിക്കാന്‍ അധികാരമുണ്ടെന്ന് ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് വിധിന്യായത്തില്‍ പറഞ്ഞു. എന്നാല്‍ ഉപലോകായുക്ത മാരായ ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദ്, ജസ്റ്റിസ് ബാബു മാത്യു പി ജോസഫ് എന്നിവര്‍ ഇതിനോടു വിയോജിച്ചു.

ദുരിതാശ്വാസ നിധി വിനിയോഗത്തില്‍ അഴിമതിയോ സ്വജനപക്ഷപാതമോ കാണാനായില്ലെന്നു വ്യക്തമാക്കിയ ലോകായുക്ത നടപടിക്രമങ്ങളില്‍ വീഴ്ചയുണ്ടായിട്ടു ണ്ടെന്നു ചൂണ്ടിക്കാട്ടി. മൂന്നു പേരില്‍നിന്നും അപേക്ഷ വാങ്ങാതെയാണ് സഹായം അനുവദിച്ചിരിക്കുന്നതെന്ന് വിധിന്യായത്തില്‍ പറഞ്ഞു. എന്നാല്‍ അഴിമതിക്കു തെളിവില്ലാത്തതിനാല്‍ തുടരന്വേഷണത്തിന്റെ ആവശ്യമില്ലെന്ന് ബെഞ്ച് ഏകകണ്ഠമായി വിധിച്ചു.

ദുരിതാശ്വാസ നിധി പൊതു ഫണ്ട് ആണെന്നും അത് വിനിയോഗിക്കാന്‍ മുഖ്യമന്ത്രിക്ക് അധികാരമുണ്ടെന്നും ലോകായുക്ത വ്യക്തമാക്കി. മൂന്നു ലക്ഷം രൂപ വരെ നല്‍കാന്‍ മുഖ്യമന്ത്രിക്കു തീരുമാനിക്കാം. അതിനു മുകളിലുള്ള തുകയ്ക്ക് മന്ത്രിസഭയുടെ അനുമതി വേണമെന്നാണ് വ്യവസ്ഥ. ഇവിടെ അതു പാലിച്ചിട്ടുണ്ടെന്ന് ലോകായുക്ത പറഞ്ഞു.

ഡിവിഷന്‍ ബെഞ്ച് ഭിന്നവിധി പുറപ്പെടുവിച്ചതിനെത്തുടര്‍ന്ന് ഹര്‍ജിയില്‍ തീരുമാന മെടുക്കുന്നതിനായി മൂന്നംഗ ബെഞ്ചിനു വിടുകയായിരുന്നു. എന്‍സിപി നേതാവായിരുന്ന ഉഴവൂര്‍ വിജയന്റെ കുടുംബത്തിന് 25 ലക്ഷം രൂപയും മുന്‍ ചെങ്ങന്നൂര്‍ എംഎല്‍എ കെകെ രാമചന്ദ്രന്‍ നായരുടെ കുടുംബത്തിന് കടം തീര്‍ക്കാന്‍ എട്ടര ലക്ഷം രൂപയും സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന് അകമ്പടി പോയ വാഹനം അപകടത്തില്‍ പെട്ട് മരിച്ച പൊലീസ് ഉദ്യോഗസ്ഥന്റെ കുടുംബത്തിന് 20 ലക്ഷം രൂപയും സര്‍ക്കാര്‍ അനുവദിച്ചിരുന്നു. ഈ തുക അനുവദിച്ച നടപടികള്‍ അഴിമതിയും സ്വജനപക്ഷപാതവും ആണെന്നാണ് കേസ്.

വാദം കേട്ട രണ്ട് ഉപ ലോകായുക്തമാര്‍, ദുരിതാശ്വാസനിധി പരാതിയില്‍ ഉള്‍പ്പെട്ട ചെങ്ങന്നൂര്‍ മുന്‍ എംഎല്‍എ പരേതനായ കെകെ രാമചന്ദ്രന്‍നായരുടെ ജീവചരിത്രം പ്രകാശനം ചെയ്്തതു ചൂണ്ടിക്കാട്ടി വിധി പറയുന്നതില്‍നിന്നു വിട്ടുനില്‍ക്കണമെന്ന് ആവശ്യപ്പെട്ട് ആര്‍എസ് ശശികുമാര്‍ വീണ്ടും ഹര്‍ജി നല്‍കിയിരുന്നു. ഇത് ലോകായുക്ത തള്ളി.


Read Previous

സിപിഎം നേതാവ് ബസുദേബ്‌ ആചാര്യ അന്തരിച്ചു

Read Next

അനുമതിയില്ലെങ്കിലും പലസ്തിന്‍ ഐക്യദാര്‍ഢ്യറാലി ബീച്ചില്‍ തന്നെ നടത്തും; തരൂര്‍ പങ്കെടുക്കും; എംകെ രാഘവന്‍, ആദ്യം അനുമതി നല്‍കിയ കലക്ടര്‍ പിന്നീട് പിന്മാറി. അനുമതി നിഷേധിച്ച ജില്ലാ ഭരണകൂടത്തിന്റെ നിലപാടിലൂടെ തെളിയുന്നത് സിപിഎമ്മിന്റെ ഇടപെടലും ഇരട്ടത്താപ്പും: ഡിസിസി പ്രസിഡന്റ് കെ പ്രവീണ്‍ കുമാര്‍.

Leave a Reply

Your email address will not be published. Required fields are marked *

Most Popular