അബ്‌ദുൽ റഹീമിന്‍റെ മോചനം; സൗദി കുടുംബത്തിന് പണം എത്തിക്കുന്നതെങ്ങനെ, നിയമ നടപടി ക്രമങ്ങൾ എന്തൊക്കെ? – Abdul Rahims Release From Prison


കോഴിക്കോട്: വധശിക്ഷ കാത്ത് സൗദി ജയിലിൽ കഴിയുന്ന അബ്‌ദുൽ റഹീമിന് വേണ്ടി മലയാളികൾ ഒറ്റക്കെട്ടായി നിന്നു, മോചനത്തിനായുള്ള ദയാധനം സമാഹരിച്ചു. ആ 34 കോടി (ഒന്നരക്കോടി സൗദി റിയാൽ) എങ്ങനെ സൗദി കുടുംബത്തിന് എത്തിക്കും? നിയമ നടപടി ക്രമങ്ങൾ എന്തൊക്കെ? ഏതൊക്കെ കടമ്പകൾ കടക്കണം അബ്‌ദുൽ റഹീമിന്‍റെ മോചനത്തിനായി?

ഇതിന് ആദ്യം വേണ്ടത് ഇന്ത്യൻ എംബസിയുടെ സഹായമാണ്. ഇന്ത്യൻ എംബസി ഉദ്യോഗസ്ഥൻ യൂസഫ് കാക്കഞ്ചേരി സൗദി കുടുംബത്തിന്‍റെ വക്കീലുമായുള്ള കൂടിക്കാഴ്‌ചക്ക് അനുമതി തേടിക്കഴിഞ്ഞു. ഇത് സാധ്യമായാൽ മോചന കരാർ പ്രകാരമുള്ള തുക സമാഹരിച്ചെന്നും എത്രയും വേഗം വധശിക്ഷ റദ്ദ് ചെയ്യാനുള്ള കുടുംബത്തിന്‍റെ സമ്മതം കോടതിയിൽ അറിയിക്കണമെന്നും ആവശ്യപ്പെടും.

ഇന്ത്യൻ എംബസി ഇക്കാര്യം വിശദീകരിച്ച് അറ്റോർണിക്ക് കത്ത് കൈമാറുകയും ചെയ്യും. ദയാധനം വാങ്ങി റഹീമിന് മാപ്പ് നൽകിയെന്ന കുടുംബത്തിന്‍റെ സമ്മതം അറ്റോർണി കോടതിയിൽ അറിയിക്കുന്നതോടെ കോടതി വധ ശിക്ഷ റദ്ദ് ചെയ്‌ത് ഉത്തരവ് പുറപ്പെടുവിക്കും. തുടർന്ന് വിചാരണ കോടതിയുടെ ഉത്തരവ് പരമോന്നത കോടതിയിലേക്ക് അയക്കുകയും അത് ശരിവയ്‌ക്കുകയും വേണം. അതോടെ ആദ്യ കടമ്പ പൂർത്തിയാകും.

തുടർന്ന് ഒന്നരക്കോടി സൗദി റിയാലിന്‍റെ ചെക്ക് എൻഫോഴ്‌സ്‌മെന്‍റ് കോടതിയിൽ സമർപ്പിക്കും. അതോടൊപ്പം ജയിൽ മോചനത്തിനുള്ള രേഖകളും നീക്കും. കോടതി ആവശ്യപ്പടുന്ന രേഖകൾ നൽകി നടപടി ക്രമങ്ങൾ പൂർത്തിയാക്കിയാൽ ജയിൽ മോചനവും സാധ്യമാകും.

കോടതി ഉൾപ്പടെ പെരുന്നാൾ അവധിയിൽ ആയതിനാൽ കുറഞ്ഞ ദിവസങ്ങൾ ഇതിനായി കാത്ത് നിൽക്കേണ്ടി വരും. ഇന്ത്യയിൽ സമാഹരിച്ച തുക എത്രയും പെട്ടന്ന് സൗദിയിൽ എത്തിക്കുക എന്നതാണ് ഇനി മുന്നിലുള്ള പ്രധാന കടമ്പ. അതിനായി എംബസി നേരത്തെ വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ടിട്ടുണ്ട്. ബാങ്ക് ഇടപാടുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ സഹായ സമിതിയും ശ്രമം തുടരുകയാണ്. വിദേശകാര്യ മന്ത്രാലയത്തിന്‍റെ അനുമതി ലഭിച്ചാൽ ഉടൻ പണം സൗദിയിലെത്തും.

കേസ് ഇങ്ങനെ: ചലനശേഷിയില്ലാത്ത സൗദി സ്വദേശി 15കാരൻ അനസിനെ ശുശ്രൂഷിക്കലായിരുന്നു അബ്‌ദുൽ റഹീമിന്‍റെ പ്രധാന ജോലി. കഴുത്തിൽ ഘടിപ്പിച്ച പ്രത്യേക ഉപകരണത്തിലൂടെയാണ് അനസിന് ഭക്ഷണവും വെള്ളവും നൽകിയി രുന്നത്. 2006 ഡിസംബറിൽ അനസുമായി ഹൈപ്പർമാർക്കറ്റിലേക്ക് പോകുന്നതിനിടെ ഗതാഗതനിയമം ലംഘിച്ച് വാഹനം ഓടിക്കാൻ അനസ് റഹീമിനെ നിർബന്ധിച്ചു.

ആവശ്യം അംഗീകരിക്കാതിരുന്ന റഹീമിന്‍റെ മുഖത്ത് തുപ്പിയ അനസിനെ തടയാൻ ശ്രമിക്കുന്നതിനിടെ അബദ്ധത്തിൽ അനസിന്‍റെ കഴുത്തിൽ ഘടിപ്പിച്ച ജീവൻരക്ഷ ഉപകരണത്തിൽ കൈ തട്ടിയാണ് മരണം സംഭവിച്ചത്. ജോലിക്കായി അബ്‌ദുൽ റഹീം റിയാദിലെത്തി 28-ാമത്തെ ദിവസമാണ് അനസിന്‍റെ മരണം സംഭവിച്ചത്. റഹീമിന്‍റെ സ്‌പോൺസറായ ഫായിസ് അബ്‌ദുല്ല അബ്‌ദുറഹ്മാൻ അൽശഹ്രിയുടെ മകനാണ് അനസ്.


Read Previous

ഇസ്രയേൽ കമ്പനിയുടെ കപ്പൽ പിടിച്ചെടുത്ത് ഇറാൻ; കപ്പലിൽ രണ്ട് മലയാളികൾ ഉൾപ്പെടെ 18 ഇന്ത്യക്കാരും

Read Next

ഇന്ന് വിഷു: കണികണ്ടുണർന്ന് മലയാളികൾ

Leave a Reply

Your email address will not be published. Required fields are marked *

Most Popular