ഇന്ന് വിഷു: കണികണ്ടുണർന്ന് മലയാളികൾ


ഗുരുവായൂർ/ശബരിമല∙ സമൃദ്ധിയുടെ കണികണ്ടുണർന്ന് മലയാളികൾ ഇന്ന് വിഷു ആഘോഷിക്കുന്നു. ലോകമെമ്പാടുമുള്ള മലയാളികൾ ആഘോഷങ്ങളുടെ തിരക്കുകളിലേക്ക് അലിയുന്ന ദിനമാണ് വിഷു. ഐശ്വര്യത്തിന്‍റെയും സമ്പദ് സമൃദ്ധിയുടെയും നല്ല കാലത്തിലേക്കുള്ള പ്രതീക്ഷകളാണു വിഷുദിനത്തിൽ നിറയുന്നത്.

കണിക്കൊന്നയും കണിവെള്ളരിയും കണ്ണെനെയും കണി കണ്ട് ഒരു‌ വിഷുദിനം കൂടി. വിഷുക്കണി ദർശനത്തിന് ഭക്തർ ഇന്നലെ ഉച്ച മുതൽ വരി നിൽക്കാൻ തുടങ്ങിയ തോടെ ഗുരുവായൂർ ക്ഷേത്രത്തിൽ വൻതിരക്കാണ് അനുഭവപ്പെട്ടത്. സന്ധ്യയായ തോടെ തെക്കേനടയിലെ ശ്രീഗുരുവായൂരപ്പൻ ഓഡിറ്റോറിയം ഹാളിൽ 4 വരികളായി ഭക്തർ ഇടം പിടിച്ചു. പുലർച്ചെ 2.45 മുതൽ 3.45 വരെ ഒരു മണിക്കൂർ നേരമായിരുന്നു കണി ദർശനം. ഉച്ച കഴിഞ്ഞ് മേളത്തോടെ കാഴ്ചശീവേലി, രാത്രി വിഷു വിളക്ക് എഴുന്നള്ളിപ്പ് ചടങ്ങുകളുമുണ്ട്.

മേടപ്പുലരിയിൽ ശബരിമല സന്നിധാനത്തും കണികണ്ട് കൈനീട്ടം വാങ്ങിയത് ആയിരക്കണക്കിന് തീർഥാടകരാണ്. പുലർച്ചെ നാലു മണിക്കു തന്നെ നട തുറന്ന് ഭഗവാനെ കണികാണിച്ചു. ഇതിനു ശേഷമാണ് ഭക്തർക്ക് ദർശനത്തിന് അനുമതി നൽകിയത്. തുടർന്ന് തന്ത്രിയും മേൽശാന്തിയും ചേർന്ന് ഭക്തർക്ക് വിഷുക്കൈനീട്ടം നൽകി.

ആണ്ടുപിറവി ആഘോഷമാണു വിഷു. അതുകൊണ്ട് വിഷുവിന് ഏറ്റവും പ്രധാനം വിഷുക്കണി തന്നെ. വരാനിരിക്കുന്ന ഒരു കൊല്ലത്തിന്റെ മുഴുവൻ പ്രതീക്ഷയാണ് ഓട്ടുരുളിയിലെ പൊൻകണി. മണ്ണിന്റെ മണവും വിഷുപ്പക്ഷിയുടെ മധുരസ്വരവു മെല്ലാം ഒത്തുചേർന്ന വിഷുപ്പുലരിയിൽ കണി കാണുന്നതും പ്രകൃതിയുടെ നൈർമല്യത്തെയാണ്. സമ്പത്സമൃദ്ധമായ പ്രകൃതിയുടെ കൊച്ചുരൂപം തന്നെയാണു വിഷുക്കണി.

കണി പോലെ തന്നെയാണു കൈനീട്ടവും. കണികണ്ടുണരുന്ന കുടുംബാംഗങ്ങൾക്കു കുടുംബനാഥൻ വിഷുക്കൈനീട്ടം നൽകുന്നതും വിഷുദിനത്തിലെ പതിവാണ്. ചിങ്ങത്തിൽ നിലാവിനും പൂക്കൾക്കും പാട്ടിനും പട്ടിനും സദ്യയ്ക്കും ഒക്കെ ഓണം എന്ന വാക്ക് അലങ്കാരമായി ചേരുന്നതു പോലെ മേടപ്പിറപ്പിൽ വിഷു എന്നു വാക്കിനോടു ചേർന്നാണു കണിയും കൈനീട്ടവും സദ്യയും ഒക്കെ രൂപപ്പെടുന്നത്. വിഷുവിനു ചെയ്യുന്ന കാര്യങ്ങളുടെ ഫലങ്ങൾ അടുത്ത ഒരു വർഷത്തേക്കു നിലനിൽക്കുമെന്നാണു വിശ്വാസം.


Read Previous

അബ്‌ദുൽ റഹീമിന്‍റെ മോചനം; സൗദി കുടുംബത്തിന് പണം എത്തിക്കുന്നതെങ്ങനെ, നിയമ നടപടി ക്രമങ്ങൾ എന്തൊക്കെ? – Abdul Rahims Release From Prison

Read Next

കാർഷിക സമൃദ്ധിയുടെ ഓർമകൾ പുതുക്കി കണിയൊരുക്കിയും കൈനീട്ടം നൽകിയും ഈസ്റ്ററിനും ഈദുൽ ഫിത്റിനും പിന്നാലെ ഐശ്വര്യത്തിന്റെ കാഴ്ച നിറച്ച് വിഷു ആഘോഷിച്ച് പ്രവാസി മലയാളികളും #Expatriate Malayalees also celebrate Vishu with the vision of prosperity

Leave a Reply

Your email address will not be published. Required fields are marked *

Most Popular