ചൈനയിലെ ശ്വാസകോശ സംബന്ധമായ അസുഖം: അഞ്ചു സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിന്റെ ജാഗ്രതാ നിർദേശം


ചൈനയിൽ ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ ക്രമാതീതമായി വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിന്റെ ജാഗ്രതാ നിർദേശം. രാജസ്ഥാൻ, ഗുജറാത്ത്, ഉത്തരാഖണ്ഡ്, കർണാടക, തമിഴ്‌നാട് എന്നിവയുൾപ്പെടെ അഞ്ച് സംസ്ഥാനങ്ങൾക്കാണ് ജാ​ഗ്രതാ നിർദ്ദേശം നൽകിയിരിക്കുന്നത്. കർണാടക ആരോഗ്യവകുപ്പ് പൗരന്മാർക്ക് രോഗങ്ങളുമായി ബന്ധപ്പെട്ട് ബോധവാന്മാരാകണമെന്ന് നിർദ്ദേശം നൽകി. ‌

കുഞ്ഞുങ്ങൾ, പ്രായമായവർ, ഗർഭിണികൾ, പ്രതിരോധശേഷി കുറഞ്ഞവർ, സ്റ്റിറോയിഡുകൾ പോലുള്ള ദീർഘകാല മരുന്നുകൾ കഴിക്കുന്നവർ തുടങ്ങിയ ആളുകൾ ജാ​ഗ്രത പാലിക്കണമെന്നും അധി കൃതർ അറിയിച്ചു. പനി, വിറയൽ, അസ്വാസ്ഥ്യം, വിശപ്പില്ലായ്മ, മ്യാൽജിയ, ഓക്കാനം, തുമ്മൽ, മൂന്നാഴ്ച വരെ നീണ്ടുനിൽക്കുന്ന വരണ്ട ചുമ എന്നിവയാണ് ഇതിന്റെ പ്രധാന ലക്ഷണങ്ങൾ.

രാജസ്ഥാനിലെ മെഡിക്കൽ, ഹെൽത്ത് ഡിപ്പാർട്ട്‌മെന്റ് അതിന്റെ ജീവനക്കാരോട് ജാഗ്രത പാലിക്കാനും ദ്രുത പ്രതികരണ ടീമുകളെ രൂപീകരിക്കാനും നിർദ്ദേശിച്ചു. രോഗം തടയുന്നതിനും ചികിത്സിക്കുന്നതിനുമായി ഒരു കർമ്മ പദ്ധതി തയ്യാറാക്കാൻ സംസ്ഥാന ആരോഗ്യവകുപ്പ് ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. നിലവിൽ സ്ഥിതിഗതികൾ ആശങ്കാജനകമല്ലെന്നും എന്നാൽ സംസ്ഥാനത്തുടനീളമുള്ള പകർച്ചവ്യാധികൾ തടയുന്നതിനും നിരീക്ഷണത്തിനുമായി മെഡിക്കൽ സ്റ്റാഫ് പൂർണ്ണ ജാഗ്രതയോടെ പ്രവർത്തിക്കണമെന്ന് രാജസ്ഥാൻ ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ശുഭ്ര സിംഗ് വീഡിയോ കോൺഫറൻസിലൂടെ ഉദ്യോഗസ്ഥരെ അറിയിച്ചു. രോഗം തടയുന്നതിനും ചികിത്സിക്കുന്നതിനുമായി മൂന്ന് ദിവസത്തിനകം കർമ്മ പദ്ധതി തയ്യാറാക്കാൻ സിംഗ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.

ജില്ലാ, മെഡിക്കൽ കോളജ് തലങ്ങളിൽ നോഡൽ ഓഫീസറെ നിയമിക്കണമെന്നും ഡിവിഷൻ, ജില്ലാ തലങ്ങളിൽ ദ്രുത പ്രതികരണ സംഘങ്ങൾ രൂപീകരിക്കണമെന്നും സിം​ഗ് ആവശ്യപ്പെട്ടിട്ടുണ്ട്. ഉത്തരാഖണ്ഡ് ആരോഗ്യ സെക്രട്ടറി ഡോ. ആർ രാജേഷ് കുമാർ ഇതു സംബന്ധിച്ച മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. കുട്ടികളിൽ ന്യുമോണിയയുടെയും ഇൻഫ്ലുവൻസയുടെയും ലക്ഷണങ്ങൾ നിരീക്ഷിക്കാൻ അദ്ദേഹം മെഡിക്കൽ ടീമുകളോട് ആവശ്യപ്പെട്ടു. എല്ലാ ആശുപത്രികളും ജാഗ്രത പാലിക്കണമെന്ന് ആവശ്യപ്പെട്ട് ഗുജറാത്ത് സർക്കാർ സർക്കുലർ പുറത്തിറക്കി.

തമിഴ്‌നാട് ഡയറക്ടർ ഓഫ് പബ്ലിക് ഹെൽത്ത് ആൻഡ് പ്രിവന്റീവ് മെഡിസിൻ സംസ്ഥാനത്ത് ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്കായി നിരീക്ഷണം ശക്തമാക്കാൻ ആരോഗ്യവകുപ്പിന് മുന്നറിയിപ്പ് നൽകി. രോഗ നിരീക്ഷണം വർധിപ്പി ക്കുന്നതിനൊപ്പം രോഗികളെ കൈകാര്യം ചെയ്യുന്നതിനുള്ള സൗകര്യങ്ങൾ ശക്തമാക്കാനും ആരോഗ്യവകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഗുരുതരമായ ശ്വാസകോശ സംബന്ധമായ അസുഖം, നിശിത ശ്വാസകോശ സംബന്ധമായ അസുഖം അല്ലെങ്കിൽ ഇൻഫ്ലുവൻസ പോലുള്ള അസുഖങ്ങൾ എന്നിവ IDSP-IHIP പോർട്ടലിൽ റിപ്പോർട്ട് ചെയ്യാൻ സ്വകാര്യ സൗകര്യങ്ങൾ ഉൾപ്പെടെയുള്ള മെഡിക്കൽ കോളേജുകളോടും ആശുപത്രികളോടും ആവശ്യപ്പെട്ടു.

പൊതുജനാരോഗ്യ, ആശുപത്രി തയ്യാറെടുപ്പ് നടപടികൾ ഉടനടി അവലോകനം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും കേന്ദ്രം മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് സംസ്ഥാനങ്ങളുടെ നീക്കം. നിലവിൽ സ്ഥിതി ഭയാനകമല്ലെന്നും ഇത് സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം ഞായറാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

രാജ്യത്തുടനീളം ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ വർദ്ധിക്കുന്നതിന് പിന്നിൽ പുതിയ വൈറസുകളല്ലെന്ന് ചൈന ആരോഗ്യ മന്ത്രാലയം കഴിഞ്ഞ ദിവസം വ്യക്ത മാക്കിയിരുന്നു. ചൈനയിലെ കുട്ടികളിൽ ന്യുമോണിയ ബാധ വർദ്ധിക്കുന്നതുമായി ബന്ധപ്പെട്ട റിപ്പോർട്ടിൽ ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) ആശങ്ക പ്രകടിപ്പിച്ചതിന് പിന്നാലെയാണ് ബീജിംഗിൽ നിന്നുള്ള ഈ പ്രസ്താവന.

പനിയും അറിയപ്പെടുന്ന മറ്റ് രോഗാണുക്കളും കാരണം രാജ്യത്ത് ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ വർദ്ധിക്കുന്നുണ്ടെന്ന് ചൈനയിലെ ദേശീയ ആരോഗ്യ കമ്മീഷൻ വക്താവ് കഴിഞ്ഞ ദിവസം പറഞ്ഞു. ഇൻഫ്ലുവൻസ വൈറസ് (എച്ച് 9 എൻ 2), റിനോവൈറസ്, റെസ്പിറേറ്ററി സിൻസിറ്റിയൽ വൈറസ് അല്ലെങ്കിൽ ആർഎസ്വി, അഡെനോവൈറസ്, മൈകോപ്ലാസ്മ ന്യൂമോണിയ പോലുള്ള ബാക്ടീരിയകൾ എന്നിവയാണ് ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്ക് സാധാരണ കാരണ ങ്ങളാകുകയെന്നും അദ്ദേഹം വ്യക്തമാക്കി.


Read Previous

രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്യാനിരുന്ന റോഡ് ഉദ്ഘാടനം ചെയ്തത് പി വി അന്‍വര്‍: വിമർശനവുമായി കോൺഗ്രസ്

Read Next

ഇസ്രായേൽ-ഹമാസ് സന്ധി നീട്ടാനുള്ള ശ്രമങ്ങൾ തുടരുന്നതിനിടെ കൂടുതൽ ബന്ദികളെ ഇന്ന് മോചിപ്പിക്കും

Leave a Reply

Your email address will not be published. Required fields are marked *

Most Popular