പ്രവാസികളുടെ മക്കള്‍ക്ക് സ്‌കോളര്‍ഷിപ്പ്; അപേക്ഷകൾ 31 വരെ


പ്രവാസി മലയാളികളുടെ  മക്കളുടെ ഉന്നതവിദ്യാഭ്യാസത്തിനായുളള നോർക്ക റൂട്ട്സ് ഡയറക്ടേഴ്സ് സ്കോളർഷിപ്പിന് ഡിസംബര്‍ 31 വരെ  അപേക്ഷ നല്‍കാം.  സാമ്പത്തികമായി പിന്നാക്കമുളള പ്രവാസി കേരളീയരുടെയും തിരികെയെത്തിയ പ്രവാസികളുടെയും മക്കള്‍ക്ക്  ഉന്നത വിദ്യാഭ്യാസത്തിന് ധനസഹായം നല്‍കുന്നതാണ് പദ്ധതി. തിരികെ നാട്ടിലെത്തിയവരുടെ വാര്‍ഷിക വരുമാനം രണ്ട് ലക്ഷത്തിൽ കൂടുതലാകാൻ പാടില്ല.  നേരത്തെ ഡിസംബർ ഏഴ് വരെ അപേക്ഷിക്കാമെന്നാണ് അറിയിച്ചിരുന്നത്. നോര്‍ക്ക റൂട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറാണ് ഇക്കാര്യം  അറിയിച്ചത്.

ബിരുദാനന്തര  ബിരുദ കോഴ്സുകള്‍ക്കും ,പ്രൊഫഷണല്‍ ഡിഗ്രി  കോഴ്സുകള്‍ക്കും 2023-24 അധ്യായന വര്‍ഷം ചേര്‍ന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് സ്‌കോളര്‍ഷിപ്പ് ലഭിക്കുക. പഠിക്കുന്ന കോഴ്സിനുവേണ്ട യോഗ്യത പരീക്ഷയില്‍ കുറഞ്ഞത് 60 ശതമാനം മാര്‍ക്ക് കരസ്ഥമാക്കിയവര്‍ക്കായിരിക്കും സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കുന്നതിനുള്ള അര്‍ഹത. റെഗുലര്‍ കോഴ്‌സുകള്‍ക്ക് പഠിക്കുന്നവര്‍ക്കും കേരളത്തിലെ സര്‍വ്വകലാശാലകള്‍ അംഗീകരിച്ച കോഴ്‌സുകള്‍ക്കും അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്നവര്‍ക്കുമായിരിക്കും സ്‌കോളര്‍ഷിപ്പിന് അര്‍ഹത.  

കുറഞ്ഞത് രണ്ടു വര്‍ഷമെങ്കിലും വിദേശത്ത് ജോലി ചെയ്യ്തിട്ടുള്ള ഇ.സി.ആര്‍  കാറ്റഗറിയില്‍ ഉള്‍പ്പെട്ട പ്രവാസി കേരളീയരുടെ മക്കള്‍ക്കും, രണ്ടു വര്‍ഷമെങ്കിലും വിദേശത്ത് ജോലി ചെയ്ത് തിരികെ എത്തി കേരളത്തില്‍ താമസമാക്കിയവരുടെ (മുന്‍ പ്രവാസികളുടെ) മക്കള്‍ക്കുമാണ് പദ്ധതിപ്രകാരമുള്ള സ്‌കോളര്‍ഷിപ്പ് ലഭിക്കുക. യോഗ്യതയുള്ളവർ അവസാന തീയതിക്ക് മുമ്പ് അപേക്ഷകൾ സമർപ്പിക്കണം.

ഓണ്‍ലൈനായാണ് നോര്‍ക്ക-റൂട്ട്‌സ് ഡയറക്ടേഴ്‌സ് സ്‌കോളര്‍ഷിപ്പ് പദ്ധതിയ്ക്ക് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ഇതിനായി നോര്‍ക്കാ റൂട്ട്‌സിന്റെ http://www.scholarship.norkaroots.org എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. കൂടാതെ വിശദവിവരങ്ങള്‍ 0471-2770528/2770543/2770500 എന്നീ നമ്പറുകളിലും നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) നിന്നും ലഭിക്കും.


Read Previous

സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ വനിതകള്‍ക്ക് ജോലി ഉച്ചയ്ക്ക് 12 വരെ! പുതിയ പദ്ധതിയുമായി ഖത്തര്‍ 

Read Next

വധശിക്ഷ സ്റ്റേ ചെയ്തതിന് പിന്നാലെ എട്ട് ഇന്ത്യക്കാരുടെ മോചനം ഉടന്‍?

Leave a Reply

Your email address will not be published. Required fields are marked *

Most Popular