സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ വനിതകള്‍ക്ക് ജോലി ഉച്ചയ്ക്ക് 12 വരെ! പുതിയ പദ്ധതിയുമായി ഖത്തര്‍ 


ദോഹ: വനിതാ ജീവനക്കാരുടെ തൊഴില്‍ സമയത്തില്‍ നിര്‍ണായക മാറ്റവുമായി ഖത്തര്‍(Qatar). സ്‌കൂളില്‍ പഠിക്കുന്ന കുട്ടികളുള്ള സര്‍ക്കാര്‍ ജോലിക്കാരായ വനിതകളുടെ തൊഴില്‍ സമയം കുറക്കും. ഖത്തരി വനിതകളായ ജീവനക്കാര്‍ക്ക് ഉച്ചയ്ക്ക് 12 മണിക്ക് ജോലി അവസാനിപ്പിക്കാം. സ്ത്രീശാക്തീകരണവും സ്ത്രീകളിലെ അമിത സമ്മര്‍ദം കുറക്കലും ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിന്റെ പ്രാരംഭഘട്ടം ഈ വര്‍ഷം തന്നെ നടപ്പാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഈ മാസം 24 മുതല്‍ ജനുവരി നാലു വരെയുള്ള കാലയളവില്‍ പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതി നടപ്പാക്കാനും തീരുമാനിച്ചിട്ടുണ്ട്.

നിലവില്‍ സര്‍ക്കാര്‍ ജീവനക്കാരായി ജോലി ചെയ്യുന്ന ഖത്തരി വനിതകള്‍ക്ക് മാത്രമാണ് ഈ ഇളവ് ലഭിക്കുക. എന്നാല്‍ സര്‍ക്കാര്‍ സര്‍വീസിലുള്ള വിദേശികള്‍ക്കും സ്വകാര്യ മേഖലയിലുള്ളവര്‍ക്കും ഇതിന്റെ ഗുണം ലഭിക്കില്ല. പരീക്ഷണ കാലയളവിന് ശേഷം തൊഴില്‍സമയം കുറക്കുന്നതുകൊണ്ടുണ്ടാകുന്ന ഗുണങ്ങളും പ്രയാസങ്ങളും സിവില്‍ സര്‍വീസ് ആന്‍ഡ് ഗവണ്‍മെന്റ് ഡെവലപ്‌മെന്റ് ബ്യൂറോയും ഉന്നത വിദ്യാഭ്യാസ മന്ത്രാലയവും വിലയിരുത്തും. ഇതിന് ശേഷമാകും പദ്ധതിയില്‍ മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ടോ തുടരണോ തുടങ്ങിയ കാര്യങ്ങള്‍ തീരുമാനിക്കുക.

ഇത്തവണ വേനലവധി കഴിഞ്ഞ് ആഗസ്റ്റിലാണ് ഖത്തറിലെ വിദ്യാലയങ്ങള്‍ തുറന്നത്. പുതിയ അധ്യയന വര്‍ഷത്തില്‍ ഒന്നരലക്ഷത്തിലേറെ വിദ്യാര്‍ഥികളാണ് സ്‌കൂളുകളിലെത്തിയത്. 279 സര്‍ക്കാര്‍ വിദ്യാലയങ്ങളാണ് രാജ്യത്ത് ആകെയുള്ളത്. ഇവയില്‍ 214 സ്‌കൂളുകളും 65 കിന്‍ഡര്‍ഗര്‍ട്ടനുകളുമുണ്ട്. ഇതിന് പുറമെ വിവിധ ഇന്ത്യന്‍ സ്‌കൂളുകളടക്കം വിവിധ കമ്യൂണിറ്റികളുടേതായി മുന്നൂറിലേറെ സ്‌കൂളുകള്‍ ഖത്തറിലുണ്ട്.

സ്‌കൂള്‍ അധ്യാപകരും, ജീവനക്കാരും ഉള്‍പ്പെടെ ആഗസ്റ്റ് 20 ഓടെ തന്നെ സ്കൂളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ സജീവമായിരുന്നു. വിവിധ സ്‌കൂളുകളില്‍ അധ്യാപകര്‍ ക്കായി ഓറിയന്റേഷന്‍ ക്യാമ്പുകളും പരിശീലന പരിപാടികളും നടന്നു. എന്റെ സ്‌കൂള്‍, എന്റെ രണ്ടാം വീട് എന്ന പേരില്‍ വിദ്യാഭ്യാസ മന്ത്രാലയം ബാക് ടു സ്‌കൂള്‍ കാമ്പയിനും നടത്തി. പുതിയ അധ്യയന വര്‍ഷത്തിനായുള്ള തയ്യാറെടുപ്പിനായി സ്‌കൂളുകളിലെ ജീവനക്കാരും പ്രിന്‍സിപ്പല്‍മാരും പങ്കെടുത്ത യോഗം വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയം വിളിച്ചിരുന്നു. സ്വകാര്യ സ്‌കൂളുകളിലെയും കിന്റര്‍ഗാര്‍ട്ടനിലെയും മൊത്തം 355 പ്രിന്‍സിപ്പല്‍മാര്‍ മന്ത്രാലയത്തിന്റെ സ്വകാര്യ വിദ്യാഭ്യാസ കാര്യങ്ങളുടെ അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറി ഒമര്‍ അല്‍ നാമയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.


Read Previous

എല്ലാ വിഭാഗം തൊഴിലാളികള്‍ക്കും സ്‌പോണ്‍സര്‍മാര്‍ക്ക് കീഴിലല്ലാതെ പാര്‍ട്ട് ടൈം ജോലിക്ക് കുവൈറ്റില്‍ അനുമതി; വീട്ടിലിരുന്നും ജോലി ചെയ്യാം

Read Next

പ്രവാസികളുടെ മക്കള്‍ക്ക് സ്‌കോളര്‍ഷിപ്പ്; അപേക്ഷകൾ 31 വരെ

Leave a Reply

Your email address will not be published. Required fields are marked *

Most Popular