ക്രൈം സ്റ്റോപ്പർ സംവിധാനം കൊണ്ടുവന്നതും,ഗുണ്ടാ സംഘങ്ങൾ തമ്മിലടിച്ചു തകർന്നതും തലസ്ഥാനത്ത് സിൻഹ, കമ്മിഷണറായിരിക്കെ


തിരുവനന്തപുരം: തീവ്രവാദികളെ തുരത്താൻ അരുൺകുമാർ സിൻഹയെന്ന ഐപിഎസ് ഉദ്യോഗസ്ഥൻ അഭ്യസിക്കാത്തതും പയറ്റാത്തതുമായ തന്ത്രങ്ങളില്ല. വിദേശ ഇന്റലിജൻസ് ഏജൻസികളുടെ പരിശീലനം നേടിയ അദ്ദേഹം ആ തന്ത്രങ്ങൾ ഗുജറാത്തിലെയും രാജസ്ഥാനിലെയും പാക്കിസ്ഥാൻ അതിർത്തികളിൽ മാത്രമല്ല, കേരളത്തിലും പ്രയോഗിച്ചു. 

സിൻഹ ഗുജറാത്തിൽ ബിഎസ്എഫ് ഐജി ആയിരുന്ന 2009–16 കാലത്താണ് പാക്ക് നുഴഞ്ഞുകയറ്റക്കാരും ലഹരിക്കടത്തുകാരും ബിഎസ്എഫിന്റെ കരുത്തറിഞ്ഞത്. ഗുജറാത്തിൽ ബിഎസ്എഫിന്റെ ‘ക്രീക്ക് ക്രോക്കഡൈൽ കമാൻഡോസ്’ രൂപീകരിച്ചാണു തുടക്കം. കരയിലും ചതുപ്പിലും കടലിലും ഒരുപോലെ പോരാടാൻ കഴിവു തെളിയിച്ച 500 കമാൻഡോകൾ. പാക്കിസ്ഥാൻ കയ്യടക്കിയിരുന്ന 500 ചതുരശ്ര കിലോമീറ്റർ പ്രദേശം ഈ കമാൻഡോകളാണു തിരികെപ്പിടിച്ച് ഇന്ത്യൻ പതാക പാറിച്ചത്. 

ആ പോരാട്ടത്തിന്റെ തെളിവായി വെടിയുണ്ടകൾ തറച്ചു തരിപ്പണമായ പാക്ക് യന്ത്രവൽകൃത ബോട്ടുകളുടെ ശേഷിപ്പുകൾ റാൻ ഓഫ് കച്ചിലെ ചതുപ്പിൽ കൂട്ടിയിട്ടിട്ടുണ്ട്. കരയിലും കടലിലും ചതുപ്പിലും യാത്ര ചെയ്യാൻ കഴിയുന്ന ഓൾ ടെറെയ്ൻ വെഹിക്കിൾ ഇറക്കുമതി ചെയ്ത് ബിഎസ്എഫ് ഉപയോഗിച്ചു തുടങ്ങിയതും അക്കാലയളവിലാണ്. 

ഈ മികവാണു നരേന്ദ്ര മോദി പ്രധാനമന്ത്രിയായതിനു പിന്നാലെ 2016ൽ വിവിഐപി സുരക്ഷ ഒരുക്കുന്ന എസ്പിജിയുടെ തലപ്പത്ത് സിൻഹയെ എത്തിച്ചത്. അദ്ദേഹത്തിൽ പ്രധാനമന്ത്രിക്കുള്ള വിശ്വാസത്തിന്റെ അടയാളം കൂടിയായിരുന്നു വിരമിച്ചശേഷം ഒരു വർഷത്തേക്കു കാലാവധി നീട്ടിനൽകിയതും. 

ജാർഖണ്ഡിലായിരുന്നു സിൻഹയുടെ വിദ്യാഭ്യാസം. മലപ്പുറം എസ്പി, തിരുവനന്തപുരത്തു ഡിസിപി, കമ്മിഷണർ, റേഞ്ച് ഐജി, ഇന്റലിജൻസ് ഐജി, അഡ്മിനിസ്ട്രേഷൻ ഐജി എന്നിങ്ങനെ കേരള പൊലീസിലെ പ്രധാന ചുമതലകളെല്ലാം അദ്ദേഹം വഹിച്ചിട്ടുണ്ട്. മാലദ്വീപ് പ്രസിഡന്റായിരുന്ന അബ്ദുൽ ഗയൂമിനെ വധിക്കാൻ ശ്രമിച്ച മുഖ്യ സൂത്രധാരനെ തലസ്ഥാനത്തുനിന്നു പിടികൂടിയതും അക്കാലത്താണ്. 

സിൻഹ കമ്മിഷണറായിരിക്കെ തലസ്ഥാനത്തു ഗുണ്ടാ സംഘങ്ങളുടെ തേരോട്ടമായിരുന്നു. ഒരു ഗുണ്ടാത്തലവൻ ആദ്യമായി സിറ്റി പൊലീസ് കമ്മിഷണറുടെ കയ്യുടെ ചൂടറിഞ്ഞതും അന്നാണ്. പിന്നീടു ഗുണ്ടാ സംഘങ്ങൾ തമ്മിലടിച്ചു തകർന്നതും അക്കാലയളവിൽ. ശത്രുക്കളുടെ കൂടാരത്തിൽ പൊലീസ് നുഴഞ്ഞുകയറി പരസ്പരം ശത്രുത വിതച്ച് സമാധാനം പുനഃസ്ഥാപിച്ച തന്ത്രം. സിൻഹ തലസ്ഥാനത്ത് പൊലീസ് കമ്മിഷണറായിരിക്കെയാണു ക്രൈം സ്റ്റോപ്പർ സംവിധാനം കൊണ്ടുവന്നത്. 

പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കുമെതിരെയുണ്ടായ ഇ മെയിൽ വധഭീഷണി, ലെറ്റർ ബോംബ്, സിഗരറ്റ് ബോംബ് എന്നീ സുപ്രധാന കേസുകൾ തെളിയിക്കുന്നതിൽ നിർണായക പങ്കു വഹിച്ചു. മലപ്പുറം എസ്പിയായിരിക്കെ പൈപ്പ് ബോംബ് സ്ഫോടനത്തിനു പിന്നിൽ തീവ്രവാദികളെന്നു കണ്ടെത്തി. കേരളം ആരു ഭരിച്ചാലും സുപ്രധാന തസ്തികളിലായിരുന്നു. പ്രവർത്തനമികവായിരുന്നു മാനദണ്ഡം. മികച്ച ഗോൾഫ് കളിക്കാരനുമായിരുന്നു. 


Read Previous

നരേന്ദ്ര മോദിയെ പുകഴ്ത്തി ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനക്; ഇന്ത്യയുമായി ചേർന്നു പ്രവർത്തിയ്ക്കും

Read Next

ഇന്ത്യ എന്ന പേര് സ്വീകരിക്കുന്നതിനെ എതിർത്തത്,മുഹമ്മദാലി ജിന്ന; തരൂരിന്‍റെ വാദത്തിൽ കഴമ്പുണ്ടെന്നു ചരിത്രരേഖകൾ

Leave a Reply

Your email address will not be published. Required fields are marked *

Most Popular