ഇന്ത്യ എന്ന പേര് സ്വീകരിക്കുന്നതിനെ എതിർത്തത്,മുഹമ്മദാലി ജിന്ന; തരൂരിന്‍റെ വാദത്തിൽ കഴമ്പുണ്ടെന്നു ചരിത്രരേഖകൾ


ന്യൂഡൽഹി: ഇന്ത്യ എന്ന പേരു നാം സ്വീകരിക്കുന്നതിനെ എതിർത്തതു പാക്കിസ്ഥാനുവേണ്ടി വാദിച്ച മുഹമ്മദാലി ജിന്നയായിരുന്നുവെന്ന കോൺഗ്രസ് നേതാവ് ശശി തരൂരിന്റെ ട്വീറ്റ് സർക്കാരിന്റെ വിമർശകർ പലരും ഏറ്റുപിടിച്ചിരിക്കുകയാണ്. തരൂരിന്‍റെ വാദത്തിൽ കഴമ്പുണ്ടെന്നു ചരിത്രരേഖകൾ പരിശോധിച്ചാൽ കാണാം. 

വിഭജനസമയത്ത് മുസ്‌ലിം ഭൂരിപക്ഷപ്രദേശം പാക്കിസ്ഥാനും ബാക്കി പ്രദേശം ഹിന്ദുസ്ഥാനും ആകുമെന്നാണ് ജിന്ന കരുതിയത്. വിഭജനത്തിന് ഏതാനും ദിവസത്തിനുശേഷം ലണ്ടനിൽ ‘‘ഇന്ത്യ–പാക്കിസ്ഥാൻ ഡൊമിനിയനുകളിലെ കലാവസ്തുക്കളുടെ’ ഒരു പ്രദർശനത്തിന്റെ പ്രസിഡന്റാവാൻ ജിന്നയെ ക്ഷണിച്ച് ഇന്ത്യയുടെ ഗവർണർ–ജനറൽ മൗണ്ട്ബാറ്റൻ കത്തയച്ചപ്പോഴാണ് ബ്രിട്ടിഷ് ഇന്ത്യയുടെ തുടർച്ചാവകാശിയാകുക തന്റെ രാജ്യമല്ല, ഗാന്ധിയുടെയും നെഹ്റുവിന്റെയും ഇന്ത്യയായിരിക്കുമെന്നു ജിന്നയ്ക്കു ബോധ്യമായത്. ഇന്ത്യ എന്ന പേരിനു വഴിതെളിച്ച സിന്ധുനദിയും സിന്ധ് പ്രദേശവും പാക്കിസ്ഥാന്റെ കൈവശമായിട്ടും ഇന്ത്യയെന്ന പേര് നഷ്ടമാകുന്നുവെന്നു ജിന്നയ്ക്കു മനസ്സിലായി. 

കുപിതനായ ജിന്ന ഇന്ത്യയ്ക്കുപകരം ഹിന്ദുസ്ഥാൻ എന്ന പേരു നൽകണമെന്ന് ആവശ്യപ്പെട്ടതു മൗണ്ട്ബാറ്റനോ ദേശീയനേതാക്കൾക്കോ സ്വീകാര്യമായില്ല. 1949 നവംബറിൽ അംഗീകരിച്ച ഇന്ത്യൻ ഭരണഘടനയിൽ ഇന്ത്യ, അതായത്, ഭാരത് എന്ന പേര് ഒൗദ്യോഗികമാക്കി. ഇതോടെ ബ്രിട്ടിഷ് ഇന്ത്യയുടെ പിന്തുടർച്ചാരാഷ്ട്രമായി ഇന്ത്യ അംഗീകരിക്കപ്പെടുകയായിരുന്നു. സ്വാതന്ത്ര്യത്തിനു മുൻപുതന്നെ ഐക്യരാഷ്ട്ര സംഘടനയിൽ 1945 ഒക്ടോബർ 30 മുതൽ ഉണ്ടായിരുന്ന സ്ഥാപകാംഗത്വം അതോടെ ‘ഇന്ത്യ’യ്ക്ക് തുടരാനായി. 1944 ലെ ബ്രെറ്റൻ വൂഡ്സ് സമ്മേളനത്തിൽ അംഗമായിരുന്നതിനാൽ രാജ്യാന്തര നാണയനിധിയുടെ സ്ഥാപകാംഗമായി ഇന്ത്യ അംഗീകരിക്കപ്പെട്ടു. ബ്രിട്ടിഷ് ഇന്ത്യ ഒപ്പിട്ടിരുന്ന എല്ലാ രാജ്യാന്തര ഉടമ്പടികളും ലഭിച്ചിരുന്ന എല്ലാം അംഗീകാരങ്ങളും ഇന്ത്യയ്ക്കു ബാധകമായി. ഇതൊന്നും പാക്കിസ്ഥാനു ലഭിച്ചതുമില്ല. 

ഏറെക്കുറെ സമാനമാണു സോവിയറ്റ് യൂണിയൻ തകർന്നപ്പോൾ പേരുമായി ബന്ധപ്പെട്ടുണ്ടായ മാറ്റങ്ങളും. പഴയ സോവിയറ്റ് രാഷ്ട്രത്തിന്റെ പിന്തുടർച്ചാരാഷ്ട്രമായി റഷ്യയെയാണ് അംഗീകരിച്ചത്. മറ്റു റിപ്പബ്ലിക്കുകളെല്ലാം രാജ്യാന്തരസംഘടനകളിലും മറ്റും പുതിയ അംഗങ്ങളായി ചേരേണ്ടിവന്നു. 

ഇന്ത്യയെന്ന പേര് ഒഴിവാക്കുന്നത് അംഗീകരിക്കപ്പെട്ടാൽ പല ദൂരവ്യാപകമായ ഫലങ്ങളുമുണ്ടാവാം. ഇന്ത്യൻ മഹാസമുദ്രത്തിനു മേൽ നിയമപരമായല്ലെങ്കിലും നമുക്കുണ്ടെന്ന് അനുമാനിക്കുന്ന അവകാശം ചോദ്യം ചെയ്യപ്പെടാം. 1960കളിൽ ഇന്തൊനീഷ്യൻ മഹാസമുദ്രമെന്നു പേര് മാറ്റാൻ ഇന്തൊനീഷ്യ ആവശ്യപ്പെട്ടിരുന്നതാണ്. ദക്ഷിണേഷ്യൻ സമുദ്രമെനനുപേരുമാറ്റണമെന്നു നിലവിൽ പാക്കിസ്ഥാനിൽ‌നിന്നും നിർദേശിക്കുന്നു.

ദക്ഷിണ ചൈനാക്കടലിനുമേൽ ചൈന ഉയർത്തുന്ന അവകാശവാദം പോലെ നിഷേധാത്മകമായ നിലപാടൊന്നും ഇന്ത്യ സ്വീകരിയ്ക്കുന്നില്ലെങ്കിലും ഇന്ത്യൻ സമുദ്രത്തിനുമേൽ മറ്റുള്ളവരെക്കാൾ കൂടുതലായി ഇന്ത്യയ്ക്കുള്ള അവകാശം ലോകം ഏറെക്കുറെ അംഗീകരിയ്ക്കുന്നതാണ്. ശാക്തികഭൂമിശാസ്ത്രത്തിൽ ഉപയോഗിച്ചുപോന്ന ഏഷ്യ – പസിഫിക് എന്ന സംജ്ഞ മാറ്റി അടുത്തകാലത്തായി ഇന്ത്യ– പസിഫിക് എന്നുപയോഗിച്ചുതുടങ്ങിയതും ഈ അവകാശത്തിനുള്ള അംഗീകാരമാണ്. ചുരുക്കത്തിൽ ഇന്ത്യ എന്ന് പേര് നമുക്കു ലഭിച്ചതിൽ കുണ്ഠിതമുള്ളവർ ചുറ്റുമുണ്ട്. ആ പേര് കടലിൽ കളഞ്ഞു കുളിക്കണോ എന്നതാണു പേര് ഒഴിവാക്കുന്നതിനെ എതിർക്കുന്നവരുടെ ചോദ്യം. 


Read Previous

ക്രൈം സ്റ്റോപ്പർ സംവിധാനം കൊണ്ടുവന്നതും,ഗുണ്ടാ സംഘങ്ങൾ തമ്മിലടിച്ചു തകർന്നതും തലസ്ഥാനത്ത് സിൻഹ, കമ്മിഷണറായിരിക്കെ

Read Next

ബിജെപി തന്നെ പ്രതീക്ഷിക്കുന്നത് 7000 വോട്ട്; ബാക്കി എവിടെപ്പോയി?; ആരോപണവുമായി ജെയ്ക് സി തോമസ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular