മദ്യനയ കേസിൽ മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി


ആം ആദ്മി പാർട്ടി നേതാവ് മനീഷ് സിസോദിയയ്ക്ക് കനത്ത തിരിച്ചടി. ഡൽഹി മദ്യനയ കുംഭകോണവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, എസ് വി എൻ ഭട്ടി എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. സിസോദിയ സമർപ്പിച്ച രണ്ട് വ്യത്യസ്ത ജാമ്യാപേക്ഷകളിലാണ് വിധി. കേസിൽ 338 കോടി രൂപയുടെ പണമിടപാട് താൽക്കാലികമായി നടത്തിയെന്ന് നിരീക്ഷിച്ചതോടെയാണ് ബെഞ്ച് ജാമ്യപേക്ഷ തള്ളിയത്.

അതേസമയം കേസിന്റെ വിചാരണ ആറ് മുതൽ എട്ട് മാസത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് പ്രോസിക്യൂഷന് ഉറപ്പ് നൽകിയതായി കോടതി വ്യക്തമാക്കി. മൂന്ന് മാസത്തിനുള്ളിൽ, വിചാരണ മന്ദഗതിയിൽ മുന്നോട്ട് പോകുകയാണെങ്കിൽ, സിസോദിയയ്ക്ക് ജാമ്യാപേക്ഷ സമർപ്പിക്കാൻ അർഹതയുണ്ടെന്നും കോടതി പറഞ്ഞു.

ഡൽഹി എക്‌സൈസ് നയം തിരുത്തിയതിന് കൈക്കൂലി വാങ്ങിയെന്നത് കുറ്റകൃത്യത്തിന്റെ ഭാഗമല്ലെങ്കിൽ അന്വേഷണ ഏജൻസിക്ക്, കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മനീഷ് സിസോദിയയ്‌ക്കെതിരായ കുറ്റം തെളിയിക്കുന്നത് ബുദ്ധിമുട്ടായിരിക്കുമെന്ന് ഒക്ടോബർ 17 ന് വാദം കേൾക്കുന്നതിനിടെ സുപ്രീം കോടതി പറഞ്ഞിരുന്നു.

കൂടാതെ കൈക്കൂലി നൽകുന്നുവെന്ന അനുമാനത്തിൽ കേസ് കൊണ്ടു പോകാൻ കഴിയില്ലെന്നും നിയമപ്രകാരമുള്ള എല്ലാ പരിരക്ഷയും അദ്ദേഹത്തിന് അനുവദിക്കേണ്ടതുണ്ടെന്നും കോടതി അന്വേഷണ ഏജൻസിയോട് പറഞ്ഞിരുന്നു. ഫെബ്രുവരി 26 ന് അറസ്റ്റ് ചെയ്തതതു മുതൽ സിസോദിയ സിബിഐ കസ്റ്റഡിയിലാണ്. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ സിസോദിയയെ തിഹാർ ജയിലിൽ ചോദ്യം ചെയ്യലിന് ശേഷം മാർച്ച് ഒമ്പതിനാണ് ഇഡി അറസ്റ്റ് ചെയ്യുന്നത്.

പുതിയ നയം മദ്യ ലൈസൻസിന് അർഹതയില്ലാത്തവർക്ക് അനുകൂലമുളളതായിരുന്നുവെന്ന് അന്വേഷണ ഏജൻസികൾ ആരോപിച്ചു. എന്നാൽ, ഡൽഹി സർക്കാരും സിസോദിയയും ഈ നടപടികൾ നിഷേധിക്കുകയും, പുതിയ നയം സംസ്ഥാനത്തിന്റെ എക്സൈസ് വരുമാനത്തിൽ വർദ്ധനവുണ്ടാക്കുമെന്നും പറഞ്ഞു.


Read Previous

പാര്‍ട്ടി ഫണ്ട് സംബന്ധിച്ച വിവരങ്ങള്‍ അറിയാന്‍ വോട്ടര്‍മാര്‍ക്ക് അവകാശമില്ല: കേന്ദ്രം സുപ്രീം കോടതിയോട്

Read Next

തലയിൽ കെട്ടും കൈയിൽ അരിവാളുമായി രാഹുൽ ഗാന്ധി ഛത്തീസ്ഗഡിലെ നെൽ വയലിൽ

Leave a Reply

Your email address will not be published. Required fields are marked *

Most Popular