സിറിയന്‍ സയാമിസ് ഇരട്ടകളായ ബസ്സാമിനെയും ഇഹ്‌സാനെയും വേര്‍പ്പെടുത്താനുള്ള ശസ്ത്രക്രിയ ഇന്ന് നടക്കും .


റിയാദ് : ഉടല്‍ ഒട്ടിപ്പിടിച്ച നിലയില്‍ പിറന്നുവീണ സിറിയന്‍ സയാമിസ് ഇരട്ടകളായ ബസ്സാമിനെയും ഇഹ്‌സാനെയും വേര്‍പ്പെടുത്താനുള്ള ശസ്ത്രക്രിയ ഇന്ന് നടക്കും . തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെ നിര്‍ദേശാനുസരണമാണ് ശസ്ത്രക്രിയക്കായി സിറിയന്‍ സയാമിസ് ഇരട്ടകളെ നേരത്തെ സൗദിയിലെത്തിച്ചത്.

റിയാദില്‍ നാഷണല്‍ ഗാര്‍ഡിനു കീഴിലെ കിംഗ് അബ്ദുല്‍ അസീസ് മെഡിക്കല്‍ സിറ്റി കിംഗ് അബ്ദുല്ല ചില്‍ഡ്രന്‍സ് സ്‌പെഷ്യലിസ്റ്റ് ആശുപത്രിയില്‍ റോയല്‍ കോര്‍ട്ട് ഉപദേഷ്ടാവും കിംഗ് സല്‍മാന്‍ ഹ്യുമാനിറ്റേറിയന്‍ എയിഡ് ആന്റ് റിലീഫ് സെന്റര്‍ സൂപ്പര്‍വൈസര്‍ ജനറലുമായ ഡോ. അബ്ദുല്ല അല്‍റബീഅയുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘമാണ് കുട്ടികള്‍ക്ക് വേര്‍പ്പെടുത്തല്‍ ശസ്ത്രക്രിയ നടത്തുക.

അഞ്ചു ഘട്ടങ്ങളായി നടത്തുന്ന ഓപ്പറേഷന്‍ ഒമ്പതര മണിക്കൂര്‍ നീണ്ടുനില്‍ക്കുമെന്ന് സയാമിസ് ഇരട്ടകള്‍ക്ക് വേര്‍പ്പെടുത്തല്‍ ശസ്ത്രക്രിയകള്‍ നടത്തുന്ന മെഡിക്കല്‍ സംഘം ലീഡര്‍ കൂടിയായ ഡോ. അബ്ദുല്ല അല്‍റബീഅ പറഞ്ഞു. കണ്‍സള്‍ട്ടന്റുമാരും സ്‌പെഷ്യലിസ്റ്റുകളും പാരാമെഡിക്കല്‍ സ്റ്റാഫും അടക്കം 26 അംഗ മെഡിക്കല്‍ സംഘം ഓപ്പറേഷനില്‍ പങ്കാളിത്തം വഹിക്കും.

സൗദി അറേബ്യ അയച്ച എയര്‍ ആംബുലന്‍സില്‍ മെയ് 22 ന് തുര്‍ക്കിയില്‍ നിന്നാണ് സിറിയന്‍ സയാമിസ് ഇരട്ടകളെയും മാതാപിതാക്കളെയും റിയാദിലെത്തിച്ചത്. 32 മാസം പ്രായമുള്ള കുട്ടികള്‍ക്ക് ആകെ 19 കിലോ ഭാരമുണ്ട്. കുട്ടികളുടെ നെഞ്ചിന്റെ അടി ഭാഗവും വയറും കരളും കുടലുകളും ഒട്ടിപ്പിടിച്ച നിലയിലാണ്. സയാമിസ് ഇരട്ടകളില്‍ പെട്ട ഇഹ്‌സാന് വൃക്കകളും മൂത്രാശയങ്ങളും പുരുഷ പ്രത്യുല്‍പാദന അവയവങ്ങളും ഇല്ല.

കൂടാതെ ഹൃദയത്തില്‍ ജന്മനാ വലിയ വൈകല്യവുമുണ്ട്. അതുകൊണ്ടു തന്നെ ഇഹ്‌സാന്‍ ജീവനോടെ ബാക്കിയാകാന്‍ സാധ്യത തുലോം കുറവാണ്. ബസ്സാമിന്റെ ജീവന്‍ നിലനിര്‍ത്താന്‍ ആഗ്രഹിച്ചാണ് കുട്ടികള്‍ക്ക് വേര്‍പ്പെടുത്തല്‍ ശസ്ത്രക്രിയ നടത്താന്‍ മെഡിക്കല്‍ സംഘം തീരുമാനിച്ചത്. ആന്തരീകാവയവങ്ങള്‍ പൂര്‍ണമല്ലാത്ത തിനാലും ഹൃദയത്തില്‍ വലിയ തകരാറുകളുള്ളതിനാലും ഇഹ്‌സാന് ജീവിക്കാന്‍ കഴിയില്ല. സയാമിസ് ഇരട്ടകള്‍ക്ക് സൗദി അറേബ്യ നടത്തുന്ന 58-ാമത്തെ വേര്‍പ്പെടു ത്തല്‍ ശസ്ത്രക്രിയയാണിതെന്നും ഡോ. അബ്ദുല്ല അല്‍റബീഅ പറഞ്ഞു.


Read Previous

റിയാദ് കെഎംസിസി പ്രവാസി കുടുംബ സുരക്ഷാ പദ്ധതി വിജയകരമായ അഞ്ചാം വർഷത്തിലേക്ക്

Read Next

മഹാരാഷ്ട്ര എന്‍സിപിയില്‍ വിവാദം കത്തുന്നു: 83 വയസായി, ശരദ് പവാര്‍ വിരമിക്കാറിയില്ലേയെന്ന് അജിത് പവാറിന്റെ ചോദ്യം ; മറുപടിയുമായി സുപ്രിയ സുലെ

Leave a Reply

Your email address will not be published. Required fields are marked *

Most Popular