കുറ്റക്കാരനാണെന്നത് കൂടി സ്‌റ്റേ ചെയ്യണം; മുഹമ്മദ് ഫൈസല്‍ സുപ്രീംകോടതിയില്‍


ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രി പിഎം സെയ്ദിന്റെ മരുമകന്‍ മുഹമ്മദ് സാലിഹിനെ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യം തള്ളിയ ഹൈക്കോടതി വിധിക്കെതിരെ മുന്‍ ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസല്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കി. ശിക്ഷ സ്റ്റേ ചെയ്‌തെ ങ്കിലും കുറ്റക്കാരനാണെന്നത് ഹൈക്കോടതി മരവിപ്പിച്ചിരുന്നില്ല. ഇതിനെ തുടര്‍ന്ന് മുഹമ്മദ് ഫൈസലിനെ വീണ്ടും എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയിരുന്നു. കുറ്റക്കാരനാണെന്നത് കൂടി സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടാണ് മുഹമ്മദ് ഫൈസല്‍ സുപ്രീംകോടതിയെ സമീപിച്ചത്. കുറ്റക്കാരനാണെന്നത് കൂടി സ്റ്റേ ചെയ്താലേ ഫൈസലിന്റെ അയോഗ്യത നീങ്ങൂ.

മുഹമ്മദ് ഫൈസലിനുവേണ്ടി അഭിഭാഷകന്‍ കെ ആര്‍ ശശി പ്രഭുവാണ് സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയത്. ഫൈസലിന് വേണ്ടി സുപ്രീംകോടതിയില്‍ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ ഹാജരാകും. ഈ മാസം ഒന്‍പതിനാണ് ഹര്‍ജി പരിഗണിക്കുന്നത്. 

ഹൈക്കോടതി വിധി ഉദ്ധരിച്ചാണ് കഴിഞ്ഞദിവസം ലോക്സഭാ സെക്രട്ടേറിയേറ്റ് മുഹമ്മദ് ഫൈസലിനെ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കി വിജ്ഞാപനമിറക്കിയത്. ഇത് രണ്ടാം വട്ടമാണ് മുഹമ്മദ് ഫൈസലിനെ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കുന്നത്. വധശ്രമക്കേസില്‍ കവരത്തി കോടതി ശിക്ഷ വിധിച്ചതോടെയായിരുന്നു ആദ്യം അയോഗ്യനാക്കപ്പെട്ടത്. പിന്നീട് മുഹമ്മദ് ഫൈസല്‍ സുപ്രീം കോടതിയെ സമീപിച്ച് ശിക്ഷാ വിധിക്ക് സ്റ്റേ നേടി. ഇതിന് ശേഷം എംപി സ്ഥാനം പുനഃസ്ഥാപിച്ചു. കേസ് പിന്നീട് ഹൈക്കോടതിയുടെ പരിഗണനയില്‍ വരികയായിരുന്നു.

വധശ്രമ കേസില്‍ മുഹമ്മദ് ഫൈസലിനെതിരെ പ്രഥമദൃഷ്ട്യ തെളിവുകള്‍ ഉണ്ടെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതിയുടെ നടപടി. കുറ്റക്കാരനാണെന്നു കണ്ടെ ത്തിയ ഉത്തരവ് സ്റ്റേ ചെയ്യണമെന്നും ശിക്ഷ നടപ്പാക്കുന്നത് മരവിപ്പിക്കണമെന്നു മായിരുന്നു ഫൈസലിന്റെ ആവശ്യം. കേസില്‍ കവരത്തി സെഷന്‍സ് കോടതി വിധിച്ച പത്തുവര്‍ഷം തടവുശിക്ഷ നടപ്പാക്കുന്നതു മരവിപ്പിച്ചെങ്കിലും കുറ്റക്കാരനാ ണെന്നു കണ്ടെത്തിയ ഉത്തരവ് സ്റ്റേ ചെയ്യാന്‍ ജസ്റ്റിസ് എന്‍ നഗരേഷ് തയാറായില്ല. ശിക്ഷാ വിധി സ്റ്റേ ചെയ്യാന്‍ ഹൈക്കോടതി തയ്യാറാകാതെ വന്നതോടെയാണ് ഇന്നലെ ലോക്‌സഭാ സെക്രട്ടേറിയേറ്റ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്.


Read Previous

വിജയമധുരം ആവര്‍ത്തിക്കുമോ?, മുറിവുണക്കുമോ?; ലോകകപ്പ് ക്രിക്കറ്റിന് ഇന്ന് തുടക്കം, ഇംഗ്ലണ്ട്- ന്യൂസിലന്‍ഡ് പോരാട്ടം

Read Next

ഗൂഢാലോചനയുണ്ടെങ്കില്‍ കണ്ടെത്തണം; മൂന്ന് മാസത്തിനുളളില്‍ അന്വേഷണം പൂര്‍ത്തിയാക്കണം; ബാലഭാസ്‌കറിന്റെ മരണത്തില്‍ തുടരന്വേഷണത്തിന് ഉത്തരവ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular