ഹൈറേഞ്ചിൽ സൈബർ തട്ടിപ്പിനിരയാകുന്നവരുടെ എണ്ണം വർധിക്കുന്നു; 2 ആഴ്ചയ്ക്കിടെ നഷ്ടം 40 ലക്ഷം


ചെറുതോണി: ഹൈറേഞ്ചിൽ സൈബർ തട്ടിപ്പിനിരയാകുന്നവരുടെ എണ്ണം വർധിക്കുന്നു. പാർട് ടൈം ജോലിചെയ്ത് പണം സമ്പാദിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തുന്നത്.

ഇത്തരത്തിൽ ഇടുക്കി സ്വദേശിനിക്ക് 25 ലക്ഷം രൂപയും മൂന്നാർ സ്വദേശിനിക്ക് 15 ലക്ഷംരൂപയും കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ നഷ്ടമായി. മലപ്പുറം സ്വദേശികളായ എട്ടുപേരെ രണ്ട് കേസുകളിലുമായി ഇടുക്കി സൈബർ പോലീസ് അറസ്റ്റുചെയ്തു. സൈബർ വിജ്ഞാനം നേടിയ സ്ത്രീകൾ ഉൾപ്പെടെയുള്ള യുവജനങ്ങളാണ് തട്ടിപ്പ് നടത്തുന്നത്. ഇരയാകുന്നതാകട്ടെ ഏറിയപങ്കും സ്ത്രീകളാണ്. 100 പേർ തട്ടിപ്പിനിരയാവുമ്പോൾ പരാതിപ്പെടുന്നത് വിരലിലെണ്ണാവുന്നവർ മാത്രമാണ്. മാനക്കേട് ഭയന്ന് തങ്ങൾക്കുണ്ടായ നഷ്ടംസഹിച്ച് ഇവർ കടക്കെണിയിലാവുന്നു. തട്ടിപ്പുകൾക്കെതിരേ ജനം ജാഗ്രതപാലിക്കണമെന്നാണ് പോലീസിന്റെ നിർദേശം.

പാർട് ടൈം ജോലിക്കെന്ന് പറഞ്ഞ് ഫോണിൽ ടെലഗ്രാം ആപ്പ് ഇൻസ്റ്റാൾ ചെയ്യിപ്പിച്ച് ഇതിലൂടെയാണ് സംഘം തട്ടിപ്പുനടത്തുന്നത്. തുടക്കത്തിൽ ആമസോണിലും ഫ്ളിപ്പ്കാർട്ടിലും മറ്റും സാധനങ്ങൾ സെർച്ച് ചെയ്താൽ മതി. വാങ്ങാതെ തന്നെ പണം നൽകാമെന്ന് പറയുന്ന തട്ടിപ്പുകാർ ആരംഭഘട്ടത്തിൽ ഇരകൾക്ക് ചെറിയ തുക നൽകും. ഇതിൽ ആകൃഷ്ടരാകുന്നവർക്ക് ഗെയിമുകളും മറ്റ് ടാസ്‌കുകളും നൽകും.

പ്രതിഫലമായി വൻ തുക വാലറ്റിൽ കാണിക്കും ചെറിയ തുക പിൻവലിക്കാൻ അവസരവും നൽകും. കോടികൾ വാലറ്റിൽ തങ്ങളുടെ പേരിൽ ബാലൻസ് ഉണ്ടെന്ന് കരുതി ഇരകൾ തട്ടിപ്പുകാരെ വിളിച്ച് പിൻവലിക്കാനുള്ള മാനദണ്ഡങ്ങൾ ചോദിക്കും. അപ്പോൾ തുക വലുതായതുകൊണ്ട് ആനുപാതികമായ നികുതി അടയ്ക്കണമെന്ന് ആവശ്യപ്പെടും. നികുതിയായി ലക്ഷങ്ങളാണ് ആവശ്യപ്പെടുന്നത്. വാലറ്റിലെ തുക പിൻവലിക്കാമെന്ന് മോഹിച്ച് കടം വാങ്ങിയും മറ്റും ലക്ഷങ്ങൾ ഇവർക്ക് നൽകുന്നതോടെ ഗെയിമിന് തിരശീലവീഴും. പിന്നീട് ഇവരെ വിളിച്ചാൽ കിട്ടില്ല. പണവുമായി മുങ്ങുന്നവർ പഴയ മൊബൈൽ നമ്പർ മാറ്റി പുതിയ നമ്പറുമായി അടുത്ത ഇരയെ തേടും.


Read Previous

ജ്യുവല്‍ എന്ന ചെറുപ്പക്കാരന്‍റെ നന്മ; ദാനമായി ലഭിച്ച കൈകളുയര്‍ത്തി, നന്ദി പറഞ്ഞ്, നിധി

Read Next

കരിമ്പുലിയുടെ ചിത്രം പകർത്തി; ടൂറിസ്റ്റ് ഗൈഡിനെതിരേ വനംവകുപ്പ് കേസെടുത്തു

Leave a Reply

Your email address will not be published. Required fields are marked *

Most Popular