ജ്യുവല്‍ എന്ന ചെറുപ്പക്കാരന്‍റെ നന്മ; ദാനമായി ലഭിച്ച കൈകളുയര്‍ത്തി, നന്ദി പറഞ്ഞ്, നിധി


കൊച്ചി: ഒന്നര മാസത്തിനു ശേഷം അമൃത ആശുപത്രിയില്‍നിന്ന് തിങ്കളാഴ്ച ഡിസ്ചാര്‍ജ് ആയി മടങ്ങുമ്പോള്‍ ഈറനണിഞ്ഞ കണ്ണുകളോടെ ദാനമായി ലഭിച്ച കൈകളുയര്‍ത്തി നിധി നന്ദി പറഞ്ഞു, തനിക്ക് കൈകള്‍ ദാനമായി നല്‍കിയ ജ്യുവല്‍ എന്ന ചെറുപ്പക്കാരനോട്, ആ കുടുംബത്തോട്, തനിക്ക് പുതുജീവിതം നല്‍കാന്‍ പ്രയത്‌നിച്ച ഡോക്ടര്‍മാരോട്…. ആശുപത്രിയിലെ ഡോക്ടര്‍മാരും ജീവനക്കാരും ചേര്‍ന്നൊരുക്കിയ ചടങ്ങില്‍ മധ്യപ്രദേശ് സ്വദേശിനി നിധി നായക് (23) ദാനമായി ലഭിച്ച കൈകള്‍ കൊണ്ട് കേക്ക് മുറിച്ച് എല്ലാവര്‍ക്കും നല്‍കി.

അമൃത ആശുപത്രിയില്‍ കഴിഞ്ഞ മാസമാണ് നിധിക്ക് കൈമാറ്റിവെക്കല്‍ ശസ്ത്രക്രിയ വിജയകരമായി നടത്തിയത്. രണ്ടുവര്‍ഷം മുന്‍പ് നിര്‍മാണത്തിലിരുന്ന സ്വന്തം വീടിന്റെ മുകള്‍ നിലയില്‍വെച്ച് വൈദ്യുതാഘാതമേറ്റാണ് നിധിയുടെ ഇരുകൈകളും നഷ്ടമായത്. ഭാവിജീവിതം എങ്ങനെയെന്ന് ആശങ്കപ്പെട്ടിരുന്ന സമയത്താണ് കൈമാറ്റിവെക്കല്‍ ശസ്ത്രക്രിയയെപ്പറ്റി അറിയുന്നതും അമൃത ആശുപത്രിയിലെത്തി ഇതിനായി രജിസ്റ്റര്‍ ചെയ്യുന്നതും.

ഫെബ്രുവരി മൂന്നിന് ബൈക്കപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരിക്കെ മസ്തിഷ്‌കമരണം സംഭവിച്ച മാള സ്വദേശി ജ്യുവല്‍ ജോഷി (23) യുടെ കൈകളാണ് നിധിക്ക് പുതുജീവനേകിയത്.

ജ്യുവലിന്റെ നേത്രപടലം, കരള്‍, വൃക്കകള്‍, ഹൃദയം എന്നിവയും ദാനംചെയ്തിരുന്നു. അമൃത ആശുപത്രിയിലെ പ്ലാസ്റ്റിക് ആന്‍ഡ് റീ കണ്‍സ്ട്രക്ടീവ് സര്‍ജറി വിഭാഗം ചെയര്‍മാന്‍ ഡോ. സുബ്രഹ്മണ്യ അയ്യരുടെ നേതൃത്വത്തിലുള്ള സംഘം 16 മണിക്കൂറോളം നീണ്ട ശസ്ത്രക്രിയയിലൂടെയാണ് കൈമാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തിയത്.


Read Previous

സിദ്ധാര്‍ഥന്‍റെ മരണം: സംഘടനാ നേതാവിന്‍റെ ബന്ധുവടക്കം രണ്ടുവിദ്യാര്‍ഥികളുടെ പേര് ഒഴിവാക്കി

Read Next

ഹൈറേഞ്ചിൽ സൈബർ തട്ടിപ്പിനിരയാകുന്നവരുടെ എണ്ണം വർധിക്കുന്നു; 2 ആഴ്ചയ്ക്കിടെ നഷ്ടം 40 ലക്ഷം

Leave a Reply

Your email address will not be published. Required fields are marked *

Most Popular