അരുണാചലിൽ ആത്മഹത്യ ചെയ്ത മലയാളികളുടെ അന്ധവിശ്വാസത്തിന്‍റെ തീവ്രത കണ്ട് ഞെട്ടി, പോലീസ് സംഘം


തിരുവനന്തപുരം: അരുണാചലിൽ ആത്മഹത്യ ചെയ്ത മലയാളികൾ വിചിത്രമായ വിശ്വാസങ്ങൾ വെച്ചുപുലർത്തിയിരുന്നുവെന്ന് വിവരം. മരിച്ച ആര്യയുടെ ലാപ്‌ടോപ് പരിശോധിച്ച പോലീസ് സംഘം ഇവർ ഉൾപ്പെടുന്ന സംഘം പ്രചരിപ്പിക്കുന്ന അന്ധവിശ്വാസത്തിന്റെ തീവ്രത കണ്ട് ഞെട്ടി. സയൻസ് ഫിക്ഷൻ സിനിമകളെ അനുസ്മരിപ്പിക്കുന്ന വിശ്വാസങ്ങളാണ് ഇവർ വെച്ചുപുലർത്തിയിരുന്നത്. ഭൂമിയിൽ നിന്ന് വംശനാശം സംഭവിച്ചുവെന്ന് ശാസ്ത്രം തെളിയിച്ച ദിനോസറുകൾ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്നാണ് ഇവർ വിശ്വസിക്കുന്നത്. പകരം ഭൂമിയിൽ നിന്ന് ഇവയെ മറ്റൊരു ഗ്രഹത്തിലേക്ക് മാറ്റിയെന്നാണ്. മാത്രമല്ല ഭൂമിയിലെ മനുഷ്യരെയും മൃഗങ്ങളെയും മറ്റ് ഗ്രഹങ്ങളിലേക്ക് മാറ്റുമെന്നും ഇവർ വിശ്വസിച്ചിരുന്നു.

മതപരമായ അന്ധവിശ്വാസങ്ങളും ദുർമന്ത്രവാദങ്ങളും കേരളത്തിന് സുപരിചിതമാണ്. എന്നാൽ ആര്യയുടെ ലാപ്‌ടോപ്പിൽ നിന്ന് ലഭിച്ച വിവരങ്ങൾ പോലീസിനെ ഞെട്ടിച്ചു. ആൻഡ്രോമിഡ എന്ന ഗാലക്‌സിയിൽ ഏതൊ ഒരു ഗ്രഹത്തിൽ മനുഷ്യവാസമുണ്ടെന്നും ഭാവിയിൽ ഭൂമിയിൽ നിന്ന് മനുഷ്യരെ മാറ്റുമെന്നും ആന്‌ഡ്രോമിഡ ഗാലക്‌സിയിൽ ഇപ്പോളും അന്യഗ്രഹ ജീവികൾ ഉണ്ടെന്നും ഇവർ വിശ്വസിക്കുന്നു. മിതി എന്ന് പറയുന്ന സാങ്കൽപിക കഥാപാത്രമാണ് വിവരങ്ങൾ നൽകിയത് എന്നുള്ള രീതിയിലുള്ള ചോദ്യോത്തര രീതിയിലുള്ള വിവരങ്ങളാണ് ആര്യയുടെ ലാപ്‌ടോപ്പിൽ നിന്ന് കിട്ടിയകത്.

ഇത് ഡാർക്ക് നെറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്തത് എന്നാണ് പോലീസ് കരുതുന്നത്. എന്നാൽ ഇത് ആര്യയ്ക്ക് മറ്റാരോ അയച്ച് കൊടുത്തതാണ്. ഇത് അയച്ച മെയിൽ ഐഡി പക്ഷെ നിവിന്റെ അല്ല എന്നാണ് പോലീസ് പറയുന്നത്. മറ്റൊരു പ്രോക്‌സി സെർവർ വഴിയാണ് മെയിലുകൾ അയച്ചത്. അയച്ച ആളിന് അജ്ഞാതമായി തുടരാൻ ആഗ്രഹിച്ചിരുന്നുവെന്ന് വ്യക്തം. ഒരുപക്ഷെ ആത്മഹത്യ ചെയ്ത നിവിൻ തന്നെയാകാം ആര്യയ്ക്ക് ഈ മെയിലുകൾ അയച്ചത് എന്നാണ് പോലീസ് കരുതുന്നത്. അല്ലെങ്കിൽ ഈ വിശ്വാസം വെച്ചുപുലർത്തുന്ന ഒരു സംഘം തന്നെ ഉണ്ടാകാമെന്നാണ് പോലീസിന്റെ നിഗമനം.

നിലവിൽ അരുണാചൽ പോലീസിന്റെ അന്വേഷണത്തിന് പുറമെ തിരുവനന്തപുരം കന്റോൺമെന്റ് പോലീസിന്റെ പ്രത്യേക അന്വേഷണ സംഘവും വിഷയത്തിൽ അന്വേഷണം നടത്തുന്നുണ്ട്. ആര്യയുടെ ലാപ്‌ടോപ്പിൽ പറയുന്ന രീതിയിൽ വിശ്വസിക്കുന്ന തരത്തിലുള്ള സംഘം രാജ്യത്ത് പ്രവർത്തിക്കുന്നുണ്ടോ എന്നാണ് പോലീസ് പ്രധാനമായും അന്വേഷിക്കുന്നത്. അരുണാചലിലെ സീറോ എന്ന സ്ഥലത്ത് തന്നെ പോയി ആത്മഹത്യ ചെയ്യാൻ കാരണമെന്താണെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. ഈ സ്ഥലത്ത് വെച്ച് പ്രത്യേക രീതിയിൽ മരണം വരിച്ചാൽ മറ്റൊരു ഗ്രഹത്തിൽ പുനർജന്മം കിട്ടുമെന്നുമുള്ള വിശ്വാസത്തിന് ഇവർ അടിമകളാണെന്നാണ് പോലീസിന്റെ നിഗമനം.

വിചിത്രമായ കോഡ് ഭാഷയിലാണ് ഇവർ ആശയവിനിമയം നടത്തിയിരുന്നത് എന്നാണ് പോലീസ് പറയുന്നു. അതിനൊപ്പം ഇത്തരം കോഡ് ഭാഷ ഉപയോഗിക്കാൻ കാരണം രഹസ്യമായി പ്രവർത്തിക്കുന്ന വിശ്വാസ സംഘം ആണോയെന്ന് പോലീസ് സംശയിക്കുന്നു. ഭൂമിയുൾപ്പെടുന്ന ക്ഷീരപഥമെന്ന് നമ്മൾ വിളിക്കുന്ന മിൽകിവേ ഗാലക്‌സിയുടെ ഏറ്റവും സമീപമുള്ള മറ്റൊരു ഗാലക്‌സിയാണ് ആൻഡ്രോമിഡ ഗാലക്‌സി. ഭൂമിയിൽ നിന്ന് 2.5 മില്ല്യൻ പ്രകാശ വർഷം അകലെയാണ് ഈ ഗാലക്‌സി. ഈ ഗാലക്‌സിയിൽ അന്യഗ്രഹ ജീവികൾ ഉണ്ടെന്നും അവർ മനുഷ്യരുമായി ബന്ധം സ്ഥാപിച്ചിട്ടുണ്ടെന്നും വാദിക്കുന്ന രേഖകളാണ് ലാപ്‌ടോപ്പിൽ നിന്ന് ലഭിക്കുന്നത്.


Read Previous

സൗദിയുടെ പുരോഗതിക്കൊപ്പം ലുലുവിന്റെ വിജയകരമായ പ്രയാണമെന്ന് എം.എ യൂസഫലി; ലുലുവിന്റെ സൗദിയിലെ 59 – മത്തെ സ്റ്റോർ ഉനൈസയില്‍ പ്രവര്‍ത്തനം ആരംഭിച്ചു.#Lulu’s 59th Saudi store opens in Unaisa

Read Next

അഴിമതിക്കാരെ വെളുപ്പിച്ചെടുക്കുന്ന വാഷിങ് മെഷീനാണ് BJP; കോണ്‍ഗ്രസ് പ്രചാരണം

Leave a Reply

Your email address will not be published. Required fields are marked *

Most Popular