കടുവകളെ നിശബ്ദരാക്കി; കൂറ്റന്‍ ജയവുമായി ദക്ഷിണാഫ്രിക്ക രണ്ടാമത്


ബംഗ്ലാദേശിനെ 149 റണ്‍സിന് തകർത്ത് ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ നാലാം ജയം സ്വന്തമാക്കി ദക്ഷിണാഫ്രിക്ക. ദക്ഷിണാഫ്രിക്ക ഉയർത്തിയ 383 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ബംഗ്ലാദേശിനായി മഹമ്മദുള്ള (111) മാത്രമാണ് പൊരുതിയത്. ജയത്തോടെ ന്യൂസിലന്‍ഡിനെ മറികടന്ന് പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്താനും പ്രോട്ടിയാസിനായി.

കൂറ്റന്‍ വിജയലക്ഷ്യം പിന്തുടരാനുള്ള ശ്രമങ്ങള്‍ പോലും ബംഗ്ലാദേശ് ബാറ്റർമാരില്‍ നിന്നുണ്ടായില്ല. മാർക്കൊ യാന്‍സന്‍, കഗിസൊ റബാഡ, ജെറാള്‍ഡ് കോറ്റ്സീ, ലീസാഡ് വില്യംസ് എന്നിവരടങ്ങിയ ദക്ഷിണാഫ്രിക്കന്‍ പേസ് നിര ഒരു ബാറ്ററെ പോലും നിലയുറപ്പിക്കാന്‍ വാങ്ക്ഡെയില്‍ അനുവദിച്ചതുമില്ല.

തന്‍സിദ് ഹസന്‍ (12), ലിറ്റണ്‍ ദാസ് (22), നജ്മുള്‍ ഷാന്റൊ (0), ഷാക്കിബ് അല്‍ ഹസന്‍ (1), മുഷ്ഫിഖുർ റഹീം (8) എന്നിവർ 15 ഓവറിനുള്ളില്‍ തന്നെ പവലിയനില്‍ തിരിച്ചെത്തി. മഹമ്മദുള്ള പിന്നീട് നടത്തിയ ചെറുത്തു നില്‍പ്പാണ് ബംഗ്ലാദേശിനെ തോല്‍വി ഭാരം അല്‍പ്പെമെങ്കിലും കുറച്ചത്.

മെഹിദി ഹസനുമായി ചേർന്ന് 23 റണ്‍സും നാസും അഹമദിനെ കൂട്ടുപിടിച്ച് 41 റണ്‍സും മഹമ്മദുള്ള കണ്ടെത്തി. അർദ്ധ സെഞ്ചുറി പിന്നിട്ടതോടെ ദക്ഷിണാഫ്രിക്കന്‍ പേസ് നിരയ്ക്കെതിരെ അനായാസം ബാറ്റ് വീശാന്‍ മഹമ്മദുള്ളയ്ക്ക് കഴിഞ്ഞിരുന്നു. എന്നാല്‍ മറുവശത്ത് പിന്തുണയ്ക്കാനാളില്ലാതെ പോയതാണ് തിരിച്ചടിയായത്.

ഒന്‍പതാം വിക്കറ്റില്‍ മുസ്തഫിസൂറിനൊപ്പം ചേർന്ന് ബംഗ്ലാദേശ് സ്കോർ 200 കടത്താനും മഹമ്മദുള്ളയ്ക്കായി. 104 പന്തില്‍ വലം കയ്യന്‍ ബാറ്റർ സെഞ്ചുറി തികയ്ക്കുകയും ചെയ്തു. 111 പന്തില്‍ 111 റണ്‍സെടുത്ത മഹമ്മദുള്ള 46-ാം ഓവറിലാണ് പുറത്തായത്. 11 ഫോറും നാല് സിക്സും താരത്തിന്റെ ഇന്നിങ്സില്‍ ഉള്‍പ്പെട്ടു. 233 റണ്‍സിനാണ് ബംഗ്ലാദേശ് ഇന്നിങ്സ് അവസാനിച്ചത്

ദക്ഷിണാഫ്രിക്കയ്ക്കായി കോറ്റ്സീ മൂന്നും മാർക്കൊ യാന്‍സന്‍ കഗീസൊ റബാഡ, വില്യംസ് എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. നേരത്തെ 174 റണ്‍സെടുത്ത ക്വിന്റണ്‍ ഡി കോക്കിന്റെ പ്രകടനമാണ് ദക്ഷിണാഫ്രിക്കയ്ക്ക് കൂറ്റന്‍ സ്കോർ സമ്മാനിച്ചത്. 49 പന്തില്‍ 90 റണ്‍സെടുത്ത ഹെന്‍ട്രിച്ച് ക്ലാസനും തിളങ്ങി.


Read Previous

ലോകത്ത് ആദ്യമായി ഇ-സ്പോർട്സ് ലോകകപ്പ് പ്രഖ്യാപിച്ച് സൗദി; ചടങ്ങിൽ മുഖ്യാതിഥിയായി ക്രിസ്റ്റ്യാനോ റൊണാൾഡോ പങ്കെടുത്തു.

Read Next

ജറുസലേമിലെ അൽ-അഖ്‌സ പള്ളി അടച്ച് പൂട്ടി; പള്ളിയിലേക്ക് മുസ്‍ലിംങ്ങൾക്കുള്ള പ്രവേശനം തടഞ്ഞ് ഇസ്രയേൽ, ജൂത മത വിശ്വാസികൾക്ക് പ്രാർത്ഥന നടത്താൻ സൈന്യം അനുവാദം നൽകിയതായി ഇസ്ലാമിക് വഖഫ് വകുപ്പിനെ ഉദ്ധരിച്ച് ഫലസ്തീൻ സ്റ്റേറ്റ് ന്യൂസ് ഏജൻസി (WAFA)

Leave a Reply

Your email address will not be published. Required fields are marked *

Most Popular